Daily Readings for Sunday March 04,2018

Reading 1, ഉത്പ 11:1-9 : ദൈവത്തെ ക്കൂടാതെ ഗോപുരം

1 : ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. 

 2 : കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെണ്ടത്തി, അവിടെ പാര്‍പ്പുറപ്പിച്ചു. 

 3 : നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു. 

 4 : അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും. 

 5 : മനുഷ്യര്‍ നിര്‍മിച്ച നഗരവും ഗോപുരവും കാണാന്‍ കര്‍ത്താവ് ഇറങ്ങിവന്നു. 

 6 : അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്; അവര്‍ക്ക് ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളു. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമായിരിക്കയില്ല. 

 7 : നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം. 

 8 : അങ്ങനെ കര്‍ത്താവ് അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണം പണി ഉപേക്ഷിച്ചു.

 9 : അതുകൊണ്ടാണ് ആ സ്ഥലത്തിനു ബാബേല്‍ എന്നു പേരുണ്ടായത്. അവിടെവച്ചാണ് കര്‍ത്താവ് ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ ചിതറിച്ചതും.


Reading 2, ജോ ഷ്വ 7:10-15 : അനുസരണക്കേടി ന് ശിക്ഷ

10 : കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: എഴുന്നേല്‍ക്കുക; നീ എന്തിന് ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നു?  

11 : ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്‍പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. 

 12 : അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല. 

 13 : നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ അവരോടു പറയുക. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. 

 14 : പ്രഭാതത്തില്‍ ഗോത്രം ഗോത്രമായി നിങ്ങള്‍ വരണം. കര്‍ത്താവു ചൂണ്ടിക്കാണിക്കുന്ന ഗോത്രം ഓരോ കുലമായും കുലം കുടുംബക്രമത്തിലും അടുത്തുവരണം. കര്‍ത്താവു വീണ്ടും ചൂണ്ടിക്കാണിക്കുന്ന കുടുംബത്തില്‍നിന്ന് ഓരോരുത്തരായി മുന്നോട്ടുവരണം.

 15 : നിഷിദ്ധവസ്തുക്കളോടുകൂടി പിടിക്കപ്പെടുന്നവനെ അവന്റെ സകല വസ്തുക്കളോടുംകൂടെ അഗ്‌നിക്കിരയാക്കണം. എന്തെന്നാല്‍, അവന്‍ കര്‍ത്താവിന്റെ ഉടമ്പടി ലംഘിച്ച് ഇസ്രായേലില്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചിരിക്കുന്നു.


Reading 3, റോമ 8:12-17 : ദൈവാത്‌മാവി നാല്‍ നയിക്കപ്പെടുന്നവന്‍ ദൈവ പുത്രന്‍

12 : ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജ ഡത്തിനു കടപ്പെട്ടവരല്ല. 

 13 : ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.

 14 : ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്. 

 15 : നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്. 

 16 : നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്ഷ്യം നല്‍കുന്നു. 

 17 : നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.


Gospel, മത്താ 21:33-44 : അയയ്ക്കപ്പെട്ട പുത്രനെ തിരസ്ക്കരിക്കുന്നവര്‍

33 : മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്തു. അനന്തരം അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ പോയി. 

34 : വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്‍മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു.

 35 : എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്‍മാരില്‍ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു.

 36 : വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്‍മാരെ അയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെപ്രവര്‍ത്തിച്ചു. 

37 : പിന്നീട് അവന്‍ , എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നുപറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. 

38 : അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം.

 39 : അവര്‍ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞുകൊന്നുകളഞ്ഞു.

40 : അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട് എന്തുചെയ്യും? 

 41 : അവര്‍ പറഞ്ഞു: അവന്‍ ആദുഷ്ടരെ നിഷ്ഠുരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്‍പിക്കുകയും ചെയ്യും. 

 42 : യേശു അവരോടുചോദിച്ചു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്നു വിശുദ്ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? 

 43 : അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്‍കപ്പെടും. 

 44 : ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ന്നുപോകും. ഇത് ആരുടെമേല്‍ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും.


Back to Top

Never miss an update from Syro-Malabar Church