Daily Readings for Friday March 09,2018

Reading 1, ഉല്‍‍പത്തി 15: 1-15 : ദൈവം അബ്രാഹവുമായി ഉടമ്പടി ചെയ്യുന്നു

1 : യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച ഓഹരി തെക്ക് സിന്‍മരുഭൂമിയുടെ തെക്കേ അറ്റമായ ഏദോം അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്നു.  

2 : അവരുടെ തെക്കേ അതിര്‍ത്തി ഉപ്പുകടലിന്റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉള്‍ക്കടലില്‍ ആരംഭിക്കുന്നു.  

3 : അത് അക്രാബിമിന്റെ കയറ്റത്തിലൂടെ തെക്കോട്ടു ചെന്ന് സിനിലേക്കു കടന്ന്, കാദെഷ്ബര്‍ണയായുടെ തെക്കുഭാഗത്തുകൂടി ഹെസ്‌റോണിലൂടെ അദാറില്‍ എത്തി, കര്‍ക്കായിലേക്കു തിരിയുന്നു.  

4 : അവിടെനിന്ന് അസ്‌മോണ്‍ കടന്ന് ഈജിപ്തു തോടുവരെ ചെന്ന് കടലില്‍ അവസാനിക്കുന്നു. ഇതായിരിക്കും നിങ്ങളുടെ തെക്കേ അതിര്‍ത്തി.  

5 : ജോര്‍ദാന്‍ നദീമുഖം വരെയുള്ള ഉപ്പുകടലായിരിക്കും നിങ്ങളുടെ കിഴക്കേ അതിര്‍ത്തി. വടക്കേ അതിര്‍ത്തി ജോര്‍ദാന്‍ നദീമുഖത്തുള്ള ഉള്‍ക്കടലില്‍ നിന്നാരംഭിക്കുന്നു. 

6 : അതു ബേത്‌ഹോഗ്‌ലായിലൂടെ പോയി ബേത് അരാബായുടെ വടക്കുകൂടെ കടന്നു റൂബന്റെ മകന്‍ ബോഹാന്റെ ശിലവരെ പോകുന്നു.  

7 : തുടര്‍ന്ന് ആഖോര്‍ താഴ്‌വരയില്‍ നിന്നു ദബീര്‍വരെ പോയി വടക്കോട്ട് ഗില്‍ഗാലിലേക്കു തിരിയുന്നു. താഴ്‌വരയുടെ തെക്കുവശത്തുള്ള അദുമ്മിം കയറ്റത്തിന്റെ എതിര്‍വശത്താണു ഗില്‍ഗാല്‍ അതിര്‍ത്തി. എന്‍ഷമേഷ് ജലാശയത്തിലൂടെ കടന്ന് എന്റോഗലില്‍ എത്തുന്നു. 

8 : അവിടെനിന്ന്, അത് ജബൂസ്യമലയുടെ - ജറുസലെമിന്റെ - തെക്കേ അറ്റത്തു ബന്‍ഹിന്നോം താഴ്‌വര വരെപോകുന്നു. പിന്നീട് ഹിന്നോം താഴ്‌വരയുടെ മുന്‍പില്‍ പടിഞ്ഞാറോട്ടും റഫായിം താഴ്‌വരയുടെ അടുത്തു വടക്കോട്ടും ഉള്ള മലമുകളിലേക്കു കയറുന്നു.  

9 : വീണ്ടും അത് മലമുകളില്‍നിന്ന് നെഫ്‌തോവാ അരുവികള്‍വരെയും അവിടെനിന്നു എഫ്രോണ്‍ മലയിലെ പട്ടണങ്ങള്‍വരെയും, അവിടെനിന്ന് ബാലായിലേക്ക്, അതായത്, കിരിയാത്ത് യെയാറിമിലേക്ക് വളഞ്ഞുപോകുന്നു.  

10 : ബാലായുടെ പശ്ചിമ ഭാഗത്തുകൂടി കടന്ന് സെയിര്‍ മലയിലെത്തിയയാറിം മലയുടെ - കെസലോണിന്റെ - വടക്കു ഭാഗത്തുകൂടെ കടന്ന് ബത്ഷമേഷിലേക്കിറങ്ങി, തിമ്‌നായിലൂടെ നീങ്ങുന്നു.  

11 : അത് എക്രോണിന്റെ വടക്കുള്ള കുന്നിന്‍പ്രദേശങ്ങളിലൂടെ ചെന്ന് ഷിക്കറോണ്‍ ചുറ്റി ബാലാമലയിലൂടെ കടന്ന്, യാബ്‌നേലില്‍ എത്തി, സമുദ്രത്തില്‍ വന്ന് അവസാനിക്കുന്നു. 

12 : പടിഞ്ഞാറേ അതിര്‍ത്തി, മഹാസമുദ്രവും അതിന്റെ തീരപ്രദേശവുമാണ്. യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശത്തിനുചുറ്റുമുള്ള അതിര്‍ത്തിയാണിത്.  

13 : ജോഷ്വയോട് കര്‍ത്താവ് കല്‍പിച്ചതനുസരിച്ച് യഫുന്നയുടെ മകനായ കാലെബിന് യൂദാഗോത്രത്തിന്റെയിടയില്‍ കിരിയാത്ത് അര്‍ബ്ബാ - ഹെബ്രോണ്‍ - കൊടുത്തു. അനാക്കിന്റെ പിതാവായിരുന്നു അര്‍ബ്ബാ. 

14 : അവിടെനിന്ന് കാലെബ് അനാക്കിന്റെ സന്തതികളായ ഷേഷായി, അഹിമാന്‍, തല്‍മായി എന്നിവരെ തുരത്തി.  

15 : പിന്നീട് അവന്‍ ദബീര്‍നിവാസികള്‍ക്കെതിരേ പുറപ്പെട്ടു. ദബീറിന്റെ പഴയപേര് കിരിയാത്‌സേഫര്‍ എന്നായിരുന്നു.  


Reading 2, ജോഷ്വാ 9: 1-15 : ഗിബയോന്‍കാരുടെ വഞ്ചന

1 : ജോര്‍ദാന്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടു കിടക്കുന്ന വലിയ കടലിന്റെ തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരും ആയരാജാക്കന്‍മാരെല്ലാവരും 

2 : ഇതു കേട്ടപ്പോള്‍ ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേ യുദ്ധം ചെയ്യാന്‍ ഒരുമിച്ചുകൂടി. 

3 : എന്നാല്‍, ജറീക്കോയോടും ആയ്പട്ടണത്തോടും ജോഷ്വ ചെയ്തത് അറിഞ്ഞപ്പോള്‍ 

4 : ഗിബയോന്‍ നിവാസികള്‍ തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചു. പഴകിയ ചാക്കുകളില്‍ ഭക്ഷണസാധനങ്ങളും കീറിത്തുന്നിയ തോല്‍ക്കുടങ്ങളില്‍ വീഞ്ഞും എടുത്ത് അവര്‍ കഴുതപ്പുറത്തു കയറ്റി.  

5 : നന്നാക്കിയെടുത്ത പഴയ ചെരിപ്പുകളും കീറിപ്പറിഞ്ഞവസ്ത്രങ്ങളും ധരിച്ച് അവര്‍ പുറപ്പെട്ടു. അവരുടെ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണങ്ങിയതും പൂത്തതുമായിരുന്നു. 

6 : അവര്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ പാളയത്തില്‍ച്ചെന്ന് അവനോടും ഇസ്രായേല്‍ക്കാരോടും പറഞ്ഞു: ഞങ്ങള്‍ വിദൂരദേശത്തു നിന്നു വരുകയാണ്. ഞങ്ങളുമായി ഒരു ഉടമ്പടി ചെയ്യണം.  

7 : അപ്പോള്‍ ഇസ്രായേല്‍ജനം ഹിവ്യരോടു പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ സമീപത്തുള്ളവരാണെങ്കിലോ? നിങ്ങളുമായി ഞങ്ങള്‍ക്ക് ഉടമ്പടി ചെയ്യാന്‍ ആവില്ല. 

8 : ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ് എന്ന് അവര്‍ ജോഷ്വയോടു പറഞ്ഞു. അപ്പോള്‍ അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ആരാണ്? എവിടെ നിന്നു വരുന്നു? അവര്‍ പറഞ്ഞു:  

9 : നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമം കേട്ട് വിദൂരദേശത്തു നിന്ന് ഈ ദാസന്‍മാര്‍ വന്നിരിക്കുന്നു. എന്തെന്നാല്‍, അവിടുത്തെക്കുറിച്ചും അവിടുന്ന് ഈജിപ്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങള്‍ അറിഞ്ഞു. 

10 : ജോര്‍ദാന്റെ മറുകരയിലുള്ള അമോര്യരാജാക്കന്‍മാരായ ഹെഷ്‌ബോനിലെ സീഹോനോടും അഷ്ത്താറോത്തില്‍ താമസിക്കുന്ന ബാഷാന്‍ രാജാവായ ഓഗിനോടും പ്രവര്‍ത്തിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.  

11 : ഞങ്ങളുടെ ശ്രേഷ്ഠന്‍മാരും നാട്ടുകാരും ഞങ്ങളോടു പറഞ്ഞു: യാത്രയ്ക്കുവേണ്ട ഭക്ഷണസാധനങ്ങള്‍ എടുത്തുചെന്ന് അവരെ കണ്ട് ഞങ്ങള്‍ നിങ്ങളുടെ ദാസന്‍മാരാണ്, അതുകൊണ്ട് ഞങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കുക എന്നുപറയണം.  

12 : ഇതാ ഞങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. യാത്രാമധ്യേ ഭക്ഷിക്കുന്നതിനായി ഞങ്ങളുടെ വീടുകളില്‍ നിന്ന് എടുത്ത ഇവയ്ക്ക് പുറപ്പെടുമ്പോള്‍ ചൂടുണ്ടായിരുന്നു. 

13 : ഞങ്ങള്‍ വീഞ്ഞു നിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ ഇതാ അവ കീറിയിരിക്കുന്നു. സുദീര്‍ഘമായ യാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. കര്‍ത്താവിന്റെ നിര്‍ദ്‌ദേശമാരായാതെ ജനം ആ ഭക്ഷണപദാര്‍ഥങ്ങളില്‍ പങ്കുചേര്‍ന്നു.  

14 : ജോഷ്വ അവരുടെ ജീവന്‍ രക്ഷിക്കാമെന്ന് സമാധാനയുടമ്പടി ചെയ്തു. 

15 : ജനപ്രമാണികളും അങ്ങനെ ശപഥംചെയ്തു. 


Reading 3, റോമാ 11: 25-36 : ഇസ്രായേലിന്റെ പുനരുദ്ധാരണം

25 : സഹോദരരേ, ജ്ഞാനികളാണെന്ന് അ ഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്‌സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം.  

26 : അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മം അകറ്റിക്കളയും.  

27 : ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്‍മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും. 

28 : സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്. 

29 : എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. 

30 : ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു. 

31 : അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭിച്ച കൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു.  

32 : എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.  

33 : ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്‌ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം! 

34 : എന്തെന്നാല്‍, ദൈവത്തിന്റെ മനസ്‌സ് അറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്?  

35 : തിരിച്ചുകിട്ടാനായി അവിടുത്തേക്കു ദാനം കൊടുത്തവനാര്?  


Gospel, യോഹന്നാ‌ന്‍ 7: 25-31 : ദൈവത്താൽ അയയ്ക്കപ്പെട്ട മിശിഹാ

25 : ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്? 

26 : എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ? 

27 : ഇവന്‍ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ.  

28 : ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെനിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.  

29 : എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്. 

30 : അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല. 

31 : ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ? 


Back to Top

Never miss an update from Syro-Malabar Church