Daily Readings for Sunday February 18,2018

February 2018
S M T W T F S
    123
45678910
11121314151617
18192021222324
25262728   
<< Jan   Mar > >>

Reading 1, ഉല്‍‍ 5:19-31 : ദൈവത്തോട് ചേർന്ന് ജീവിച്ചവർ

19 : ഹെനോക്കിന്റെ ജനനത്തിനുശേഷം യാരെദ് എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.  

20 : യാരെദിന്റെ ജീവിതകാലം തൊള്ളായിരത്തിയറുപത്തിരണ്ടു വര്‍ഷമായിരുന്നു. അവനും മരിച്ചു.  

21 : ഹെനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ മെത്തുശെലഹ് എന്ന മകനുണ്ടായി.  

22 : മെത്തുശെലഹിന്റെ ജനനത്തിനുശേഷം ഹെനോക്ക് മുന്നൂറു വര്‍ഷംകൂടി ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു; അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.  

23 : ഹെനോക്കിന്റെ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു.  

24 : ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു.  

25 : നൂറ്റിയെണ്‍പത്തേഴു വയസ്സായപ്പോള്‍ മെത്തുശെലഹ് ലാമെക്കിന്റെ പിതാവായി.  

26 : ലാമെക്കിന്റെ ജനനത്തിനുശേഷം മെത്തുശെലഹ് എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.  

27 : മെത്തുശെലഹിന്റെ ജീവിതകാലം തൊള്ളായിരത്തറുപത്തൊമ്പതു വര്‍ഷമായിരുന്നു. അവനും മരിച്ചു.  

28 : ലാമെക്കിനു നൂറ്റിയെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ ഒരു പുത്രനുണ്ടായി.  

29 : കര്‍ത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസംനേടിത്തരും എന്നു പറഞ്ഞ് അവനെ നോഹ എന്നു വിളിച്ചു. 

30 : നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.  

31 : ലാമെക്കിന്റെ ജീവിതകാലം എഴുനൂറ്റിയെഴുപത്തേഴു വര്‍ഷമായിരുന്നു. അവനും മരിച്ചു.  


Reading 2, ജോഷ്വാ 4:15-24 : യോർദാനിലൂടെ രക്ഷയുടെ നാട്ടിലേക്കു

15 : കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു:  

16 : സാക്ഷ്യപേടകം വഹിക്കുന്ന പുരോഹിതന്‍മാരോട് ജോര്‍ദാനില്‍നിന്നു കയറിവരാന്‍ കല്‍പിക്കുക.  

17 : ജോഷ്വ അവരോടു കയറിവരാന്‍ കല്‍പിച്ചു.  

18 : കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചിരുന്ന പുരോഹിതന്‍മാര്‍ ജോര്‍ദാനില്‍ നിന്നു കയറി, കരയില്‍ കാല്‍ കുത്തിയപ്പോള്‍ ജോര്‍ദാനിലെ വെള്ളം പഴയപടി ഒഴുകി കരകവിഞ്ഞു.  

19 : ഒന്നാം മാസം പത്താം ദിവസമാണ് ജനം ജോര്‍ദാനില്‍ നിന്നു കയറി ജറീക്കോയുടെ കിഴക്കേ അതിര്‍ത്തിയിലുള്ള ഗില്‍ഗാലില്‍ താവളമടിച്ചത്.  

20 : ജോര്‍ദാനില്‍ നിന്നു കൊണ്ടുവന്ന പന്ത്രണ്ടു കല്ല് ജോഷ്വ ഗില്‍ഗാലില്‍ സ്ഥാപിച്ചു.  

21 : അവന്‍ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: ഭാവിയില്‍ നിങ്ങളുടെ സന്തതികള്‍ പിതാക്കന്‍മാരോട് ഈ കല്ലുകള്‍ എന്തു സൂചിപ്പിക്കുന്നു എന്നു ചോദിക്കുമ്പോള്‍, 

22 : ഇസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദാന്‍ കടന്നു എന്ന് നിങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുക്കണം.  

23 : ദൈവമായ കര്‍ത്താവ്, ഞങ്ങള്‍ കടന്നു കഴിയുന്നതുവരെ, ചെങ്കടല്‍ വറ്റിച്ചതു പോലെ നിങ്ങള്‍ കടക്കുന്നതുവരെ ജോര്‍ദാനിലെ വെള്ളവും വറ്റിച്ചു. 

24 : അങ്ങനെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെ കരങ്ങള്‍ ശക്തമാണെന്ന് ലോകമെങ്ങുമുള്ള ജനങ്ങള്‍ അറിയുകയും ചെയ്യട്ടെ!  


Reading 3, റോമാ 6:15-23 : കൃപയ്ക്കു കീഴ്‌പ്പെട്ടവർ

15 : അതുകൊണ്ടെന്ത്? നാം നിയമത്തിനു കീഴ്‌പ്പെട്ടവരല്ല, കൃപയ്ക്കു കീഴ്‌പ്പെട്ടവരാണ് എന്നതുകൊണ്ട് നമുക്കു പാപം ചെയ്യാമോ? ഒരിക്കലും പാടില്ല. 

16 : നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്റെ അടിമകളാണെന്ന് അറിയുന്നില്ലേ? ഒന്നുകില്‍, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ അടിമകള്‍; അല്ലെങ്കില്‍, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകള്‍.  

17 : ഒരിക്കല്‍ നിങ്ങള്‍ പാപത്തിന് അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭിച്ച പ്രബോധനം ഹൃദയപൂര്‍വം അനുസരിച്ച്,  

18 : പാപത്തില്‍നിന്നു മോചിതരായി നിങ്ങള്‍ നീതിക്ക് അടിമകളായതിനാല്‍ ദൈവത്തിനു നന്ദി.  

19 : നിങ്ങളുടെ പരിമിതി നിമിത്തം ഞാന്‍ മാനുഷികരീതിയില്‍ സംസാരിക്കുകയാണ്. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോള്‍ അവയെ വിശുദ്ധീകരണത്തിനു വേണ്ടി നീതിക്ക് അടിമകളായി സമര്‍പ്പിക്കുവിന്‍.  

20 : നിങ്ങള്‍ പാപത്തിന് അടിമകളായിരുന്നപ്പോള്‍ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു.  

21 : ഇന്നു നിങ്ങള്‍ക്കു ലജ്ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളില്‍നിന്ന് അന്നു നിങ്ങള്‍ക്ക് എന്തു ഫലം കിട്ടി? അവയുടെ അവസാനം മരണമാണ്.  

22 : എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായിദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്.  

23 : ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും.  


Gospel, മത്താ 7:21-27 : യഥാര്‍ഥ ശിഷ്യന്‍

21 : കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.  

22 : അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?  

23 : അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍.  

24 : എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.  

25 : മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു.  

26 : എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും.  

27 : മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.  


Back to Top

Never miss an update from Syro-Malabar Church