Daily Readings for Sunday April 22,2018

April 2018
S M T W T F S
1234567
891011121314
15161718192021
22232425262728
2930     
<< Mar   May > >>

Reading 1, ഏശയ്യ 49:13-23 : ഒരിക്കലും നമ്മെ മറക്കാത്ത ദൈവം

13 : ആകാശമേ, ആനന്ദ ഗാനമാലപിക്കുക; ഭൂമിയേ, ആര്‍ത്തുവിളിക്കുക; മലകളേ, ആര്‍ത്തു പാടുക; കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട് അവിടുന്ന് കരുണ കാണിക്കും.  

14 : എന്നാല്‍, സീയോന്‍ പറഞ്ഞു: കര്‍ത്താവ് എന്നെ ഉപേക്ഷിച്ചു; എന്റെ കര്‍ത്താവ് എന്നെ മറന്നു കളഞ്ഞു.  

15 : മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.  

16 : ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്.  

17 : നിന്റെ നിര്‍മാതാക്കള്‍ നിന്നെ നശിപ്പിച്ചവരെക്കാള്‍ വേഗമുള്ളവരാണ്. നിന്നെ വിജനമാക്കിയവര്‍ നിന്നില്‍നിന്ന് അകന്നുപോയിരിക്കുന്നു.  

18 : ചുറ്റും നോക്കുക. അവര്‍ ഒന്നുചേര്‍ന്ന് നിന്റെ അടുക്കല്‍ വരുന്നു. കര്‍ത്താവായ ഞാന്‍ ശപഥം ചെയ്യുന്നു. നീ അവരെ ആഭരണമായി അണിയും. വധുവിനെപ്പോലെ നീ അവരെ നിന്നോടു ചേര്‍ക്കും.  

19 : നിന്റെ പാഴ്‌നിലങ്ങളും വിജനദേശങ്ങളും കൊള്ളയടിക്കപ്പെട്ട സ്ഥലങ്ങളും അധിവാസത്തിനു തികയുകയില്ല. നിന്നെ വിഴുങ്ങിയവര്‍ അകന്നുപോകും.  

20 : സന്താനങ്ങള്‍ നഷ്ടപ്പെട്ടെന്ന് ഓര്‍ത്തു ദുഃഖിക്കുന്ന നിന്നോട് അവര്‍ തിരിച്ചുവന്നുപറയും. ഈ സ്ഥലം എനിക്കു പോരാ, എനിക്കു വസിക്കാന്‍ ഇടം തരുക.  

21 : അപ്പോള്‍, നീ ഹൃദയത്തില്‍ പറയും: വന്ധ്യയും പുത്ര ഹീനയും പ്രവാസിനിയും പരിത്യക്തയും ആയിരുന്ന എനിക്ക് ഇവര്‍ എങ്ങനെ ജനിച്ചു? ആര് ഇവരെ വളര്‍ത്തി? ഞാന്‍ ഏകാകിനിയായിരുന്നിട്ടും ഇവര്‍ എവിടെ നിന്നു വന്നു?  

22 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകള്‍ക്കുനേരേ ഞാന്‍ കരം ഉയര്‍ത്തുകയും അവര്‍ക്ക് അടയാളം കൊടുക്കുകയും ചെയ്യും. അവര്‍ നിന്റെ പുത്രന്‍മാരെ മാറിലണച്ചും പുത്രിമാരെ തോളിലേറ്റിയും കൊണ്ടുവരും.  

23 : രാജാക്കന്‍മാര്‍ നിന്റെ വളര്‍ത്തുപിതാക്കന്‍മാരും രാജ്ഞിമാര്‍ വളര്‍ത്തമ്മമാരും ആയിരിക്കും. അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങുകയും നിന്റെ കാലിലെ പൊടി നക്കുകയും ചെയ്യും. ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ലജ്ജിതരാവുകയില്ല. 


Reading 2, അപ്പ. പ്രവ 8:14-25 : ദൈവദാനം പണംകൊണ്ട് വാങ്ങുവാൻ സാധ്യമല്ല

14 : സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പസ്‌തോലന്‍മാര്‍ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു.  

15 : അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. 

16 : കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ജ്ഞാന സ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു.  

17 : പിന്നീട്, അവരുടെമേല്‍ അവര്‍കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു. 

18 : അപ്പസ്‌തോലന്‍മാരുടെ കൈവയ്പുവഴി പരിശുദ്ധാത്മാവ് നല്‍കപ്പെട്ടതു കണ്ടപ്പോള്‍ ശിമയോന്‍ അവര്‍ക്കു പണം നല്‍കിക്കൊണ്ടു  

19 : പറഞ്ഞു. ഞാന്‍ ആരുടെമേല്‍ കൈകള്‍വച്ചാലും അവര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക.  

20 : പത്രോസ് പറഞ്ഞു: നിന്റെ വെ ള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാല്‍, ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു.  

21 : നിനക്ക് ഈ കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം ദൈവസന്നിധിയില്‍ ശുദ്ധമല്ല.  

22 : അതിനാല്‍, നിന്റെ ഈ ദുഷ്ട തയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്യുക. ഒരു പക്‌ഷേ, നിന്റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും.  

23 : നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാന്‍ മനസ്‌സിലാക്കുന്നു.  

24 : ശിമയോന്‍മറുപടി പറഞ്ഞു: നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ എനിക്കുവേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക.  

25 : അവര്‍ കര്‍ത്താവിന്റെ വചനത്തിനു സാക്ഷ്യം നല്‍കുകയും അതു പ്രഘോഷിക്കുകയും ചെയ്ത തിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവര്‍ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷം അറിയിച്ചു. 


Reading 3, എഫേസോസ് 2:1-7 : രക്ഷ ദൈവികദാനമാണ്

1 : അപരാധങ്ങളും പാപങ്ങളുംമൂലം ഒരിക്കല്‍ നിങ്ങള്‍ മൃതരായിരുന്നു.  

2 : അന്ന്, ഈ ലോകത്തിന്റെ ഗതി പിന്തുടര്‍ന്നും, അനുസരണക്കേടിന്റെ മക്കളില്‍ പ്രവര്‍ത്തിക്കുന്ന അരൂപിയായ അന്തരീക്ഷശക്തികളുടെ അധീശനെ അനുസരിച്ചുമാണ് നിങ്ങള്‍ നടന്നിരുന്നത്.  

3 : അനുസരണക്കേടിന്റെ ഈ മക്കളോടൊപ്പം ഒരു കാലത്ത് നമ്മളും ശരീരത്തിന്റെയും മനസ്‌സിന്റെയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട് ജഡമോഹങ്ങളില്‍ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്റെ മക്കളായിരുന്നു.  

4 : എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താല്‍,  

5 : ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു.  

6 : യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു.  

7 : അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. 


Gospel, യോഹ 16:16-24 : നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും

16 : അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും.  

17 : അപ്പോള്‍ അവന്റെ ശിഷ്യന്‍മാരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നും, ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നു എന്നും അവന്‍ നമ്മോടു പറയുന്നതിന്റെ അര്‍ഥമെന്താണ്?  

18 : അവര്‍ തുടര്‍ന്നു: അല്‍പസമയം എന്നതുകൊണ്ട് അവന്‍ എന്താണ് അര്‍ഥമാക്കുന്നത്? അവന്‍ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ.  

19 : ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നു മനസ്‌സി ലാക്കി യേശു പറഞ്ഞു: അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ?  

20 : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.  

21 : സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസ വിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല.  

22 : അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തു കളയുകയുമില്ല.  

23 : അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.  

24 : ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും. 


Back to Top

Never miss an update from Syro-Malabar Church