Daily Readings for Wednesday April 04,2018

April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 1, ഏശയ്യാ 61: 10-62: 5 : സീയോന്റെ ഭാസുരഭാവി

10 : ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍ പുഷ്പമാല്യമണിയുന്നതുപോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു. 

11 : മണ്ണില്‍ മുള പൊട്ടി വരുന്നതുപോലെയും തോട്ടത്തില്‍ വിത്തു മുളയ്ക്കുന്നതുപോലെയും ജനതകളുടെ മുന്‍പില്‍ നീതിയും സ്തുതിയും ഉയര്‍ന്നുവരാന്‍ കര്‍ത്താവ് ഇടയാക്കും. 

ഏശയ്യാ 62

1 : സീയോന്റെ ന്യായം പ്രഭാതംപോലെയും ജറുസലെമിന്റെ രക്ഷ ജ്വലിക്കുന്ന പന്തം പോലെയും പ്രകാശിക്കുന്നതുവരെ അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല. 

2 : ജനതകള്‍ നിന്റെ നീതികരണവും രാജാക്കന്‍മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും. കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും. 

3 : കര്‍ത്താവിന്റെ കൈയില്‍ നീ മനോഹരമായ ഒരു കിരീടമായിരിക്കും; നിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയ മകുടവും. 

4 : പരിത്യക്തയെന്നു നീയോ, വിജനം എന്നു നിന്റെ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്റെ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍, കര്‍ത്താവ് നിന്നില്‍ ആനന്ദം കൊള്ളുന്നു; നിന്റെ ദേശം വിവാഹിതയാകും. 

5 : യുവാവ് കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.


Reading 2, അപ്പ. പ്രവ 4: 23-31 : പ്രാര്‍ഥനയിലൂടെ ശക്തി നേടുന്ന വിശ്വാസികൾ

23 : മോചിതരായ അവര്‍ സ്വസമൂഹത്തി ലെത്തി പുരോഹിതപ്രമുഖന്‍മാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങള്‍ അവരെ അറിയിച്ചു. 

24 : അതുകേട്ടപ്പോള്‍ അവര്‍ ഏക മനസ്‌സോടെ ഉച്ചത്തില്‍ ദൈവത്തോടപേക്ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്ടാവേ, 

25 : ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്ധാത്മാവു മുഖേന അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: വിജാതീയര്‍ രോഷാകുലരായതെന്തിന്? ജനങ്ങള്‍ വ്യര്‍ഥ മായ കാര്യങ്ങള്‍ വിഭാവനം ചെയ്തതുമെന്തിന്? 

26 : കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുകയും അധികാരികള്‍ ഒരുമിച്ചുകൂടുകയും ചെയ്തു. 

27 : അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തില്‍ ഒരുമിച്ചുകൂടി. 

28 : അവിടുത്തെ ശക്തിയും ഹിതവും അനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ നിറവേറുന്നതിനുവേണ്ടിയാണ് അവര്‍ ഇപ്രകാരം ചെയ്തത്. 

29 : അതിനാല്‍, കര്‍ത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ. 

30 : അവിടുത്തെ പരിശുദ്ധദാസ നായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ. 

31 : പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു. 


Reading 3, എഫേസോസ് 4: 1-6 : മിശിഹായിൽ ഐക്യപ്പെടുക

1 : കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ചവിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. 

2 : പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. 

3 : സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍. 

4 : ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീര വും ഒരു ആത്മാവുമാണുള്ളത്. 

5 : ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു. 

6 : സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം.


Gospel, യോഹ 15: 1-10 : മിശിഹായിൽ വസിക്കുക

1 : ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. 

2 : എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. 

3 : ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. 

4 : നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. 

5 : ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. 

6 : എന്നില്‍ വസിക്കാത്തവന്‍മുറിച്ച ശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു. 

7 : നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. 

8 : നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു. 

9 : പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍. 

10 : ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്‍പന കള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും.


Back to Top

Never miss an update from Syro-Malabar Church