Daily Readings for Friday April 06,2018

April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 1, ഡാനി 3:25-31 : തീച്ചൂളയിൽ 3 യുവാക്കൾ ദൈവത്തെ മഹത്വപ്പെടുത്തുന്നു

25 : അതേ, രാജാവേ, അവര്‍ പറഞ്ഞു. രാജാവ് പറഞ്ഞു: എന്നാല്‍, അഗ്‌നിയുടെ നടുവില്‍ ബന്ധനം കൂടാതെ നാലുപേര്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്ക് ഒരുപദ്രവവും ഏറ്റിട്ടില്ല; നാലാമത്തവന്‍ കാഴ്ചയില്‍ ദേവകുമാരനെപ്പോലെയിരിക്കുന്നു.  

26 : ജ്വലിക്കുന്നതീച്ചൂളയുടെ വാതില്‍ക്കലെത്തി നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, അത്യുന്നതനായ ദൈവത്തിന്റെ ദാസന്‍മാരായ നിങ്ങള്‍ പുറത്തുവരുവിന്‍. 

27 : അവര്‍ അഗ്‌നിയില്‍ നിന്നു പുറത്തുവന്നു. പ്രധാനദേശാധിപന്‍മാരും സ്ഥാനപതികളും നാടുവാഴികളും രാജാവിന്റെ ഉപദേശകരും വന്നുകൂടുകയും ആ മൂവരുടെയുംമേല്‍ അഗ്‌നിക്ക് ഒരു ശക്തിയും ഉണ്ടായിരുന്നില്ലെന്നു കാണുകയും ചെയ്തു. അവരുടെ തലമുടി കരിയുകയോ വസ്ത്രത്തിനു കേടുപറ്റുകയോ, അവര്‍ക്കു തീയുടെ ഗന്ധം ഏല്‍ക്കുകയോ ചെയ്തില്ല.  

28 : നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്കിന്റെയും മെഷാക്കിന്റെയും അബെദ്‌നെഗോയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ! സ്വന്തം ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിനെക്കാള്‍ സ്വശരീരങ്ങളെ പീഡനത്തിനു വിട്ടുകൊടുക്കുന്നതിനും രാജകല്‍പനയെപ്പോലും അവഗണിക്കുന്നതിനും തക്കവിധം, തന്നില്‍ ആശ്രയിച്ച തന്റെ ദാസന്‍മാരെ അവിടുന്ന് സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചുവല്ലോ.   

29 : അതുകൊണ്ട് ഞാനിതാ ഒരു കല്‍പന പുറപ്പെടുവിക്കുന്നു: ഷദ്രാക്കിന്റെയും മെഷാക്കിന്റെയും അബെദ്‌നെഗോയുടെയും ദൈവത്തിനെതിരേ എന്തെങ്കിലും പറയുന്ന ജനതകളെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണമായി ചീന്തിക്കളയും; അവരുടെ ഭവനങ്ങള്‍ നിലംപരിചാക്കും; എന്തെന്നാല്‍, ഈ വിധത്തില്‍ രക്ഷിക്കാന്‍ കഴിവുള്ള വേറൊരു ദേവനില്ല.  

30 : രാജാവ് ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ബാബിലോണ്‍ പ്രവിശ്യയില്‍ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചു. 


Reading 2, അപ്പൊ 6:8-15 : സ്തെഫനോസ് ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നു

8 : സ്‌തേഫാനോസ് കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു.  

9 : കിറേനേക്കാരും അലക്‌സാണ്‍ ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്ര ന്‍മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്‌തേഫാനോസിനോട് വാദപ്രതിവാദത്തിലേര്‍പ്പെട്ടു.  

10 : എന്നാല്‍, അവന്റെ സംസാരത്തില്‍വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.  

11 : അതുകൊണ്ട്, അവര്‍ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളില്‍ ചിലര്‍ പറഞ്ഞു: അവന്‍ മോശയ്ക്കും ദൈവത്തിനും എതിരായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു.   

12 : അവര്‍ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച്‌ന്യായാധിപസംഘത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു.  

13 : കള്ളസാക്ഷികള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതില്‍നിന്ന് ഒരിക്കലും വിരമിക്കുന്നില്ല.   

14 : നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നല്‍കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയും ചെയ്യുമെന്ന് ഇവന്‍പ്രസ്താവിക്കുന്നതു ഞങ്ങള്‍ കേട്ടു. 

15 : സംഘത്തിലുണ്ടായിരുന്നവര്‍ അവന്റെ നേരേ സൂക്ഷിച്ചുനോക്കി. അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു.


Reading 3, ഹെബ്രാ 11:3-10 : വിശ്വാസത്തിനു സാക്ഷ്യം വഹിച്ച പൂർവികർ

3 : ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.  

4 : വിശ്വാസം മൂലം ആബേല്‍ കായേന്‍േറതിനെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച കാഴ്ചകളെക്കുറിച്ചു ദൈവം തന്നെ സാക്ഷ്യം നല്‍കി.   

5 : അവന്‍ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. വിശ്വാസംമൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടുമില്ല.  

6 : അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ് താന്‍ ദൈവത്തെപ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.  

7 : വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്ന റിയിപ്പുകൊടുത്തപ്പോള്‍, തന്റെ വീട്ടുകാരുടെ രക്ഷയ്ക്കുവേണ്ടി ഭയഭക്തിയോടെപെട്ടകം നിര്‍മിച്ചത്. ഇതുമൂലം അവന്‍ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്തില്‍ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്തു.  

8 : വിശ്വാസംമൂലം അബ്രാഹം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ് അവന്‍ പുറപ്പെട്ടത്.  

9 : വിശ്വാസത്തോടെ അവന്‍ വാഗ്ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത് അവന്‍ കൂടാരങ്ങളില്‍ താമസിച്ചു.  

10 : ദൈവം സംവിധാനം ചെയ്തതും നിര്‍മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു.


Gospel, മത്തായി10:26-33 : നിര്‍ഭയം സാക്ഷ്യം നല്കുക

നിര്‍ഭയം സാക്ഷ്യം നല്‍കുക
(ലൂക്കാ 12: 212: 9 )

26 നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ , എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.27 അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍.28 ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ , മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.29 ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.30 നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.31 അതിനാല്‍, ഭയപ്പെടേണ്ടാ . നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.32 മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.33 മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.


Back to Top

Never miss an update from Syro-Malabar Church