Daily Readings for Thursday May 24,2018

Reading 3, ഹെബ്രാ 8: 7-13 : ക്രിസ്തു പുതിയ ഉടമ്പടിയുടെമധ്യസ്ഥന്‍

ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിന് ഇടമന്വേഷിക്കേണ്ടിവരുമായിരുന്നില്ല. അവിടന്ന് അവരെ കുറ്റപ്പെടുത്തിക്കൊണ്ടു പറയുന്നു: കര്‍ത്താവ് അരുള്‍ചെയ്യുന്നു, ഇതാ, ഇസ്രായേല്‍ഭവനവും യൂദാഭവനവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി പൂര്‍ത്തിയാക്കു ന്ന ദിവസങ്ങള്‍ വരുന്നു. ആ ഉടമ്പടി, അവരുടെ പിതാക്കന്‍മാരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ ഞാന്‍ അവരെ കൈപിടിച്ചു നടത്തി യ ആ ദിവസം അവരുമായി ചെയ്ത ഉടമ്പടി പോലെയല്ല. എന്തെന്നാല്‍, കര്‍ത്താവ് അരുള്‍ചെയ്യുന്നു: അവര്‍ എന്‍റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ഗൗനിച്ചില്ല. കര്‍ത്താവ് അരുള്‍ചെയ്യുന്നു, ആ ദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്‍െറ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ കൊണ്ടുവരും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും; അവര്‍ എനിക്കു ജനവും. ആരും തന്‍െറ സഹപൗരനെയോ സഹോദരനെയോ കര്‍ത്താവിനെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരില്‍ ഏറ്റവും ചെറിയവന്‍ മുതല്‍ ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെ അറിയും. കാരണം, അവരുടെ അകൃത്യങ്ങളില്‍ ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല. പുതിയത് എന്നു പറയുന്നതിലൂടെ, ആദ്യത്തേത് അവന്‍ കാലഹരണപ്പെടുത്തിയിരിക്കുന്നു. കാലഹരണപ്പെട്ടതും പഴക്കംചെന്നതുമാകട്ടെ, നാശോന്മുഖമാണല്ലോ.


Gospel, യോഹ 2: 13-25 : യേശു ദേവാലയം ശുദ്ധീകരിക്കുന്നു

യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ ഈശോ ജറുസലേമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ ചരടുകൊണ്ട് ചാട്ടയുണ്ടാക്കി അവയെയെല്ലാം, ആടുകളെയും കാളകളെയും, ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകള്‍ വില്ക്കുന്നവരോട് അവന്‍ പറഞ്ഞു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്‍റെ പിതാവിന്‍റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടത്തെ ഭവന ത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്‍റെ ശിഷ്യന്‍മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോടു ചോദിച്ചു: ഇവ ചെയ്യുന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുന്നത്? ഈശോ മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. അപ്പോള്‍ യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയാന്‍ നാല്പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ? എന്നാല്‍, അവന്‍ പറഞ്ഞത് തന്‍റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്‍റെ ശി ഷ്യന്‍മാര്‍ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍ക്കുകയും അങ്ങനെ, ലിഖിതവും ഈശോ പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു. പെസഹാത്തിരുനാളിന് അവന്‍ ജറുസലേമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് ഏറെപ്പേര്‍ അവന്‍റെ നാമത്തില്‍ വിശ്വസിച്ചു. ഈശോയാകട്ടെ, അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു. മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമായിരുന്നില്ല;  കാരണം,  മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍ അറിഞ്ഞിരുന്നു.



Back to Top

Never miss an update from Syro-Malabar Church