Daily Readings for Monday March 19,2018

Reading 1, ഈശ 41:8-16 : യാക്കോബേ ഞാൻ നിന്നെ തിരഞ്ഞെടുത്തു

8 : എന്റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്തയാക്കോബേ, എന്റെ സ്‌നേഹിതനായ അബ്രാഹത്തിന്റെ സന്ത തീ,  

9 : നീ എന്റെ ദാസനാണ്. ഞാന്‍ നിന്നെതിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ഞാന്‍ നിന്നെതിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍നിന്നു ഞാന്‍ നിന്നെ വിളിച്ചു.  

10 : ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.   

11 : നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു തലതാല്ത്തും; നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും.  

12 : നിന്നോട് ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും.  

13 : നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.  

14 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൃമിയായയാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ രക്ഷകന്‍.   

15 : ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടുകൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകളെ മെതിച്ചു പൊടിയാക്കും; കുന്നുകളെ പതിരു പോലെയാക്കും.  

16 : നീ അവയെ പാറ്റുകയും കാറ്റ് അവയെ പറപ്പിച്ചുകളയുകയും കൊടുങ്കാറ്റ് അവയെ ചിതറിക്കുകയും ചെയ്യും. നീ കര്‍ത്താവില്‍ ആനന്ദിക്കും; ഇസ്രായേലിന്റെ പരിശുദ്ധനില്‍ അഭിമാനം കൊള്ളും.  


Reading 2, ശ്ലീഹാ 19:8-20 : കർത്താവിന്റെ ശക്തി പൗലോസിലൂടെ

8 : അവന്‍ സിനഗോഗില്‍ പ്രവേശിച്ചു ധൈര്യപൂര്‍വം ദൈവരാജ്യത്തെക്കുറിച്ചു മൂന്നുമാസം പ്രസംഗിക്കുകയും വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു.   

9 : എന്നാല്‍, ദുര്‍വാശിക്കാരായ ചിലര്‍ വിശ്വസിക്കാന്‍ വിസമ്മതിക്കുകയും സമൂഹത്തിന്റെ മുമ്പില്‍ ക്രിസ്തുമാര്‍ഗത്തെ ദുഷിക്കുകയും ചെയ്തു. അതിനാല്‍, അവന്‍ അവരെ വിട്ടു ശിഷ്യരെയും കൂട്ടി ടിറാനോസിന്റെ പ്രസംഗശാലയില്‍ പോയി എല്ലാ ദിവസവും വിവാദത്തില്‍ ഏര്‍പ്പെട്ടുപോന്നു.   

10 : ഇതു രണ്ടു വര്‍ഷത്തേക്കു തുടര്‍ന്നു. തന്‍മൂലം, ഏഷ്യയില്‍ വസിച്ചിരുന്ന എല്ലാവരും- യഹൂദരും ഗ്രീക്കുകാരും- കര്‍ത്താവിന്റെ വചനം കേട്ടു.   

11 : പൗലോസിന്റെ കരങ്ങള്‍വഴി ദൈവം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.   

12 : അവന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു.   

13 : പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍ പൗലോസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ കല്‍പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ കര്‍ത്താവായ യേശുവിന്റെ നാമം പ്രയോഗിച്ചുനോക്കി.   

14 : യഹൂദരുടെ ഒരു പ്രധാനപുരോഹിതനായ സ്‌കേവായുടെ ഏഴു പുത്രന്‍മാരും ഇങ്ങനെ ചെയ്തുകൊണ്ടി രുന്നു.  

15 : എന്നാല്‍, അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം, പൗലോസിനെയും അറിയാം; എന്നാല്‍ നിങ്ങള്‍ ആരാണ്?  

16 : അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി. അവര്‍ മുറിവേറ്റ്, നഗ്‌നരായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി.  

17 : എഫേസോസില്‍ വസിച്ചിരുന്ന യഹൂദരും ഗ്രീക്കുകാരുമായ എല്ലാവരും ഈ വിവരം അറിഞ്ഞു ഭയപ്പെട്ടു. കര്‍ത്താവായ യേശുവിന്റെ നാമം കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയുംചെയ്തു.  

18 : കൂടാതെ, വിശ്വാസം സ്വീകരിച്ച പലരും വന്ന്, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ്, കുറ്റം സമ്മതിച്ചു.   

19 : ക്ഷുദ്രപ്രയോഗം നടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥച്ചുരുളുകള്‍ കൊണ്ടുവന്ന് എല്ലാവരും കാണ്‍കെ അഗ്‌നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു.   

20 : അങ്ങനെ കര്‍ത്താവിന്റെ വചനം വിപുലമായി പ്രചരിക്കുകയും അതിന്റെ ശക്തി വെളിപ്പെടുകയുംചെയ്തു.   


Reading 3, 2 കോരി 10:3-11 : ആത്മീയ സമരായുധങ്ങൾ

3 : ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.   

4 : എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്തങ്ങളാണ്.  

5 : ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്ധത്യപൂര്‍ണമായ എല്ലാ പ്രതിബന്ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്തുവിനെ അനുകരിക്കേണ്ട തിന് എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.   

6 : നിങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്നവരായതിനുശേഷം അ നുസരിക്കാത്തവരെ ശിക്ഷിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരിക്കുകയാണ്. 

7 : നിങ്ങള്‍ കണ്‍മുമ്പിലുള്ളതു കാണുക. ആരെങ്കിലും താന്‍ ക്രിസ്തുവിനുള്ളവനാണെന്നു ദൃഢമായി വിശ്വസിക്കുന്നെങ്കില്‍, ഞങ്ങളും അവനെപ്പോലെ ക്രിസ്തുവിനുള്ളവരാണെന്നു മനസ്‌സിലാക്കിക്കൊള്ളട്ടെ.   

8 : ഞങ്ങളുടെ അധികാരത്തെപ്പറ്റി ഞാന്‍ കുറച്ചധികം പ്രശംസിച്ചാലും അതില്‍ എനിക്കു ലജ്ജിക്കാനില്ല. നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, കര്‍ത്താവ് ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്.   

9 : ലേഖനത്തിലൂടെ നിങ്ങളെ ഭയപ്പെടുത്തുന്നവനായി എന്നെ നിങ്ങള്‍ കണക്കാക്കരുത്. 

10 : എന്തെന്നാല്‍, ചിലര്‍ പറയുന്നു: അവന്റെ ലേഖനങ്ങള്‍ ഈടുറ്റതും ശക്തവുമാണ്. എന്നാല്‍, അവന്റെ ശാരീരികസാന്നിധ്യം അശക്തവും ഭാഷണം മനസ്‌സിലേ ശാത്തതുമാണ്.   

11 : അകലെയായിരിക്കുമ്പോള്‍ ലേഖനത്തിലൂടെ പറയുന്നതുതന്നെയാണ് അടുത്തായിരിക്കുമ്പോള്‍ ഞങ്ങള്‍പ്രവര്‍ത്തിക്കുന്നത് എന്ന് ഇക്കൂട്ടര്‍ ധരിക്കട്ടെ.   


Gospel, മത്തായി 1:18-25 : നീതിമാനായ യൗസേപ്പ്

18 : യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.   

19 : അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.   

20 : അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.   

21 : അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.   

22 : കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.   

23 : ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.   

24 : ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.   

25 : പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു.   


Back to Top

Never miss an update from Syro-Malabar Church