Daily Readings for Sunday February 04,2018

February 2018
S M T W T F S
    123
45678910
11121314151617
18192021222324
25262728   
<< Jan   Mar > >>

Reading 1, നിയ.18:13-18 : മോശയെപ്പോലെ ഒരു പ്രവാചകന്‍

13 : നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം.  

14 : നീ കീഴടക്കാന്‍ പോകുന്ന ജനതകള്‍ ജ്യോത്‌സ്യരെയും പ്രാശ്‌നികരെയും ശ്രവിച്ചിരുന്നു. എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവു നിന്നെ അതിനനുവദിച്ചിട്ടില്ല.  

15 : നിന്റെ ദൈവമായ കര്‍ത്താവു നിന്റെ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്.  

16 : ഹോറെബില്‍ സമ്മേളിച്ച ദിവസം നിന്റെ ദൈവമായ കര്‍ത്താവിനോടു നീയാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്‌നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു.  

17 : അന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.  

18 : അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. 


Reading 2, ഏശ 48:12-20 : ഇസ്രയേലിനെ പഠിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന ദൈവം

12 : യാക്കോബേ, ഞാന്‍ വിളിച്ച ഇസ്രായേലേ, എന്റെ വാക്കു കേള്‍ക്കുക, ഞാന്‍ അവനാണ്, ആദിയും അന്തവുമായവന്‍.  

13 : എന്റെ കരങ്ങള്‍ ഭൂമിക്ക് അടിസ്ഥാനമിട്ടു; എന്റെ വലത്തുകൈയ് ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ എന്റെ മുന്‍പില്‍ ഒന്നിച്ച് അണിനിരക്കുന്നു.  

14 : നിങ്ങള്‍ ഒന്നിച്ചുകൂടി ശ്രവിക്കുവിന്‍. അവരില്‍ ആരാണ് ഇവയെല്ലാം പ്രസ്താവിച്ചത്? കര്‍ത്താവ് സ്‌നേഹിക്കുന്ന അവന്‍ ബാബിലോണിനെക്കുറിച്ചുള്ള അവിടുത്തെ തീരുമാനം നടപ്പിലാക്കും; അവന്റെ കരങ്ങള്‍ കല്‍ദായര്‍ക്ക് എതിരേ ഉയരും.  

15 : ഞാന്‍, അതേ, ഞാന്‍ തന്നെയാണ് അവനോടു സംസാരിച്ചത്, അവനെ വിളിച്ചത്; ഞാന്‍ അവനെ കൊണ്ടുവന്നു. അവന്‍ തന്റെ മാര്‍ഗത്തില്‍ മുന്നേറും.  

16 : എന്റെ സമീപം വന്ന് ഇതു കേള്‍ക്കുക. ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്. ഇപ്പോള്‍ ദൈവമായ കര്‍ത്താവ് എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.  

17 : നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിനക്ക് നന്‍മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്.  

18 : നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു;  

19 : നിന്റെ സന്തതികള്‍ മണല്‍പോലെയും വംശം മണല്‍ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുന്‍പില്‍ നിന്ന് ഒരിക്കലും വിച്‌ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു.  

20 : ബാബിലോണില്‍ നിന്നു പുറപ്പെടുക, കല്‍ദായയില്‍നിന്നു പലായനം ചെയ്യുക. ആനന്ദഘോഷത്തോടെ ഇതു പ്രഖ്യാപിക്കുക, പ്രഘോഷിക്കുക. കര്‍ത്താവ് തന്റെ ദാസനായ യാക്കോബിനെ രക്ഷിച്ചുവെന്നു ഭൂമിയുടെ അതിര്‍ത്തികള്‍വരെയും വിളിച്ചറിയിക്കുക.


Reading 3, ഹെബ്രാ 6: 9 15 : ദൈവത്തിന്റെ വാഗ്ദാനത്തിൽ പ്രത്യാശയുള്ളവരായിരിക്കുക

9 : പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നുവെങ്കിലും ഉത്തമവും രക്ഷാകരവുമായ ഗുണങ്ങള്‍ നിങ്ങളിലുണ്ടെന്നു ഞങ്ങള്‍ക്കു ബോധ്യമുണ്ട്. 

10 : നിങ്ങളുടെ പ്രവൃത്തികളും, വിശുദ്ധര്‍ക്കു നിങ്ങള്‍ ചെയ്തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും വിസ്മരിക്കാന്‍മാത്രം നീതിരഹിതനല്ലല്ലോ ദൈവം.  

11 : നിങ്ങളില്‍ ഓരോരുത്തരും നിങ്ങളുടെ പ്രത്യാശയുടെ പൂര്‍ത്തീകരണത്തിനായി അവസാനംവരെ ഇതേ ഉത്‌സാഹം തന്നെ കാണിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.  

12 : അങ്ങനെ, നിരുത്‌സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയുംവഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍.  

13 : ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്‍കിയപ്പോള്‍, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥം ചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍ , തന്നെക്കൊണ്ടു തന്നെ ശപഥംചെയ്തു  

14 : പറഞ്ഞു: നിശ്ചയമായും നിന്നെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും.  

15 : അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു. 


Gospel, യോഹ. 3:14 - 21 : രക്ഷ പ്രദാനം ചെയ്യുന്ന വെളിച്ചം

14 : മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.  

15 : തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.  

16 : എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.  

17 : ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.  

18 : അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.  

19 : ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.  

20 : തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല.  

21 : സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു. 


Back to Top

Never miss an update from Syro-Malabar Church