Daily Readings for Sunday January 07,2018

January 2018
S M T W T F S
 123456
78910111213
14151617181920
21222324252627
28293031   
<< Dec   Feb > >>

Reading 1, പുറ 3:1-12 : മോശയെ വിളിക്കുന്നു

1 : മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു.

2 : അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്‌നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല.

3 : അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.

4 : അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !

5 : അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്.

6 : അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു.

7 : കര്‍ത്താവു വീണ്ടും അരുളിച്ചെയ്തു: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു.

8 : ഈജിപ്തുകാരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് - കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേക്ക് - അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്.

9 : ഇതാ, ഇസ്രായേല്‍മക്കളുടെ നിലവിളി എന്റെയടുത്ത് എത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദിക്കുന്നുവെന്നു ഞാന്‍ കണ്ടു.

10 : ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം.

11 : മോശ ദൈവത്തോടു പറഞ്ഞു: ഫറവോയുടെ അടുക്കല്‍ പോകാനും ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാനും ഞാന്‍ ആരാണ്?

12 : അവിടുന്ന് അരുളിച്ചെയ്തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും.


Reading 2, ഏശ 44:28-45:4 : സൈറസിനെ നിയോഗിക്കുന്നു

28 : സൈ റസിനെപ്പറ്റി, ഞാന്‍ നിയോഗിച്ച ഇടയനാണ് അവന്‍ , അവന്‍ എന്റെ ഉദ്‌ദേശ്യം സഫലമാക്കുമെന്നും ജറുസലെമിനെക്കുറിച്ച്, അവള്‍ പുനര്‍നിര്‍മിക്കപ്പെടുമെന്നും ദേവാലയത്തെക്കുറിച്ച്, നിന്റെ അടിസ്ഥാനം ഉറപ്പിക്കുമെന്നും അവിടുന്ന് അരുളിച്ചെയ്യുന്നു.

അദ്ധ്യായം 45


1 : രാജ്യങ്ങള്‍ കീഴടക്കുന്നതിനും രാജാക്കന്‍മാരുടെ അരപ്പട്ടകള്‍ അഴിക്കുന്നതിനും നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്തനായ ആ സൈറസിനോടു കര്‍ത്താവ് അരുളിച്ചെയ്യുന്നു:  

2 : ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.  

3 : നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.  

4 : എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.  


Reading 3, 2 തിമോ 3:10-15 : യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലുടെ രക്ഷപ്രാപിക്കുന്നതിനു

10 : ഞാന്‍ പഠിപ്പിച്ച സത്യങ്ങളും എന്റെ ജീവിതരീതിയും ലക്ഷ്യവും വിശ്വാസവും ക്ഷമയും സ്‌നേഹവും സ്‌ഥൈര്യവും നീ അടുത്തറിഞ്ഞിട്ടുണ്ടല്ലോ. 

11 : ഞാന്‍ സഹിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്ത്രായിലും എനിക്കു സഹിക്കേണ്ടിവന്ന മര്‍ദ്ദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്. അവയില്‍നിന്നെല്ലാം കര്‍ത്താവ് എന്നെ രക്ഷിച്ചു.  

12 : യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.  

13 : അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.  

14 : എന്നാല്‍ നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആരില്‍നിന്നാണു പഠിച്ചതെന്നോര്‍ത്ത് അവയില്‍ സ്ഥിരമയി നില്ക്കുക.  

15 : യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലുടെ രക്ഷപ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍ നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ.  


Gospel, ലൂക്കാ 4:16-22a : യേശു ദൗത്യം ആരംഭിക്കുന്നു

16 : യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു.

17 : ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു:

18 : കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും

19 : കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.

20 : പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്‍പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

21 : അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.

22 : എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്‌സുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു.


Back to Top

Never miss an update from Syro-Malabar Church