Daily Readings for Thursday February 15,2018

February 2018
S M T W T F S
    123
45678910
11121314151617
18192021222324
25262728   
<< Jan   Mar > >>

Reading 1, ഉല്‍‍ 3: 1-13 : ആദിമാപിതാക്കളുടെ പാപം

1 : ദൈവമായ കര്‍ത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ?

2 : സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം.

3 : എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്.

4 : സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല.

5 : അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.

6 : ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു.

7 : ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്‌നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി.

8 : വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു.

9 : അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്?

10 : അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്.

11 : അവിടുന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ചവൃക്ഷത്തിന്റെ പഴം നീ തിന്നോ?

12 : അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു.

13 : ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.


Reading 2, ജോഷ്വാ 3: 1-13 : ഞാന്‍ നിന്നോടുകൂടെയുണ്ട്

1 : ജോഷ്വ അതിരാവിലെ എഴുന്നേറ്റു സകല ഇസ്രായേല്യരോടും കൂടെ ഷിത്തിമില്‍ നിന്നു പുറപ്പെട്ടു ജോര്‍ദാന്‍ നദിക്കരികെ എത്തി.  

2 : മറുകര കടക്കാന്‍ സൗകര്യം പാര്‍ത്ത് അവിടെ കൂടാരമടിച്ചു.  

3 : മൂന്നു ദിവസം കഴിഞ്ഞ് പ്രമാണികള്‍ പാളയത്തിലൂടെ നടന്ന് ജനത്തോടു കല്‍പിച്ചു: ലേവ്യ പുരോഹിതന്‍മാര്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാഗ്ദാനപേടകം സംവഹിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ അവരെ അനുഗമിക്കുവിന്‍.  

4 : ഈ വഴിയിലൂടെ ഇതിനു മുന്‍പു നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ട വഴി അവര്‍ കാണിച്ചു തരും. എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാനപേടകത്തിനും ഇടയ്ക്കു രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കണം. അതിനെ സമീപിക്കരുത്.  

5 : ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.  

6 : വാഗ്ദാന പേടകമെടുത്ത് ജനങ്ങള്‍ക്കു മുമ്പേ നടക്കുവിന്‍ എന്ന് അവന്‍ പുരോഹിതന്‍മാരോടു പറഞ്ഞു: അവര്‍ അപ്രകാരം ചെയ്തു.  

7 : കര്‍ത്താവ് ജോഷ്വയോടു പറഞ്ഞു: ഞാന്‍ മോശയോടുകൂടെയെന്ന പോലെ നിന്നോടുകൂടെയു മുണ്ടെന്ന് അവര്‍ അറിയുന്നതിന് ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു.  

8 : ജോര്‍ദാനിലെ വെള്ളത്തിനരികിലെത്തുമ്പോള്‍ അവിടെ നിശ്ചലരായി നില്‍ക്കണമെന്ന് വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്‍മാരോടു നീ കല്‍പിക്കണം.  

9 : ജോഷ്വ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങള്‍ അടുത്തുവന്നു ദൈവമായ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍.  

10 : അവന്‍ തുടര്‍ന്നു: ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയില്‍ ഉണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും ഇതിനാല്‍ നിങ്ങള്‍ അറിയണം.  

11 : ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ വാഗ്ദാനപേടകം നിങ്ങള്‍ക്കു മുമ്പേ ജോര്‍ദാനിലേക്കു പോകുന്നതു കണ്ടാലും.  

12 : ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്ന്, ഗോത്രത്തിന് ഒന്നുവീതം, പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുവിന്‍.  

13 : ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ പേടകം വഹിക്കുന്ന പുരോഹിതന്‍മാരുടെ ഉള്ളങ്കാല്‍ ജോര്‍ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍ നിന്നു വരുന്ന വെള്ളം ചിറ പോലെ കെട്ടി നില്‍ക്കുകയും ചെയ്യും.


Reading 3, റോമാ 3: 9-20 : എല്ലാവരും പാപികള്‍

9 : അപ്പോഴെന്ത്? യഹൂദരായ നമുക്കു വല്ല മേന്‍മയുമുണ്ടോ? ഇല്ല, അശേഷമില്ല. യഹൂദരും ഗ്രീക്കുകാരും പാപത്തിന് അധീനരാണെന്നു നമ്മള്‍ മുമ്പേ കുറ്റപ്പെടുത്തിയല്ലോ.

10 : ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍ പോലുമില്ല;

11 : കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല.

12 : എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്‍മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.

13 : അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. അവര്‍ തങ്ങളുടെ നാവ് വഞ്ച നയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്.

14 : അവരുടെ വായ് ശാപവും കയ്പുംകൊണ്ടു നിറഞ്ഞിരിക്കുന്നു.

15 : അവരുടെ പാദങ്ങള്‍ രക്തം ചൊരിയാന്‍ വെമ്പുന്നു.

16 : അവരുടെ പാതകളില്‍ നാശവും ക്ലേശവും പതിയിരിക്കുന്നു.

17 : സമാധാനത്തിന്റെ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ.

18 : അവര്‍ക്കു ദൈവഭയമില്ല.

19 : നിയമത്തിന്റെ അനുശാസനങ്ങളെല്ലാം നിയമത്തിനു കീഴുള്ളവരോടാണു പറയപ്പെട്ടിരിക്കുന്നതെന്നു നമുക്കറിയാം. എല്ലാ അധരങ്ങളെയും നിശ്ശബ്ദമാക്കുന്നതിനുംലോകം മുഴുവന്‍ ദൈവത്തിന്റെ മുമ്പില്‍ കണക്കുബോധിപ്പിക്കുന്നതിനുംവേണ്ടിയാണ് ഇത്.

20 : നിയമം അനുഷ്ഠിക്കുന്നതുകൊണ്ട്, ഒരുവനും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല. നിയമംവഴി പാപത്തെക്കുറിച്ച് ബോധമുണ്ടാകുന്നുവെന്നേയുള്ളു.


Gospel, മത്തായി 6: 25-34 : ദൈവപരിപാലനയില്‍ ആശ്രയിക്കുക

25 : ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ?

26 : ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!

27 : ഉത്കണ്ഠമൂലം ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?

28 : വസ്ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നു എന്നു നോക്കുക; അവ അധ്വാനിക്കുന്നില്ല, നൂല്‍നൂല്‍ക്കുന്നുമില്ല.

29 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും തന്റെ സര്‍വമഹത്വത്തിലും ഇവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.

30 : ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന് എത്രയ ധികം അലങ്കരിക്കുകയില്ല!

31 : അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.

32 : വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു.

33 : നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

34 : അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി.


Back to Top

Never miss an update from Syro-Malabar Church