Daily Readings for Monday May 14,2018

Reading 3, 2 തെസ 2: 13-17 : സ്ഥിരതയോടെ നില്‍ക്കുക

കര്‍ത്താവിന്‍റെ പ്രിയപ്പെട്ട സഹോദരരേ, ആത്മാവുമുഖേനയുള്ള വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നതി നാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍  കടപ്പെട്ടിരിക്കുന്നു. നമ്മുടെ കര്‍ത്താവായ ഈശോമിശി ഹായുടെ മഹത്ത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടന്ന് നിങ്ങളെ വിളിച്ചു. അതിനാല്‍, സഹോദരരേ, ഞങ്ങളുടെ വചനം മുഖേനയോ കത്തു മുഖേനയോ നിങ്ങള്‍ പഠിച്ചിട്ടുള്ള പാരമ്പര്യങ്ങള്‍ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്ക്കുകയും ചെയ്യുവിന്‍. നമ്മുടെ  കര്‍ത്താവായ  ഈശോമിശിഹായും നമ്മെ  സ്നേഹിക്കുകയും നമുക്കു കൃപയാല്‍ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ നല്ല പ്രവൃത്തിയിലും വചനത്തിലും സ്ഥിരപ്പെടുത്തുകയും ചെയ്യട്ടെ.


Gospel, യോഹ 4: 3-15 : യേശുവും സമരിയാക്കാരിയും

ഈശോ യൂദയാവിട്ട് വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു. അവന് സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു. സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവന്‍ എത്തി. യാക്കോബ് തന്‍റെ മകന്‍ യൗസേപ്പിനു നല്കിയ വയലിനടുത്താണ് ഈ പട്ടണം. യാക്കോബിന്‍റെ കിണര്‍ അവിടെയാണ്. യാത്രചെയ്തു ക്ഷീണിച്ച ഈശോ ആ കിണറിന്‍റെ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാംമണിക്കൂറായിരുന്നു. ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. ഈശോ അവളോട്, എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു. അവന്‍റെ ശിഷ്യന്‍മാരാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു. ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോട് കുടിക്കാന്‍ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മില്‍  സമ്പര്‍ക്കമൊന്നുമില്ലല്ലോ. ഈശോ  അവളോടു പറഞ്ഞു:  ദൈവത്തിന്‍റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു. അവള്‍ പറഞ്ഞു: പ്രഭോ, വെള്ളം കോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്നു കിട്ടും? ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്‍റെ മക്കളും കന്നുകാലികളും  ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്. ഈശോ അവളോടു മറുപടി പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ആര്‍ക്കും വീണ്ടും ദാഹിക്കും. എന്നാല്‍, ഞാന്‍ നല്കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല. മറിച്ച്, ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും. അവള്‍ അവനോടു പറഞ്ഞു: പ്രഭോ, ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടാ.


Back to Top

Never miss an update from Syro-Malabar Church