Daily Readings for Wednesday May 02,2018

Reading 3, കൊളോ 3: 5-11 : ജീവിതത്തിനു നിയമങ്ങള്‍

5 : അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്‍മാര്‍ഗികത, അശുദ്ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം - നശിപ്പിക്കുവിന്‍.  
6 : ഇവനിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു.  
7 : നിങ്ങളും ഒരിക്കല്‍ അവയ്ക്കനുസൃതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്തിരുന്നു.  
8 : ഇപ്പോള്‍ അവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം തുടങ്ങിയവ വര്‍ജിക്കുവിന്‍.  
9 : പരസ്പരം കള്ളംപറയരുത്. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്‌കാസനംചെയ്യുവിന്‍.  
10 : സമ്പൂര്‍ണജ്ഞാനം കൊണ്ടുസ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍.  
11 : ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്. 


Gospel, യോഹ 3: 1-8 : യേശുവും നിക്കൊദേമോസും

ഫരിസേയരില്‍ നിക്കൊദേമോസ് എന്നുപേരുള്ള ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു. അവന്‍ രാത്രി ഈശോയുടെ അടുത്തുവന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും അങ്ങു ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. ഈശോ അവനോടു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. നിക്കൊദേമോസ് അവനോടു ചോദിച്ചു: പ്രായമായ ഒരു മനുഷ്യന് എങ്ങനെ ജനിക്കാന്‍ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കാന്‍ കഴിയുമോ? ഈശോ പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതു

പോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏതു വ്യക്തിയും.


Back to Top

Never miss an update from Syro-Malabar Church