Daily Readings for Monday March 05,2018

Reading 1, ഉല്‍‍ 12: 1-9 : അബ്രാമിനെ വിളിക്കുന്നു

1 : കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. 

 2 : ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. 

 3 : നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. 

4 : കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു. 

 5 : അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു. 

 6 : അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു.

 7 : കര്‍ത്താവ് അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവിന് അബ്രാം അവിടെ ഒരു ബലിപീഠം പണിതു.

 8 : അവിടെനിന്ന് അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു കടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെ ഒരു ബലിപീഠം പണിത്, കര്‍ത്താവിന്റെ നാമം വിളിച്ചു. 

 9 : അവിടെനിന്ന് അബ്രാം നെഗെബിനു നേരേയാത്ര തുടര്‍ന്നു.


Reading 2, ജോഷ്വാ 7: 16-26 : ആഖാന്റെ പാപം

16 : ജോഷ്വ അതിരാവിലെ എഴുന്നേറ്റ് ഇസ്രായേലിനെ ഗോത്രമുറയ്ക്കു വരുത്തി. അതില്‍നിന്നു യൂദാഗോത്രത്തെ മാറ്റിനിര്‍ത്തി. 

 17 : അവന്‍ യൂദായുടെ കുലങ്ങളെ വരുത്തി അതില്‍നിന്നു സേരാകുലത്തെ മാറ്റിനിര്‍ത്തി. പിന്നീട് അവന്‍ സേരാകുലത്തിലെ ഓരോ കുടുംബത്തെയും വരുത്തി അതില്‍നിന്നു സബ്ദികുടുംബത്തെ വേര്‍തിരിച്ചു. 

 18 : വീണ്ടും സബ്ദി കുടുംബത്തില്‍നിന്ന് ഓരോരുത്തരെയും വരുത്തി. യൂദാഗോത്രത്തിലെ സേരായുടെ മകന്‍ സബ്ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാനെ മാറ്റിനിര്‍ത്തി. ജോഷ്വ ആഖാനോടു പറഞ്ഞു: 

 19 : എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തി അവിടുത്തെ സ്തുതിക്കുക. നീ എന്തുചെയ്‌തെന്ന് എന്നോടുപറയുക. എന്നില്‍നിന്ന് ഒന്നും മറച്ചുവയ്ക്കരുത്.

 20 : ആഖാന്‍മറുപടി പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെതിരേ ഞാന്‍ പാപം ചെയ്തിരിക്കുന്നു. ഞാന്‍ ചെയ്തതിതാണ്:

 21 : കൊള്ളവസ്തുക്കളുടെ കൂടെ ഷീനാറില്‍ നിന്നുള്ള അതിവിശിഷ്ടമായ ഒരു മേലങ്കിയും ഇരുനൂറു ഷെക്കല്‍ വെള്ളിയും അന്‍പതു ഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണക്കട്ടിയും ഞാന്‍ കണ്ടു. മോഹം തോന്നി ഞാന്‍ അവ എടുത്തു. വെള്ളി ഏറ്റവും അടിയിലായി, അവയെല്ലാം എന്റെ കൂടാരത്തിനുള്ളില്‍ കുഴിച്ചിടുകയും ചെയ്തു. 

 22 : ഉടനെ ജോഷ്വ ദൂതന്‍മാരെ അയച്ചു: അവര്‍ കൂടാരത്തിലേക്ക് ഓടി. വെള്ളി ഏറ്റവും അടിയിലായി, അവയെല്ലാം ഒളിച്ചു വച്ചിരിക്കുന്നത് അവര്‍ കണ്ടു. 

 23 : അവര്‍ കൂടാരത്തില്‍ നിന്ന് അവയെടുത്ത് ജോഷ്വയുടെയും ഇസ്രായേല്‍ ജനത്തിന്റെയും മുന്‍പാകെ കൊണ്ടുവന്നു; അവര്‍ അതു കര്‍ത്താവിന്റെ മുന്‍പില്‍ നിരത്തിവച്ചു. 

 24 : ജോഷ്വയും ഇസ്രായേല്‍ജനവും സേരായുടെ മകനായ ആഖാനെയും അവന്റെ പുത്രീപുത്രന്‍മാരെയും വെള്ളി, മേലങ്കി, സ്വര്‍ണക്കട്ടി എന്നിവയും, കാള, കഴുത, ആട്, കൂടാരം എന്നിങ്ങനെ അവനുള്ള സമസ്ത വസ്തുക്കളെയും ആഖോര്‍ താഴ്‌വരയിലേക്കു കൊണ്ടുപോയി. 

 25 : അവിടെ എത്തിയപ്പോള്‍ ജോഷ്വ പറഞ്ഞു: നീ എന്തുകൊണ്ടാണ് ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? നിന്റെ മേലും ഇന്നു കര്‍ത്താവ് കഷ്ടതകള്‍ വരുത്തും. അപ്പോള്‍ ഇസ്രായേല്‍ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; വസ്തുവകകള്‍ അഗ്‌നിക്കിരയാക്കി. 

 26 : അവര്‍ അവന്റെ മേല്‍ ഒരു വലിയ കല്‍ക്കൂമ്പാരം ഉണ്ടാക്കി. അത് ഇന്നും അവിടെ ഉണ്ട്. അങ്ങനെ കര്‍ത്താവിന്റെ ഉജ്ജ്വലകോപം ശമിച്ചു. ഇന്നും ആ സ്ഥലം ആഖോറിന്റെ താഴ്‌വര എന്ന് അറിയപ്പെടുന്നു.


Reading 3, റോമാ 9: 1-13 : ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ്

1 : ഞാന്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി സ ത്യം പറയുന്നു; വ്യാജം പറയുകയല്ല. എന്റെ മനസ്‌സാക്ഷിയും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്ഷ്യം നല്‍കുന്നു.

 2 : എനിക്കു ദുഃഖവും ഹൃദയത്തില്‍ അടങ്ങാത്ത വേദനയുമുണ്ട്. 

 3 : വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്ക് ഉപകരിക്കുമെങ്കില്‍ ശപിക്കപ്പെട്ടവനും ക്രിസ്തുവില്‍നിന്നു വിച്‌ഛേദിക്കപ്പെട്ട വനുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 4 : അവര്‍ ഇസ്രായേല്‍മക്കളാണ്. പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്.

 5 : പൂര്‍വപിതാക്കന്‍മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരില്‍നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്, ആമേന്‍. 

 6 : ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. എന്തെന്നാല്‍, ഇസ്രായേല്‍ വംശജരെല്ലാം ഇസ്രായേല്‍ക്കാരല്ല.

 7 : അബ്രാഹത്തിന്റെ സന്തതിയായതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. ഇസഹാക്കുവഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക. 

 8 : അതായത്, വംശ മുറയ്ക്കുള്ള മക്കളല്ല ദൈവത്തിന്റെ മക്കള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവ രാണുയഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്. 

 9 : വാഗ്ദാനം ഇതാണ്: ഒരു നിശ്ചിതസമയത്തു ഞാന്‍ വരും. അന്നു സാറായ്ക്ക് ഒരു മകന്‍ ഉണ്ടായിരിക്കും. 

 10 : മാത്രമല്ല, നമ്മുടെ പൂര്‍വപിതാവായ ഇസഹാക്ക് എന്ന ഒരേ ആളില്‍നിന്നു റെബേക്കായും കുട്ടികളെ ഗര്‍ഭംധരിച്ചു. 

 11 : എന്നാല്‍, അവര്‍ ജനിക്കുകയോ, നന്‍മയോ തിന്‍മയോ ആയി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനുമുമ്പുതന്നെ അവള്‍ക്ക് ഇപ്രകാരം അറിയിപ്പുണ്ടായി: ജ്യേഷ്ഠന്‍ അനുജന്റെ സേവ കനായിരിക്കും. ദൈവത്തിന്റെ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം 

12 : പ്രവൃത്തികള്‍മൂലമല്ല, അവിടുത്തെ വിളിമൂലം തുടര്‍ന്നുപോകേണ്ട തിനാണ് ഇതു സംഭവിച്ചത്. 

 13 : യാക്കോബിനെ ഞാന്‍ സ്‌നേഹിച്ചു. ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.


Gospel, യോഹന്നാ‌ന്‍ 5: 1-18 : ബേത്‌സഥായിലെ രോഗശാന്തി

1 : ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്കു പോയി. 

 2 : ജറുസലെമില്‍ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍ ബേത്‌സഥാ എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചുമണ്‍ഡപങ്ങളും. 

 3 : അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു. 

 4 : അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു. 

 5 : മുപ്പത്തിയെട്ടു വര്‍ഷമായി രോഗിയായിരുന്ന ഒരുവന്‍ അവിടെയുണ്ടായിരുന്നു. 

 6 : അവന്‍ അവിടെ കിടക്കുന്നത് യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ് യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ?

 7 : അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും. 

 8 : യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക. 

 9 : അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു. അന്ന് സാബത്ത് ആയിരുന്നു.

 10 : അതിനാല്‍, സുഖംപ്രാപിച്ച ആ മനുഷ്യനോടു യഹൂദര്‍ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ്. 

 11 : അവന്‍ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തു നടക്കുക എന്ന് എന്നോടു പറഞ്ഞു. 

12 : അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവന്‍ ആരാണ്? 

 13 : അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നതിനാല്‍ അവന്‍ ആരാണെന്നു സുഖം പ്രാപിച്ചവന്‍ അറിഞ്ഞിരുന്നില്ല. 

 14 : പിന്നീട് യേശു ദേവാലയത്തില്‍വച്ച് അവനെ കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യ രുത്. 

 15 : അവന്‍ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്ന് യഹൂദരെ അ റിയിച്ചു. 

 16 : സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ യഹൂദര്‍ യേശുവിനെ ദ്വേഷിച്ചു. 

 17 : യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു. 

 18 : ഇതുമൂലം അവനെ വധിക്കാന്‍ യഹൂദര്‍ കൂടുതലായി പരിശ്രമിച്ചു. കാരണം, അവന്‍ സാബത്തു ലംഘിക്കുക മാത്രമല്ല തന്നെത്തന്നെ ദൈവതുല്യനാക്കിക്കൊണ്ട് ദൈവത്തെ തന്റെ പിതാവെന്നു വിളിക്കുകയുംചെയ്തു.


Back to Top

Never miss an update from Syro-Malabar Church