Daily Readings for Monday February 12,2018

February 2018
S M T W T F S
    123
45678910
11121314151617
18192021222324
25262728   
<< Jan   Mar > >>

Reading 1, ഉല്‍‍പത്തി 1: 1-19 : ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു

1 : ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.  

2 : ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.  

3 : ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.  

4 : വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു.  

5 : വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - ഒന്നാംദിവസം.  

6 : ദൈവം വീണ്ടും അരുളിച്ചെയ്തു: ജല മധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ.  

7 : ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു.  

8 : വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം.  

9 : ദൈവം വീണ്ടും അരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു.  

10 : കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു.  

11 : ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു.  

12 : ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവനല്ലതെന്നു ദൈവം കണ്ടു.  

13 : സന്ധ്യയായി, പ്രഭാതമായി - മൂന്നാം ദിവസം.  

14 : ദൈവം വീണ്ടും അരുളിച്ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ.  

15 : ഭൂമിയില്‍ പ്രകാശം ചൊരിയാന്‍വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ. അങ്ങനെ സംഭവിച്ചു.  

16 : ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്.  

17 : നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു.  

18 : ഭൂമിയില്‍പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്നുവേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു.  

19 : സന്ധ്യയായി, പ്രഭാതമായി - നാലാം ദിവസം.  


Reading 2, ജോഷ്വാ 1: 1-15 : കാനാനില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു

1 : കര്‍ത്താവിന്റെ ദാസനായ മോശയുടെ മരണത്തിനുശേഷം അവന്റെ സേവകനും നൂനിന്റെ പുത്രനുമായ ജോഷ്വയോട് കര്‍ത്താവ് അരുളിച്ചെയ്തു:

2 : എന്റെ ദാസന്‍ മോശ മരിച്ചു. നീയും ജനം മുഴുവനും ഉടനെ തയ്യാറായി ജോര്‍ദാന്‍ നദി കടന്ന് ഞാന്‍ ഇസ്രായേല്‍ ജനത്തിനു നല്‍കുന്ന ദേശത്തേക്കു പോവുക. /p>

3 : മോശയോടു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും.

4 : തെക്കുവടക്ക് മരുഭൂമി മുതല്‍ ലബനോന്‍വരെയും കിഴക്കുപടിഞ്ഞാറ്‌ യൂഫ്രട്ടീസ് മഹാനദിയും ഹിത്യരുടെ എല്ലാദേശങ്ങളുമടക്കം മഹാസമുദ്രം വരെയും നിങ്ങളുടേതായിരിക്കും.

5 : നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും.

6 : ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. ഈ ജനത്തിനു നല്‍കുമെന്ന് ഇവരുടെ പിതാക്കന്‍മാരോടു ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന ദേശം ഇവര്‍ക്ക് അവകാശമായി വീതിച്ചു കൊടുക്കേണ്ടതു നീയാണ്.

7 : എന്റെ ദാസനായ മോശ നല്‍കിയിട്ടുള്ള എല്ലാ നിയമങ്ങളും അനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുകയും ചെയ്യുക. അവയില്‍ നിന്ന് ഇടംവലം വ്യതിചലിക്കരുത്. നിന്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയം വരിക്കും.

8 : ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.

9 : ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.

10 : ജോഷ്വ ജനപ്രമാണികളോടു കല്‍പിച്ചു:

11 : പാളയത്തിലൂടെ ചെന്ന് ജനങ്ങളോട് ഇങ്ങനെ ആജ്ഞാപിക്കുവിന്‍: വേഗം നിങ്ങള്‍ക്കാവശ്യമായവ സംഭരിക്കുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കവകാശമായി നല്‍കാന്‍ പോകുന്ന ദേശം കൈവശപ്പെടുത്താന്‍ മൂന്നു ദിവസത്തിനുള്ളില്‍ നിങ്ങള്‍ ജോര്‍ദാന്‍ കടക്കണം.

12 : റൂബന്‍, ഗാദ് ഗോത്രങ്ങളോടും മനാസ്‌സെയുടെ അര്‍ധഗോത്രത്തോടും ജോഷ്വ പറഞ്ഞു:

13 : നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് സ്വസ്ഥമായി വസിക്കാന്‍ ഒരു സ്ഥലം തരുകയാണ്; അവിടുന്ന് ഈ ദേശം നിങ്ങള്‍ക്കും തരും എന്ന് കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു പറഞ്ഞത് അനുസ്മരിക്കുവിന്‍.

14 : നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും ജോര്‍ദാനിക്കരെ മോശ നിങ്ങള്‍ക്കു നല്‍കിയ ദേശത്തു വസിക്കട്ടെ. എന്നാല്‍, നിങ്ങളില്‍ കരുത്തന്‍മാര്‍ ആയുധം ധരിച്ച് നിങ്ങളുടെ സഹോദരന്‍മാര്‍ക്കു മുന്‍പേ പോകണം.

15 : നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കെന്നതു പോലെ നിങ്ങളുടെ സഹോദരന്‍മാര്‍ക്കും ആശ്വാസം നല്‍കുകയും അവിടുന്ന് അവര്‍ക്കു കൊടുക്കുന്ന ദേശം അവര്‍ കൈവശമാക്കുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരെ സഹായിക്കണം. അനന്തരം മടങ്ങിവന്ന് ജോര്‍ദാനിക്കരെ കിഴക്കുവശത്ത് കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങള്‍ക്ക് അവകാശമായിത്തന്നിരിക്കുന്ന സ്ഥലത്തു വസിച്ചുകൊള്ളുവിന്‍.


Reading 3, റോമാ 1: 16-25 : മനുഷ്യന്റെ പാപവും പരിണീതഫലവും

16 : സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്.

17 : അതില്‍, വിശ്വാസത്തില്‍നിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാന്‍ വിശ്വാസംവഴി ജീവിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.

18 : മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു.

19 : ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്.

20 : ലോകസൃഷ്ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല.

21 : അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെയുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു.

22 : ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.

23 : അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.

24 : അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു.

25 : എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍.


Gospel, മത്താ 5:17-26 : സഹോദരനുമായി രമ്യപ്പെടുക

17 : നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.

18 : ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

19 : ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.

20 : നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

സഹോദരനുമായി രമ്യതപ്പെടുക

21 : കൊല്ലരുത്; കൊല്ലുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

22 : എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും.

23 : നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍,

24 : കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക.

25 : നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെവേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെന്യായാധിപനുംന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും.

26 : അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.


Back to Top

Never miss an update from Syro-Malabar Church