Daily Readings for Thursday March 08,2018

Reading 1, ഉല്‍‍പ 14: 8-16 : ലോത്തിനെ രക്ഷിക്കുന്നു

8 : അപ്പോള്‍സോദോം, ഗൊമോറാ, അദ്മാ, സെബോയിം, ബേല, അതായത്, സോവാര്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍ സിദ്ദിം താഴ്‌വരയില്‍, 

9 : ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍, ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക് എന്നിവര്‍ക്കെതിരേ യുദ്ധത്തിനായി അണിനിരന്നു - നാലു രാജാക്കന്‍മാര്‍ അഞ്ചുപേര്‍ക്കെതിരേ.  

10 : സിദ്ദിം താഴ്‌വര നിറയെ ചെളിക്കുണ്ടുകളായിരുന്നു. സോദോമിലെയും ഗൊമോറായിലെയും രാജാക്കന്‍മാര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ ഈ കുഴികളില്‍ വീണു. 

11 : ശേഷിച്ചവര്‍ മലയിലേക്ക് ഓടിപ്പോയി. സോദോമിലെയും ഗൊമോറായിലെയും സര്‍വസമ്പത്തും ഭക്ഷണസാധനങ്ങളും കവര്‍ന്നുകൊണ്ടു ശത്രുക്കള്‍ സ്ഥലംവിട്ടു. 

12 : സോദോമില്‍ പാര്‍ത്തിരുന്ന അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെയും അവന്റെ സ്വത്തുക്കളോടൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയി. 

13 : രക്ഷപെട്ട ഒരുവന്‍ വന്നു ഹെബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. താനുമായി സഖ്യത്തിലായിരുന്ന എഷ്‌ക്കോലിന്റെയും ആനെറിന്റെയും സഹോദരനായ മാമ്രേ എന്ന അമോര്യന്റെ ഓക്കുമരത്തോപ്പിനടുത്താണ് അബ്രാം താമസിച്ചിരുന്നത്.  

14 : സഹോദരന്‍ തടവുകാരനാക്കപ്പെട്ടെന്നുകേട്ടപ്പോള്‍ തന്റെ വീട്ടില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടു പേരോടൊപ്പം അബ്രാം ദാന്‍വരെ അവരെ പിന്തുടര്‍ന്നു.  

15 : രാത്രി അവന്‍ തന്റെ ആളുകളെ പല ഗണങ്ങളായി തിരിച്ച്, ശത്രുക്കളെ ആക്രമിച്ചു തോല്‍പിച്ച്, ദമാസ്‌ക്കസിനു വടക്കുള്ള ഹോബാ വരെ ഓടിച്ചു. അവന്‍ സമ്പത്തൊക്കെയും വീണ്ടെടുത്തു. 

16 : ചാര്‍ച്ചക്കാരനായ ലോത്തിനെയും അവന്റെ വസ്തുവകകളെയും സ്ത്രീകളെയും ജനങ്ങളെയും തിരികെ കൊണ്ടുവന്നു.  


Reading 2, ജോഷ്വാ 8: 30-35 : ആയ്പട്ടണം നശിപ്പിക്കുന്നു

30 : ജോഷ്വ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ഏബാല്‍മലയില്‍ ഒരു ബലിപീഠം നിര്‍മിച്ചു.  

31 : കര്‍ത്താവിന്റെ ദാസനായ മോശ ഇസ്രായേല്‍ ജനത്തോടു കല്‍പിച്ചതുപോലെയും മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടുള്ളതും ഇരുമ്പായുധം സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അതില്‍ അവര്‍ കര്‍ത്താവിനു ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.  

32 : മോശ എഴുതിയ നിയമത്തിന്റെ ഒരു പകര്‍പ്പ് ഇസ്രായേല്‍ ജനത്തിന്റെ സാന്നിധ്യത്തില്‍ജോഷ്വ അവിടെ കല്ലില്‍ കൊത്തിവച്ചു. 

33 : അവിടെ ഇസ്രായേല്‍ജനം തങ്ങളുടെശ്രേഷ്ഠന്‍മാര്‍, സ്ഥാനികള്‍, ന്യായാധിപന്‍മാര്‍ എന്നിവരോടും തങ്ങളുടെയിടയിലുള്ള വിദേശികളോടും സ്വദേശികളോടും കൂടെ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചിരുന്ന ലേവ്യപുരോഹിതന്‍മാര്‍ക്കെതിരേ ഇരുവശങ്ങളിലുമായി നിന്നു. അവരില്‍ പകുതി ഗരിസിംമലയുടെ മുന്‍പിലും പകുതി ഏബാല്‍മലയുടെ മുന്‍പിലും നിലകൊണ്ടു. കര്‍ത്താവിന്റെ ദാസനായ മോശ കല്‍പിച്ചിരുന്നതുപോലെ അനുഗ്രഹം സ്വീകരിക്കാനായിരുന്നു ഇത്. 

34 : അതിനുശേഷം അവന്‍ നിയമഗ്രന്ഥത്തിലെ വാക്കുകളെല്ലാം - അനുഗ്രഹവചസ്‌സുകളും ശാപവാക്കുകളും - വായിച്ചു. 

35 : മോശ കല്‍പിച്ച ഒരു വാക്കുപോലും, സ്ത്രീകളും കുട്ടികളും തങ്ങളുടെയിടയില്‍ പാര്‍ത്തിരുന്ന പരദേശികളും അടങ്ങിയ ഇസ്രായേല്‍ സമൂഹത്തില്‍ ജോഷ്വ വായിക്കാതിരുന്നില്ല.  


Reading 3, റോമാ 11: 1-10 : അവശിഷ്ടഭാഗം

1 : അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്റെ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ.  

2 : ദൈവം മുന്‍കൂട്ടി അറിഞ്ഞസ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്ധഗ്രന്ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ: 

3 : കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്. അവര്‍ എന്റെ ജീവനെയും തേടുന്നു. 

4 : എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്. 

5 : അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്. 

6 : അതു കൃപയാ ലാണെങ്കില്‍ പ്രവൃത്തികളില്‍ അധിഷ്ഠിത മല്ല. കൃപയാലല്ലെങ്കില്‍ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല.  

7 : അതുകൊണ്ടെന്ത്? ഇസ്രായേല്‍ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി.  

8 : ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ദൈവം അവര്‍ക്കു നിദ്രാലസമായ ആത്മാവും കാഴ്ചയില്ലാത്ത കണ്ണുകളും കേള്‍വിയില്ലാത്ത ചെവികളുമാണ് ഇന്നേവരെ നല്‍കിയത്. 

9 : അതുപോലെതന്നെ, ദാവീദ് പറയുന്നു: അവരുടെ വിരുന്ന് അവര്‍ക്കുകെണിയും കുരുക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ!  

10 : അവരുടെ കണ്ണുകള്‍ കാഴ്ചനശിച്ച് ഇരുണ്ടുപോകട്ടെ! അവരുടെ നട്ടെല്ല് എപ്പോഴും വളഞ്ഞിരിക്കട്ടെ! 


Gospel, യോഹ 7: 1-13 : കൂടാരത്തിരുനാള്‍

1 : യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍ സഞ്ചരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല.  

2 : യഹൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു.  

3 : അവന്റെ സഹോദരന്‍മാര്‍ അവനോടു പറഞ്ഞു: നീ ചെയ്യുന്ന പ്രവൃത്തികള്‍ നിന്റെ ശിഷ്യന്‍മാര്‍ കാണേണ്ടതിന് നീ ഇവിടംവിട്ടുയൂദയായിലേക്കു പോവുക.  

4 : പരസ്യമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല. നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍, നിന്നെ ലോകത്തിനു വെളിപ്പെടുത്തുക.  

5 : അവന്റെ സഹോദരന്‍മാര്‍പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല. 

6 : യേശു പറഞ്ഞു: എന്റെ സമയം ഇതുവരെയും ആയിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും അനുകൂലമായ സമയമാണല്ലോ.  

7 : ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, അതിന്റെ പ്രവൃത്തികള്‍ തിന്‍മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അത് എന്നെ വെറുക്കുന്നു.  

8 : നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍. ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാല്‍, എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല.  

9 : ഇപ്രകാരം പറഞ്ഞ് അവന്‍ ഗലീലിയില്‍ത്തന്നെതാമസിച്ചു. 

10 : എന്നാല്‍, അവന്റെ സഹോദരന്‍മാര്‍ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി. 

11 : അവനെവിടെ എന്നു ചോദിച്ചുകൊണ്ട് തിരുനാളില്‍ യഹൂദര്‍ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു.  

12 : ആളുകള്‍ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ല, അവന്‍ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നു മറ്റു ചിലരും. 

13 : എങ്കിലും യഹൂദരെ ഭയന്ന് ആരും അവനെപ്പറ്റി പരസ്യമായി ഒന്നും സംസാരിച്ചില്ല. 


Back to Top

Never miss an update from Syro-Malabar Church