Daily Readings for Friday February 16,2018

February 2018
S M T W T F S
    123
45678910
11121314151617
18192021222324
25262728   
<< Jan   Mar > >>

Reading 1, ഉല്‍‍ 4: 1-16 : കായേനു ശിക്ഷ

1 : ആദം തന്റെ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ചു കായേനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: കര്‍ത്താവു കടാക്ഷിച്ച് എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു.  

2 : പിന്നീട് അവള്‍ കായേന്റെ സഹോദരന്‍ ആബേലിനെ പ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു.  

3 : ഒരിക്കല്‍ കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു.  

4 : ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവച്ചു. ആബേലിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു.  

5 : എന്നാല്‍ കായേനിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു. 

6 : കര്‍ത്താവു കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്?  

7 : ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.  

8 : ഒരു ദിവസം കായേന്‍ തന്റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെകൊന്നു.  

9 : കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?  

10 : എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു.  

11 : നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും.  

12 : കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും.  

13 : കായേന്‍ കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ.  

14 : ഇന്ന് അവിടുന്ന് എന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും.  

15 : കര്‍ത്താവുപറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെ മേല്‍ ഒരടയാളം പതിച്ചു.  

16 : കായേന്‍ കര്‍ത്താവിന്റെ സന്നിധിവിട്ട് ഏദനു കിഴക്കു നോദുദേശത്ത് വാസമുറപ്പിച്ചു. 


Reading 2, ജോഷ്വാ, 3: 14-4: 9 : ഇസ്രായേല്‍ജനം ജോര്‍ദാന്‍ കടക്കുന്നു

14 : തങ്ങള്‍ക്കു മുമ്പേ വാഗ്ദാനപേടകം വഹിച്ചുകൊണ്ടു പോകുന്ന പുരോഹിതന്‍മാരുടെ കൂടെ ജനം ജോര്‍ദാന്‍ നദി കടക്കുന്നതിനു കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു.

15 : വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദാന്‍ നദീതീരത്തെത്തി. പേടകം വഹിച്ചിരുന്ന പുരോഹിതന്‍മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു - കൊയ്ത്തുകാലം മുഴുവന്‍ ജോര്‍ദാന്‍ കരകവിഞ്ഞൊഴുകുക പതിവാണ്.

16 : വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം നിശ്ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്ക്കു നേരേ മറുകര കടന്നു.

17 : ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതന്‍മാര്‍ ജോര്‍ദാന്റെ മധ്യത്തില്‍ വരണ്ട നിലത്തുനിന്നു. സര്‍വരും ജോര്‍ദാന്‍ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു.

1 : ജനം ജോര്‍ദാന്‍ കടന്നു കഴിഞ്ഞപ്പോള്‍ കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു:

2 : ഓരോ ഗോത്രത്തിലും നിന്ന് ഒരാളെ വീതം ജനത്തില്‍ നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക:

3 : ജോര്‍ദാന്റെ നടുവില്‍ പുരോഹിതന്‍മാര്‍ നിന്നിരുന്ന സ്ഥലത്തു നിന്നു പന്ത്രണ്ടു കല്ലു കൊണ്ടുവന്ന് ഇന്നു രാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണം.

4 : ഗോത്രത്തിന് ഒന്നുവീതം ഇസ്രായേല്‍ ജനത്തില്‍ നിന്നു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെ ജോഷ്വ വിളിച്ചു;

5 : അവന്‍ അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ പേടകത്തിനു മുമ്പേ ജോര്‍ദാന്റെ മധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന് ഇസ്രായേല്‍ ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഓരോരുത്തരും ഓരോ കല്ല് ചുമലില്‍ എടുക്കണം.

6 : ഇതു നിങ്ങള്‍ക്ക് ഒരു സ്മാരകമായിരിക്കും.

7 : ഇത് എന്തു സൂചിപ്പിക്കുന്നു എന്ന് ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം: കര്‍ത്താവിന്റെ വാഗ്ദാനപേടകം നദി കടന്നപ്പോള്‍ ജോര്‍ദാനിലെ ജലം വിഭജിക്കപ്പെട്ടു. ഈ കല്ലുകള്‍ എക്കാലവും ഇസ്രായേല്‍ ജനത്തെ ഇക്കാര്യം അനുസ്മരിപ്പിക്കും.

8 : ജോഷ്വ ആജ്ഞാപിച്ചതു പോലെ ജനം ചെയ്തു. കര്‍ത്താവ് ജോഷ്വയോടു പറഞ്ഞതു പോലെ ഇസ്രായേല്‍ ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് അവര്‍ ജോര്‍ദാനില്‍ നിന്ന് പന്ത്രണ്ടു കല്ല് എടുത്തു; അതു കൊണ്ടുപോയി തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു വച്ചു.

9 : ജോര്‍ദാന്റെ നടുവില്‍ വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്‍മാര്‍ നിന്നിരുന്നിടത്തും ജോഷ്വ പന്ത്രണ്ടു കല്ലു സ്ഥാപിച്ചു. അവ ഇന്നും അവിടെയുണ്ട്.


Reading 3, റോമാ 4: 13-25 : അബ്രാഹത്തിന്റെ വിശ്വാസം

13 : ലോകത്തിന്റെ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്റെ നീതിയിലൂടെയാണ്.

14 : നിയമത്തെ ആശ്രയിക്കുന്നവര്‍ക്കാണ് അവകാശമെങ്കില്‍ വിശ്വാസം നിരര്‍ഥകവും വാഗ്ദാനം നിഷ്ഫലവുമായിത്തീരും.

15 : എന്തെന്നാല്‍, നിയമം ക്രോധത്തിനു ഹേതുവാണ്. നിയമമില്ലാത്തിടത്തു ലംഘനമില്ല.

16 : അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്റെ എല്ലാ സന്തതിക്കും - നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്റെ വിശ്വാസത്തില്‍ പങ്കുചേ രുന്ന സന്തതിക്കും-ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്.

17 : ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്നവന്റെ മുമ്പില്‍, അവന്‍ വിശ്വാസമര്‍പ്പിച്ചദൈവത്തിന്റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം.

18 : നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച് താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു.

19 : നൂറു വയസ്‌സായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുര്‍ബലമായില്ല.

20 : വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു.

21 : വാഗ്ദാനം നിറവേറ്റാന്‍ ദൈവത്തിനു കഴിയുമെന്ന് അവനു പൂര്‍ണബോധ്യമുണ്ടായിരുന്നു.

22 : അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്.

23 : അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്ധിച്ചു മാത്രമല്ല,

24 : നമ്മെ സംബന്ധിച്ചുകൂടിയാണ്. നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിന് ഏല്‍പിക്കപ്പെടുകയും

25 : നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും.


Gospel, മത്താ 7: 1-6 : ആരെയും വിധിക്കരുത്


1 : വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.

2 : നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.

3 : നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?

4 : അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?

5 : കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും.

6 : വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.


Back to Top

Never miss an update from Syro-Malabar Church