Daily Readings for Wednesday March 14,2018

Reading 3, യുദാസ് 1:8-13 : വ്യാജോപദേഷ്ടാക്കള്‍

 8 : സ്വപ്നങ്ങളില്‍ നിമഗ്‌നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു.

9 : പ്രധാനദൂതനായ മിഖായേല്‍ മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനംപോലും ഉച്ചരിക്കാന്‍ തുനിഞ്ഞില്ല; പിന്നെയോ, കര്‍ത്താവ് നിന്നെ ശാസിക്കട്ടെ എന്നുമാത്രം പറഞ്ഞു.

10 : ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.

11 : അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗത്തിലൂടെ നടക്കുകയും ലാഭേച്ഛകൊണ്ട് ബാലാമിന്റെ തെറ്റില്‍ ചെന്നു വീഴുകയും കോ റായുടെ പ്രക്‌ഷോഭത്തില്‍ നശിക്കുകയും ചെയ്യുന്നു.

12 : തങ്ങളുടെ കാര്യംമാത്രം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കളങ്ക മാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങി കട പുഴകിയ ഫലശൂന്യമായ ശരത്കാലവൃക്ഷം പോലെയാണ്.

13 : അവര്‍ തങ്ങളുടെ തന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു


Gospel, യോഹ 8: 1-11 : പിടിക്കപ്പെട്ട വ്യഭിചാരിണി

1 : യേശു ഒലിവുമലയിലേക്കു പോയി.

2 : അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു.

3 : വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി.

4 : അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്.

5 : ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?

6 : ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.

7 : അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.

8 : അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.

9 : എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു.

10 : യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?

11 : അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്


Back to Top

Never miss an update from Syro-Malabar Church