Daily Readings for Wednesday March 07,2018

Reading 1, ഉല്‍‍പത്തി 13: 8-18 : അബ്രാഹവും ലോത്തും വേർപിരിയുന്നു

8 : അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്‍മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്‍മാരാണ്.  

9 : ഇതാ! ദേശമെല്ലാം നിന്റെ കണ്‍മുമ്പിലുണ്ടല്ലോ. എന്നെപ്പിരിഞ്ഞു പോവുക. ഇടത്തുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേക്കു പൊയ്‌ക്കൊള്ളാം. വലത്തുഭാഗമാണു നിനക്ക് ഇഷ്ടമെങ്കില്‍ ഞാന്‍ ഇടത്തേക്കു പൊയ്‌ക്കൊള്ളാം.  

10 : ജോര്‍ദാന്‍ സമതലം മുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്ത് കണ്ടു. അതു കര്‍ത്താവിന്റെ തോട്ടം പോലെയും സോവാറിനു നേരേയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു. കര്‍ത്താവ് സോദോമും ഗൊമോറായും നശിപ്പിക്കുന്നതിനുമുമ്പുള്ള അവസ്ഥയായിരുന്നു അത്. 

11 : ലോത്ത് ജോര്‍ദാന്‍ സമതലം തിരഞ്ഞെടുത്തു. അവന്‍ കിഴക്കോട്ടുയാത്ര തിരിച്ചു. അങ്ങനെ അവര്‍ തമ്മില്‍ പിരിഞ്ഞു.  

12 : അബ്രാം കാനാന്‍ ദേശത്തു താമസമാക്കി. ലോത്ത് സമ തലത്തിലെ നഗരങ്ങളിലും വസിച്ചു. അവന്‍ സോദോമിനടുത്തു കൂടാരമടിച്ചു. 

13 : സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു.  

14 : അബ്രാം ലോത്തില്‍നിന്നു വേര്‍പെട്ടതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക.  

15 : നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും.  

16 : ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. പൂഴി ആര്‍ക്കെങ്കിലും എണ്ണിത്തീര്‍ക്കാമെങ്കില്‍ നിന്റെ സന്തതികളെയും എണ്ണാനാവും.  

17 : എഴുന്നേറ്റ് ഈ ഭൂമിക്കു നെടുകെയും കുറുകെയും നടക്കുക. അത് നിനക്ക് ഞാന്‍ തരും. 

18 : അബ്രാം തന്റെ കൂടാരം മാറ്റി ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു സമീപം താമസമാക്കി. അവിടെ അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു.  


Reading 2, ജോഷ്വാ 8: 18-29 : ആയ്പട്ടണത്തിന്റെ നാശം

18 : കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: നിന്റെ കൈയിലിരിക്കുന്ന കുന്തം ആയ് പട്ടണത്തിനു നേരേ ചൂണ്ടുക; ഞാന്‍ പട്ടണം നിന്റെ കരങ്ങളില്‍ ഏല്‍പിക്കും. ജോഷ്വ അങ്ങനെ ചെയ്തു.  

19 : അവന്‍ കൈയുയര്‍ത്തിയയുടനെ, ഒളിച്ചിരുന്നവര്‍ എഴുന്നേറ്റ് പട്ടണത്തിലേക്കു പാഞ്ഞുചെന്ന് അതു കൈവശപ്പെടുത്തി; തിടുക്കത്തില്‍ പട്ടണത്തിനു തീവച്ചു.  

20 : ആയ്‌നിവാസികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടണത്തില്‍നിന്ന് പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവര്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഓടുന്നതിനു സാധിച്ചില്ല. കാരണം, മരുഭൂമിയിലേക്ക് ഓടിയവര്‍ ഓടിച്ചവരുടെ നേരേ തിരിഞ്ഞു.  

21 : പതിയിരുന്നവര്‍ പട്ടണം പിടിച്ചടക്കിയെന്നും അതില്‍ നിന്നു പുക പൊങ്ങുന്നെന്നും കണ്ടപ്പോള്‍ ജോഷ്വയും ഇസ്രായേല്‍ ജനവും തിരിഞ്ഞ് ആയ്‌നിവാസികളെ വധിച്ചു.  

22 : പട്ടണത്തില്‍ കടന്ന ഇസ്രായേല്യരും ശത്രുക്കള്‍ക്കെതിരേ പുറത്തുവന്നു. ആയ്‌നിവാസികള്‍ ഇസ്രായേല്‍ക്കാരുടെ മധ്യത്തില്‍ കുടുങ്ങി. അവരെ ഇസ്രായേല്യര്‍ സംഹരിച്ചു; ആരും രക്ഷപെട്ടില്ല. 

23 : എന്നാല്‍, രാജാവിനെ ജീവനോടെ പിടിച്ച് അവര്‍ ജോഷ്വയുടെ അടുക്കല്‍ കൊണ്ടുവന്നു.  

24 : ഇസ്രായേല്‍ തങ്ങളെ പിന്തുടര്‍ന്ന ആയ്പട്ടണക്കാരെയെല്ലാം വിജനദേശത്തുവച്ചു സംഹരിച്ചു. അവസാനത്തെയാള്‍ വരെ വാളിനിരയായി. പിന്നീട്, ഇസ്രായേല്യര്‍ ആയ്പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അവശേഷിച്ചവരെയും വാളിനിരയാക്കി.  

25 : ആയ്പട്ടണത്തിലുണ്ടായിരുന്ന പന്തീരായിരം സ്ത്രീപുരുഷന്‍മാര്‍ അന്നു മൃതിയടഞ്ഞു. 

26 : ആയ്‌നിവാസികള്‍ പൂര്‍ണമായി നിഗ്രഹിക്കപ്പെടുന്നതുവരെ കുന്തം നീട്ടിപ്പിടിച്ചിരുന്ന തന്റെ കരങ്ങള്‍ ജോഷ്വ പിന്‍വലിച്ചില്ല. 

27 : കര്‍ത്താവ് ജോഷ്വയോടു കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ക്കാര്‍ പട്ടണത്തില്‍നിന്നു കന്നുകാലികളെയും കൊള്ളവസ്തുക്കളെയും എടുത്തു.  

28 : അങ്ങനെ ജോഷ്വ ആയ് പട്ടണത്തിനു തീവച്ച് അതിനെ ഒരു നാശക്കൂമ്പാരമാക്കി. ഇന്നും അത് അങ്ങനെതന്നെ കിടക്കുന്നു. 

29 : പിന്നീട് അവന്‍ ആയ് രാജാവിനെ ഒരു മരത്തില്‍ തൂക്കിക്കൊന്നു. സായാഹ്‌നം വരെ ജഡം അതിന്‍മേല്‍ തൂങ്ങിക്കിടന്നു. സൂര്യാസ്തമയമായപ്പോള്‍ ശരീരം മരത്തില്‍ നിന്നിറക്കി നഗരകവാടത്തില്‍ വയ്ക്കാന്‍ ജോഷ്വ കല്‍പിച്ചു. അവര്‍ അങ്ങനെ ചെയ്തു. അതിനു മുകളില്‍ ഒരു കല്‍ക്കൂമ്പാരം ഉയര്‍ത്തി. അത് ഇന്നും അവിടെയുണ്ട്. 


Reading 3, റോമാ 10: 1-13 : വിശ്വസിക്കുന്നവനു രക്ഷ

1 : സഹോദരരേ, എന്റെ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്റെ പ്രാര്‍ഥനയും അവര്‍ രക്ഷിക്കപ്പെടണം എന്നതാണ്.  

2 : അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു; ആ തീക്ഷ്ണത ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ.  

3 : എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല.  

4 : വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു. 

5 : നിയമാധിഷ്ഠിതമായ നീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതുമൂലം ജീവന്‍ ലഭിക്കും എന്നു മോശ എഴുതുന്നു. 

6 : വിശ്വാസാധിഷ്ഠിതമായ നീതിയാകട്ടെ ഇങ്ങനെ പറയുന്നു: ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാന്‍ സ്വര്‍ഗത്തിലേക്ക് ആരു കയറും എന്നു നീ ഹൃദയത്തില്‍ പറയരുത്.  

7 : അഥവാ ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍ത്താന്‍ പാതാ ളത്തിലേക്ക് ആര് ഇറങ്ങും എന്നും പറയരുത്.  

8 : എന്നാല്‍ പിന്നെ, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ.  

9 : ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. 

10 : എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.  

11 : അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്ര ന്ഥം പറയുന്നത്. 

12 : യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.  

13 : എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.  


Gospel, യോഹന്നാ‌ന്‍ 6: 60-69 : നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ

60 : ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?  

61 : തന്റെ ശിഷ്യന്‍മാര്‍ പിറുപിറുക്കുന്നു എന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചവരുത്തുന്നുവോ?  

62 : അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ? 

63 : ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്.  

64 : എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു. 

65 : അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.  

66 : ഇതിനുശേഷം അവന്റെ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല.  

67 : യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ? 

68 : ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. 

69 : നീയാണു ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു. 


Back to Top

Never miss an update from Syro-Malabar Church