Daily Readings for Friday March 23,2018

Reading 1, ഉല്‍‍പത്തി 19: 27-30 : ലോത്തിനെ രക്ഷിക്കുന്ന കർത്താവ്

27 : അബ്രാഹം അതിരാവിലെ എഴുന്നേറ്റ്, താന്‍ കര്‍ത്താവിന്റെ മുമ്പില്‍ നിന്ന സ്ഥലത്തേക്കുചെന്നു. 

28 : അവന്‍ സോദോമിനുംഗൊമോറായ്ക്കും താഴ്‌വരപ്രദേശങ്ങള്‍ക്കും നേരേനോക്കി. തീച്ചൂളയില്‍ നിന്നെന്ന പോലെ ആ പ്രദേശത്തുനിന്നെല്ലാം പുകപൊങ്ങുന്നതു കണ്ടു. 

29 : താഴ്‌വരകളിലെ നഗരങ്ങള്‍ നശിപ്പിച്ചപ്പോള്‍ ദൈവം അബ്രാഹത്തെ ഓര്‍ത്തു. ലോത്ത് പാര്‍ത്തിരുന്ന ഈ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അവിടുന്നു ലോത്തിനെ നാശത്തില്‍നിന്നു രക്ഷിച്ചു. 

30 : സോവാറില്‍ പാര്‍ക്കാന്‍ ലോത്തിനു ഭയമായിരുന്നു. അതുകൊണ്ട് അവന്‍ തന്റെ രണ്ടു പെണ്‍മക്കളോടുകൂടെ അവിടെനിന്നു പുറത്തു കടന്ന് മലയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ പാര്‍ത്തു. 


Reading 2, ജോഷ്വാ 22: 10-20 : നന്ദിഹീനരോടു കോപിക്കുന്ന ദൈവം

10 : റൂബന്‍വേഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും കാനാന്‍ ദേശത്ത്‌ജോര്‍ദാനു സമീപം എത്തിയപ്പോള്‍, നദീതീരത്തു വലിയൊരു ബലിപീഠം നിര്‍മിച്ചു. 

11 : ഇതാ, റൂബന്‍വേഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും ഇസ്രായേല്‍ ജനത്തിന്റെ അവകാശ ഭൂമിയില്‍, കാനാന്‍ദേശത്തിന്റെ അതിര്‍ത്തിയില്‍, ജോര്‍ദാന്റെ തീരത്ത് ഒരു ബലിപീഠം നിര്‍മിച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ജനം കേട്ടു. 

12 : അപ്പോള്‍, ഇസ്രായേല്‍ജനം മുഴുവനും അവരോടുയുദ്ധം ചെയ്യുന്നതിനു വേണ്ടി ഷീലോയില്‍ സമ്മേളിച്ചു.

13 : ഇസ്രായേല്‍ജനം പുരോഹിതനായ എലെയാസറിന്റെ മകന്‍ ഫിനെഹാസിനെ ഗിലയാദില്‍ റൂബന്‍വേഗാദു ഗോത്രങ്ങളുടെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തിന്റെയും അടുത്തേക്കയച്ചു. 

14 : ഇസ്രായേല്‍ ഗോത്രങ്ങളില്‍ നിന്ന് ഗോത്രത്തലവന്‍മാരായ പത്തു പേരെയും അവനോടുകൂടെ അയച്ചു.

15 : അവര്‍ ഗിലയാദില്‍ റൂബന്‍ - ഗാദുഗോത്രങ്ങളുടെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തിന്റെയും അടുത്തുവന്നു പറഞ്ഞു: 

16 : കര്‍ത്താവിന്റെ ജനമൊന്നാകെ ഇങ്ങനെ പറയുന്നു: കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നിന്നു പിന്തിരിഞ്ഞ് അവിടുത്തെ എതിര്‍ത്തുകൊണ്ട് നിങ്ങള്‍ സ്വന്തമായി ഒരു ബലിപീഠം നിര്‍മിച്ചു. ഇസ്രായേലിന്റെ ദൈവത്തിനെതിരേ എന്തൊരതിക്രമമാണ് നിങ്ങള്‍ ഇന്നു പ്രവര്‍ത്തിച്ചിരിക്കുന്നത്! 

17 : പെയോറില്‍വച്ച് നമ്മള്‍ പാപംചെയ്തു. അതിനു ശിക്ഷയായി കര്‍ത്താവ് ജനത്തിന്റെ മേല്‍ മഹാമാരി അയച്ചു. ആ പാപത്തില്‍നിന്ന് ഇന്നും നമ്മള്‍ ശുദ്ധരായിട്ടില്ല. 

18 : ഇതു പോരാഞ്ഞിട്ടാണോ കര്‍ത്താവിനെ അനുഗമിക്കുന്നതില്‍നിന്നു പിന്തിരിയാന്‍ നിങ്ങള്‍ ഭാവിക്കുന്നത്? ഇന്നു നിങ്ങള്‍ കര്‍ത്താവിനോടു മറുതലിക്കുന്നെങ്കില്‍ നാളെ അവിടുന്ന് ഇസ്രായേല്‍ജനം മുഴുവനോടുംകോപിക്കും. 

19 : ആകയാല്‍, നിങ്ങളുടെ ദേശം അശുദ്ധമെങ്കില്‍ കര്‍ത്താവിന്റെ കൂടാരം സ്ഥിതിചെയ്യുന്ന ദേശത്തു വന്ന് ഞങ്ങളുടെ ഇടയില്‍ ഒരു സ്ഥലം സ്വന്തമാക്കണം. നമ്മുടെ ദൈവമായ കര്‍ത്താവിന്റെ ബലിപീഠമല്ലാതെ മറ്റൊന്നു നിര്‍മിച്ചുകൊണ്ട് അവിടുത്തോടു മത്‌സരിക്കുകയോ അതിലേക്കു ഞങ്ങളെ വലിച്ചിഴയ്ക്കുകയോ ചെയ്യരുത്. 

20 : സേറായുടെ മകന്‍ ആഖാന്‍ നേര്‍ച്ചവസ്തുക്കളുടെ കാര്യത്തില്‍ അവിശ്വസ്തത കാണിക്കുകയും അതിന്റെ ശിക്ഷ ഇസ്രായേല്‍ജനം മുഴുവന്‍ അനുഭവിക്കുകയും ചെയ്തില്ലേ? അവന്റെ തെറ്റിന് അവന്‍ മാത്രമല്ലല്ലോ നശിക്കേണ്ടിവന്നത്! 


Reading 3, റോമാ 15: 7-13 : ഐക്യത്തിന് ആഹ്വാനം

7 : ആകയാല്‍, ദൈവമഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്വീകരിക്കുവിന്‍. 

8 : ദൈവത്തിന്റെ സത്യനിഷ്ഠവെളിപ്പെടുത്താന്‍വേണ്ടി ക്രിസ്തു പരിച്‌ഛേദിതര്‍ക്കു ശുശ്രൂഷകനായി എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അങ്ങനെ പിതാക്കന്‍മാരോടു ചെയ്ത വാഗ്ദാനം സ്ഥിരീകരിക്കപ്പെട്ടു. 

9 : കൂടാതെ, ദൈവകാരുണ്യത്തെക്കുറിച്ചു വിജാതീയര്‍ അവിടുത്തെ പ്രകീര്‍ത്തിക്കുന്നതിനിടയാവുകയും ചെയ്തു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ആകയാല്‍, വിജാതീയരുടെയിടയില്‍ ഞാന്‍ അങ്ങയെ സ്തുതിക്കും. അങ്ങയുടെ നാമത്തിനു കീര്‍ത്തനം പാടും. 

10 : മാത്രമല്ല, വിജാതീയരേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്ത് ആനന്ദിക്കുവിന്‍ എന്നും പറയപ്പെട്ടിരിക്കുന്നു. 

11 : സമസ്തവിജാതീയരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; സമസ്ത ജനങ്ങളും അവിടുത്തെ സ്തുതിക്കട്ടെ എന്നു മറ്റൊരിടത്തും പറഞ്ഞിരിക്കുന്നു. 

12 : ജസ്‌സെയില്‍നിന്ന് ഒരു മുള പൊട്ടിപ്പുറപ്പെടും; വിജാതീയരെ ഭരിക്കാനുള്ളവന്‍ ഉദയംചെയ്യും; വിജാതീയര്‍ അവനില്‍പ്രത്യാശവയ്ക്കും എന്ന് ഏശയ്യായും പറയുന്നു. 

13 : പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ! 


Gospel, യോഹ 11: 38-45 : ലാസറിനെ ഉയിര്‍പ്പിക്കുന്ന കർത്താവ്

38 : യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കല്‍ വന്നു. അത് ഒരു ഗുഹയായിരുന്നു. അതിന്‍മേല്‍ ഒരു കല്ലും വച്ചിരുന്നു. 

39 : യേശു പറഞ്ഞു: ആ കല്ലെടുത്തു മാറ്റുവിന്‍. മരിച്ചയാളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്. 

40 : യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ? 

41 : അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു. 

42 : അങ്ങ് എന്റെ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്. 

43 : ഇതു പറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക. 

44 : അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു. അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ. 

45 : മറിയത്തിന്റെ അടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ അവന്‍ പ്രവര്‍ത്തിച്ചതു കണ്ട് അവനില്‍ വിശ്വസിച്ചു. 


Back to Top

Never miss an update from Syro-Malabar Church