Daily Readings for Tuesday April 03,2018

April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 1, ഏശയ്യാ 61: 1-9 : വിമോചനത്തിന്റെ സദ്വാര്‍ത്ത

1 : ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു.  

2 : ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.  

3 : സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനും വേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്പ മാല്യവും വിലാപത്തിനുപകരം ആനന്ദത്തിന്റെ തൈലവും തളര്‍ന്ന മനസ്‌സിനുപകരം സ്തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.  

4 : പണ്ടു നശിച്ചുപോയവ അവര്‍ വീണ്ടും നിര്‍മിക്കും; പൂര്‍വാവശിഷ്ടങ്ങള്‍ ഉദ്ധരിക്കും; നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ പുനരുദ്ധരിക്കും; തലമുറകളായി ഉണ്ടായ വിനാശങ്ങള്‍ അവര്‍ പരിഹരിക്കും.  

5 : വിദേശികള്‍ നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കും; പരദേശികള്‍ നിങ്ങളുടെ ഉഴവുകാരും മുന്തിരി വെട്ടിയൊരുക്കുന്നവരും ആകും.  

6 : കര്‍ത്താവിന്റെ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയപ്പെടും. ജനതകളുടെ സമ്പത്ത് നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങള്‍ അഭിമാനിക്കും.  

7 : ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും.  

8 : കാരണം, കര്‍ത്താവായ ഞാന്‍ നീതി ഇഷ്ടപ്പെടുന്നു. കൊള്ളയും തിന്‍മയും ഞാന്‍ വെറുക്കുന്നു. വിശ്വസ്തതയോടെ അവര്‍ക്കു ഞാന്‍ പ്രതിഫലം നല്‍കും. അവരുമായി ഞാന്‍ നിത്യമായ ഒരു ഉടമ്പടി ഉണ്ടാക്കും.  

9 : അവരുടെ പിന്‍തലമുറ ജനതകളുടെയിടയിലും സന്തതി രാജ്യങ്ങള്‍ക്കിടയിലും അറിയപ്പെടും; കര്‍ത്താവിനാല്‍ അനുഗൃഹീതമായ ജനമെന്ന് അവരെ കാണുന്നവര്‍ ഏറ്റുപറയും.


Reading 2, അപ്പ. പ്രവ 2:37-47 : ആദിമക്രൈസ്തവസമൂഹം

37 : ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്‌തോലന്‍മാരോടും ചോദിച്ചു: സഹോദരന്‍മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?  

38 : പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും.  

39 : ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്.  

40 : അവന്‍ മറ്റു പല വചനങ്ങളാലും അവര്‍ക്കു സാക്ഷ്യം നല്‍കുകയും ഈ ദുഷിച്ച തലമുറയില്‍നിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിന്‍ എന്ന് ഉപദേശിക്കുകയുംചെയ്തു.  

41 : അവന്റെ വചനം ശ്രവിച്ചവര്‍ സ്‌നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.  

42 : അവര്‍ അപ്പസ്‌തോലന്‍മാരുടെപ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.  

43 : എല്ലാവരിലും ഭീതി ഉളവായി. അപ്പസ്‌തോലന്‍മാര്‍ വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു. 

44 : വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.  

45 : അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു.  

46 : അവര്‍ ഏക മനസ്‌സോടെ താത്പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.  

47 : അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു.


Reading 3, 1 കൊറി 15: 12-19 : മരിച്ചവരുടെ ഉത്ഥാനം

12 : ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ?  

13 : മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.  

14 : ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം. 

15 : മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യ പ്പെടുത്തി. മരിച്ചവര്‍യഥാര്‍ഥത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം ക്രിസ്തുവിനെയും ഉയിര്‍പ്പിച്ചിട്ടില്ല.  

16 : മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.  

17 : ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫല മാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.  

18 : ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചുപോവുകയും ചെയ്തിരിക്കുന്നു.  

19 : ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്. 


Gospel, ലൂക്കാ 24: 13-27 : എമ്മാവൂസിലേക്കു പോയ ശിഷ്യന്‍മാര്‍

13 : ആദിവസം തന്നെ അവരില്‍ രണ്ടുപേര്‍ ജറുസലെമില്‍നിന്ന് ഏകദേശം അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു.  

14 : ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു.  

15 : അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടുപോകുമ്പോള്‍ യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്തു.  

16 : എന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.  

17 : അവന്‍ അവരോടു ചോദിച്ചു: എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? അവര്‍ മ്‌ളാനവദനരായിനിന്നു.  

18 : അവരില്‍ ക്ലെയോപാസ് എന്നു പേരായ വന്‍ അവനോടു ചോദിച്ചു: ഈ ദിവസങ്ങളില്‍ ജറുസലെമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?  

19 : അവന്‍ ചോദിച്ചു: ഏതു കാര്യങ്ങള്‍? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു.  

20 : ഞങ്ങളുടെ പുരോഹിതപ്രമുഖന്‍മാരും നേതാക്കളും അവനെ മരണവിധിക്ക് ഏല്‍പിച്ചുകൊടുക്കുകയും ക്രൂശിക്കുകയുംചെയ്തു.  

21 : ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെസംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്.  

22 : ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലെ അവര്‍ കല്ലറയിങ്കല്‍ പോയിരുന്നു.  

23 : അവന്റെ ശരീരം അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന് തങ്ങള്‍ക്കു ദൂതന്‍മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു.  

24 : ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാല്‍, അവനെ അവര്‍ കണ്ടില്ല.  

25 : അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ഭോഷന്‍മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ള തു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ,  

26 : ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?  

27 : മോശ തുടങ്ങി എല്ലാ പ്രവാചകന്‍മാരും വിശുദ്ധലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.


Back to Top

Never miss an update from Syro-Malabar Church