Daily Readings for Friday March 16,2018

Reading 1, ഉല്‍‍പത്തി 18: 1-14 : ദൈവം അബ്രാമിനെ സന്ദർശിക്കുന്നു

1 : മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു.  

2 : അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതുകണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, നിലംപറ്റെതാണ്, അവരെ വണങ്ങി.  

3 : അവന്‍ പറഞ്ഞു: യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നുപോകരുതേ!  

4 : കാലുകഴുകാന്‍ കുറച്ചുവെള്ളം കൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്രമിക്കുക.  

5 : നിങ്ങള്‍ ഈ ദാസന്റെയടുക്കല്‍ വന്ന നിലയ്ക്ക് ഞാന്‍ കുറേഅപ്പം കൊണ്ടുവരാം. വിശപ്പടക്കിയിട്ടു യാത്ര തുടരാം. നീ പറഞ്ഞതുപോലെ ചെയ്യുക എന്ന് അവര്‍ പറഞ്ഞു.  

6 : അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക.  

7 : അവന്‍ ഓടിച്ചെന്നു കാലിക്കൂട്ടത്തില്‍ നിന്നു കൊഴുത്ത ഒരു ഇളം കാളക്കുട്ടിയെ പിടിച്ചു വേലക്കാരനെ ഏല്‍പിച്ചു. ഉടനെ അവന്‍ അതു പാകംചെയ്യാന്‍ തുടങ്ങി.  

8 : അബ്രാഹം വെണ്ണയും പാലും, പാകം ചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു.  

9 : അവര്‍ അവനോടു ചോദിച്ചു: നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന്‍ മറുപടി പറഞ്ഞു.  

10 : കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍ നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു.  

11 : അബ്രാഹവും സാറായും വൃദ്ധരായിരുന്നു. അവള്‍ക്കു ഗര്‍ഭധാരണപ്രായം കഴിഞ്ഞിരുന്നു.  

12 : അതിനാല്‍, സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്ധനായി. എനിക്കിനി സന്താനസൗഭാഗ്യം ഉണ്ടാകുമോ?  

13 : കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്?  

14 : കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിതസമയത്ത് വസന്തത്തില്‍ ഞാന്‍ നിന്റെ അടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും.


Reading 2, ജോഷ്വാ 14: 5-12 : ജോഷ്വയുടെ ഉപദേശം

5 : കര്‍ത്താവ് മോശയോടു കല്‍പിച്ചതു പോലെ തന്നെ അവര്‍ സ്ഥലം പങ്കിട്ടെടുത്തു.  

6 : അതിനുശേഷം യൂദായുടെ മക്കള്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ അടുത്തുവന്നു. കെനീസ്യനായ യഫുന്നയുടെ മകന്‍ കാലെബ് അവനോടു പറഞ്ഞു: കര്‍ത്താവ് ദൈവപുരുഷനായ മോശയോട് എന്നെക്കുറിച്ചും നിന്നെക്കുറിച്ചും കാദെഷ് ബര്‍ണിയായില്‍വച്ച് എന്താണരുളിച്ചെയ്തതെന്നു നിനക്കറിയാമല്ലോ.  

7 : കാദെഷ് ബര്‍ണിയായില്‍ നിന്നു ദേശം ഒറ്റുനോക്കുന്നതിന് കര്‍ത്താവിന്റെ ദാസനായ മോശ എന്നെ അയയ്ക്കുമ്പോള്‍ എനിക്കു നാല്‍പതു വയസ്‌സുണ്ടായിരുന്നു. ഞാന്‍ സത്യാവസ്ഥ അവനെ അറിയിക്കുകയും ചെയ്തു.  

8 : എന്നാല്‍, എന്നോടുകൂടെ വന്ന സഹോദരന്‍മാര്‍, ജനത്തെ നിരുത്‌സാഹപ്പെടുത്തി. എന്നിട്ടും ഞാന്‍ എന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണമായി പിന്‍ചെന്നു.  

9 : അന്നു മോശ ശപഥം ചെയ്തു പറഞ്ഞു: നീ കാലുകുത്തിയ സ്ഥലം എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും അവകാശമായിരിക്കും. എന്തെന്നാല്‍, എന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണമായും നീ പിന്‍ചെന്നിരിക്കുന്നു.  

10 : ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ സഞ്ചരിച്ചകാലത്ത് കര്‍ത്താവ് മോശയോട് ഇക്കാര്യം സംസാരിച്ചതു മുതല്‍ നാല്‍പത്തഞ്ചു സംവത്‌സരങ്ങള്‍ അവിടുന്ന് എന്നെ ജീവിക്കാന്‍ അനുവദിച്ചു. ഇപ്പോള്‍ എനിക്ക് എണ്‍പത്തിയഞ്ചു വയസ്‌സായി.  

11 : മോശ എന്നെ അയച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ ശക്തി ഇന്നും എനിക്കുണ്ട്. യുദ്ധം ചെയ്യാനും മറ്റെന്തിനും അന്നത്തെ ശക്തി ഇന്നും എനിക്കുണ്ട്.  

12 : ആകയാല്‍, കര്‍ത്താവ് അന്നു പറഞ്ഞ ഈ മലമ്പ്രദേശം എനിക്കു തന്നാലും. പ്രബലങ്ങളായ വലിയ പട്ടണങ്ങളോടു കൂടിയതും അനാക്കിമുകള്‍ വസിക്കുന്നതുമാണ് ഈ സ്ഥലം എന്നു നീ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് എന്നോടുകൂടെയുണ്ടെങ്കില്‍ അവിടുന്ന് എന്നോടു പറഞ്ഞിട്ടുള്ളതുപോലെ ഞാന്‍ അവരെ ഓടിച്ചുകളയും. 


Reading 3, റോമാ 13: 8-14 : പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കുക

8 : പരസ്പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.  

9 : വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.  

10 : സ്‌നേഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്.  

11 : ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ നമ്മള്‍ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അ ടുത്തെത്തിയിരിക്കുന്നു.  

12 : രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം.  

13 : പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്.  

14 : പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.8 : പരസ്പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.  Gospel, യോഹന്നാ‌ന്‍ 8: 49-59 : അബ്രാഹത്തിനുമുമ്പു ഞാനുണ്ട്

49 : യേശു പറഞ്ഞു: എനിക്കു പിശാചില്ല. ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ എന്നെ അപമാനിക്കുന്നു.  

50 : ഞാന്‍ എന്റെ മഹത്വം അന്വേഷിക്കുന്നില്ല. അത് അന്വേഷിക്കുന്നവനും വിധികര്‍ത്താവുമായ ഒരുവനുണ്ട്.  

51 : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.  

52 : യഹൂദര്‍ പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകന്‍മാരും മരിച്ചു. എന്നിട്ടും, എന്റെ വചനം പാലിക്കുന്ന ഒരുവനും ഒരിക്കലും മരിക്കുകയില്ല എന്നു നീ പറയുന്നു.  

53 : ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തെക്കാള്‍ വലിയവനാണോ നീ? പ്രവാചകന്‍മാരും മരിച്ചുപോയി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്?  

54 : യേശു പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വത്തിനു വിലയില്ല.  

55 : എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നു.  

56 : എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.  

57 : അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ?  

58 : യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്.  

59 : അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍നിന്നു മറഞ്ഞ് ദേവാലയത്തില്‍നിന്നു പുറത്തു പോയി. 


Back to Top

Never miss an update from Syro-Malabar Church