Daily Readings for Sunday February 11,2018

February 2018
S M T W T F S
    123
45678910
11121314151617
18192021222324
25262728   
<< Jan   Mar > >>

Reading 1, പുറ 34:27-35 : മോശയുടെ ഉപവാസം

27 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഈ വചനങ്ങള്‍ രേഖപ്പെടുത്തുക. നിന്നോടും ഇസ്രായേല്‍ ജനത്തോടും ഞാന്‍ ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ.  

28 : മോശ നാല്‍പതു പകലും നാല്‍പതു രാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന്‍ പലകകളില്‍ എഴുതി.  

29 : രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ് മലയില്‍നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്നകാര്യം അവന്‍ അറിഞ്ഞില്ല.  

30 : അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു.  

31 : മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്‍മാരും അടുത്തുചെന്നു.  

32 : മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ്മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്‍പനയായി നല്‍കി.  

33 : സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖം മറച്ചു.  

34 : അവന്‍ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുന്‍പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന് അവിടുന്ന് തന്നോടു കല്‍പിച്ചവയെല്ലാം ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരുന്നു.  

35 : ഇസ്രായേല്‍ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെ മോശ മുഖം മറച്ചിരുന്നു. 


Reading 2, ഏശ 58:1-10 : യഥാര്‍തഥ ഉപവാസം

1 : ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയുക. കാഹളംപോലെ സ്വരം ഉയര്‍ത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങള്‍, വിളിച്ചുപറയുക.  

2 : നീതി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കല്‍പനകള്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം അവര്‍ ദിവസേന എന്നെ അന്വേഷിക്കുകയും എന്റെ മാര്‍ഗം തേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവര്‍ എന്നോടു നീതിവിധികള്‍ ആരായുന്നു; ദൈവത്തോട് അടുക്കാന്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നു.  

3 : ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ! ഞങ്ങള്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ് അതു ശ്രദ്ധിക്കുന്നില്ലല്ലോ! എന്നാല്‍, ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു.  

4 : കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല.  

5 : ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നുംവിളിക്കുക?  

6 : ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?  

7 : വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?  

8 : അപ്പോള്‍, നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുന്‍പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്‍പിലും നിന്നെ സംരക്ഷിക്കും.  

9 : നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും. മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന് ദൂരെയകറ്റുക.  

10 : വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും. 


Reading 3, എഫേ 4:17-32 : പുതിയ മനുഷ്യനെ ധരിക്കുക

17 : കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്.  

18 : ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു. 

19 : അവര്‍ മനസ്‌സു മരവിച്ച് ഭോഗാസക്തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്ധികളിലും ആവേശത്തോടെ മുഴുകി.  

20 : പക്‌ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചത്.  

21 : നിങ്ങള്‍ യേശുവിനെക്കുറിച്ചുകേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.  

22 : നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.  

23 : നിങ്ങള്‍ മനസ്‌സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.  

24 : യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാ ദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.


Gospel, മത്താ 4:1-11 : ഉപവാസത്തിലൂടെ പരീക്ഷകളെ അതിജീവിച്ച ഈശോ

1 അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു.

2 യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.

3 പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.

4 അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടു മാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.

5 അനന്തരം, പിശാച് അവനെ വിശുദ്ധ നഗരത്തിലേക്കു കൂട്ടിക്കൊ ണ്ടു പോയി ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:

6 നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവന്‍ തന്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു.

7 യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.

8 വീ ണ്ടും , പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടു പോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊï്, അവനോടു പറഞ്ഞു:

9 നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും.

10 യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.

11 അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.


Back to Top

Never miss an update from Syro-Malabar Church