Daily Readings for Wednesday May 16,2018

ഉയിര്‍പ്പുകാലം

ശിഷ്യന്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു

Reading 3, യോഹ 1 4: 12-21 : ദൈവം സ്‌നേഹമാണ്

ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍,  നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടത്തെ സ്നേഹം നമ്മില്‍ പരിപൂര്‍ണമാകുകയും ചെയ്യും. ദൈവം തന്‍റെ ആത്മാവില്‍നിന്ന് നമുക്കു തന്നിരിക്കുന്നതിനാല്‍ നാം അവനിലും അവന്‍ നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു. പിതാവ് തന്‍റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങള്‍ കാണുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഈശോ ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു. ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിന് സ്നേഹം നമ്മില്‍ പരിപൂര്‍ണമായിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു. സ്നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്നേഹം ഭയം ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ പരിപൂര്‍ണനായിട്ടില്ല. ആദ്യം അവിടന്ന് നമ്മെ സ്നേഹിച്ചു. അതിനാല്‍, നാമും അവിടത്തെ സ്നേഹിക്കുന്നു. ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍, അവന്‍ കള്ളംപറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല. അവനില്‍ നിന്ന് ഈ കല്പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്നേഹിക്കുന്നവന്‍ തന്‍റെ സഹോദരനെയും സ്നേഹിക്കണം.


Gospel, യോഹ 17: 1-5 : ശിഷ്യന്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു

ഇവ പറഞ്ഞശേഷം ഈശോ സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു: പിതാവേ, സമയം വന്നിരിക്കുന്നു; പുത്രന്‍ അവിടത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്ത്വപ്പെടുത്തണമേ. എന്തെന്നാല്‍, അവിടന്ന് അവനു നല്കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ പ്രദാനം ചെയ്യേണ്ടതിന് എല്ലാവരുടെയുംമേല്‍ അവിടന്ന് അവന് അധികാരം കൊടുത്തിരിക്കുന്നുവല്ലോ. ഇതാണ് നിത്യജീവന്‍: ഏകസത്യദൈവമായ അവിടത്തെയും അങ്ങ് അയച്ച ഈശോമിശിഹായെയും അവര്‍ അറിയുക. അവിടന്ന് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടത്തെ ഞാന്‍ മഹത്ത്വപ്പെടുത്തി. ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടത്തോടുകൂടെയുണ്ടായിരുന്ന മഹത്ത്വത്താല്‍ ഇപ്പോള്‍ അവിടത്തെ സന്നിധിയില്‍ എന്നെ മഹത്ത്വപ്പെടുത്തണമേ.


Back to Top

Never miss an update from Syro-Malabar Church