Daily Readings for Tuesday February 13,2018

February 2018
S M T W T F S
    123
45678910
11121314151617
18192021222324
25262728   
<< Jan   Mar > >>

Reading 1, ഉല്‍‍ 1: 20-2: 7 : മനുഷ്യസൃഷ്ട്ടി

20 : ദൈവം വീണ്ടും അരുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില്‍ പറക്കട്ടെ.

21 : അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവി കളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു.

22 : ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ.

23 : സന്ധ്യയായി, പ്രഭാതമായി - അഞ്ചാം ദിവസം.

24 : ദൈവം വീണ്ടും അരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവ ജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു.

25 : അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവനല്ലതെന്ന് അവിടുന്നു കണ്ടു.

26 : ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.

27 : അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.

28 : ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ.

29 : ദൈവം അരുളിച്ചെയ്തു : ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു,

30 : ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു.

31 : താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി - ആറാം ദിവസം.

1 : അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി.

2 : ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു.

3 : സൃഷ്ടികര്‍മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി.

4 : ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉത്പത്തിചരിത്രം.

ഏദന്‍ തോട്ടം

5 : ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍മനുഷ്യനുണ്ടായിരുന്നുമില്ല.

6 : എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്നു ഭൂതലമെല്ലാം നനച്ചു.

7 : ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.


Reading 2, ജോഷ്വാ 1: 16-18 : അനുസരണം വാഗ്ദാനം ചെയ്യുന്ന ജനം

16 : അവര്‍ ജോഷ്വയോടു പറഞ്ഞു: നീ കല്‍പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അയയ്ക്കുന്നിടത്തേക്കെല്ലാം ഞങ്ങള്‍ പോകാം.

17 : മോശയെ എന്നതുപോലെ ഞങ്ങള്‍ എല്ലാക്കാര്യങ്ങളിലും നിന്നെയും അനുസരിക്കും. നിന്റെ ദൈവമായ കര്‍ത്താവ്, മോശയോടുകൂടെയെന്നതു പോലെ നിന്നോടു കൂടെയും ഉണ്ടായിരിക്കട്ടെ!

18 : നിന്റെ ആജ്ഞകള്‍ ധിക്കരിക്കുകയും നിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മരിക്കണം. നീ ധീരനും ശക്തനുമായിരിക്കുക!


Reading 3, റോമാ 2: 1-6 : മറ്റുള്ളവരെ വിധിക്കരുത്

1 : അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാൽ, വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു.

2 : അപ്രകാരം പ്രവർത്തിക്കുന്നവരുടെമേലുള്ള ദൈവത്തിൻെറ വിധിന്യായയുക്തമാണെന്നു നമുക്കറിയാം.

3 : ഇത്തരംപ്രവൃത്തികൾ ചെയ്യുന്നവരെ വിധിക്കുകയും എന്നാൽ, അവതന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിൻെറ വിധിയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?

4 : അതോ, അവിടുത്തെനിസ്‌സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിൻെറ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?

5 : എന്നാൽ, ദൈവത്തിൻെറ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിൻെറ ദിനത്തിലേക്കു നീ നിൻെറ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്.

6 : എന്തെന്നാൽ, ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് അവിടുന്നുപ്രതിഫലം നൽകും.


Gospel, മത്താ 5: 38-42 : ഉദാരതയോടെ സ്നേഹിക്കുക

38 : കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.

39 : എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.

40 : നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക.

41 : ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക.

42 : ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.


Back to Top

Never miss an update from Syro-Malabar Church