Daily Readings for Saturday January 06,2018

January 2018
S M T W T F S
 123456
78910111213
14151617181920
21222324252627
28293031   
<< Dec   Feb > >>

Reading 1, സംഖ്യ 24:15-25 : യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും

15 : ബാലാം പ്രവചനം തുടര്‍ന്നു : ബയോറിന്റെ മകന്‍ ബാലാമിന്റെ പ്രവചനം, ദര്‍ശനം ലഭിച്ചവന്റെ പ്രവചനം : 

16 : ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍, അത്യുന്നതന്റെ അറിവില്‍ പങ്കുചേര്‍ന്നവന്‍, സര്‍വശക്തനില്‍ നിന്നു ദര്‍ശനം സിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍ പ്രവചിക്കുന്നു : 

17 : ഞാന്‍ അവനെ കാണുന്നു, എന്നാല്‍ ഇപ്പോഴല്ല; ഞാന്‍ അവനെ ദര്‍ശിക്കുന്നു, എന്നാല്‍ അടുത്തല്ല. യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലില്‍ നിന്ന് ഒരു ചെങ്കോല്‍ ഉയരും, അതു മൊവാബിന്റെ നെറ്റിത്തടം തകര്‍ക്കും, ഷേത്തിന്റെ പുത്രന്‍മാരെ സംഹരിക്കുകയും ചെയ്യും. 

18 : ഏദോം അന്യാധീനമാകും; ശത്രുവായ സെയിറും. ഇസ്രായേലോ സുധീരം മുന്നേറും. 

19 : ഭരണം നടത്താനുള്ളന്‍ യാക്കോബില്‍നിന്നു വരും; പട്ടണങ്ങളില്‍ അവശേഷിക്കുന്നവര്‍ നശിപ്പിക്കപ്പെടും. 

20 : അവന്‍ അമലേക്കിനെ നോക്കി പ്രവചിച്ചു : അമലേക്ക് ജനതകളില്‍ ഒന്നാമനായിരുന്നു; എന്നാല്‍, അവസാനം അവന്‍ പൂര്‍ണമായി നശിക്കും. 

21 : അവന്‍ കേന്യരെ നോക്കി പ്രവചിച്ചു : നിന്റെ വാസസ്ഥലം സുശക്തമാണ്; പാറയില്‍ നീ കൂടുവച്ചിരിക്കുന്നു. 

22 : എന്നാല്‍, നീ നശിച്ചുപോകും, അസ്സൂര്‍ നിന്നെ അടിമയായി കൊണ്ടുപോകും. 

23 : ബാലാം പ്രവചനം തുടര്‍ന്നു : ഹാ, ദൈവം ഇതു ചെയ്യുമ്പോള്‍ ആരു ജീവനോടിരിക്കും! 

24 : കിത്തിമില്‍നിന്നു കപ്പലുകള്‍ പുറപ്പെടും, അസ്സൂറിനെയും ഏബറിനെയുംപീഡിപ്പിക്കും, എന്നാല്‍, അവനും നാശമടയും.  

25 : ബാലാം സ്വദേശത്തേക്കു മടങ്ങി : ബാലാക് തന്റെ വഴിക്കും പോയി. 


Reading 2, ഏശ 11:1-5 : ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്,

1 : ജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. 

2 : കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്. 

3 : അവന്‍ ദൈവ ഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല. 

4 : ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും. 

5 : നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അരമുറുക്കും. 


Reading 3, തീത്തോ 3:1-7 : ക്രിസ്തീയ ജീവിതചര്യ

1 : ഭരണകര്‍ത്താക്കള്‍ക്കും മറ്റധികാരികള്‍ക്കും കീഴ്‌പ്പെട്ടിരിക്കാനും അനുസരണമുള്ള വരായിരിക്കാനും സത്യസന്ധമായ ഏതൊരു ജോലിക്കും സന്നദ്ധരായിരിക്കാനും നീ ജനങ്ങളെ ഓര്‍മിപ്പിക്കുക. 

2 : ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക. 

3 : എന്തെന്നാല്‍, നാംതന്നെയും ഒരു കാലത്തു മൂഢന്‍മാരും അനുസരണമില്ലാത്തവരും തെറ്റായ മാര്‍ഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങള്‍ക്കും സുഖേച്ഛകള്‍ക്കും അടിമപ്പെട്ടവരും ദ്രോഹബുദ്ധിയിലും അസൂയയിലും ദിവസങ്ങള്‍ കഴിച്ചവരും മനുഷ്യരാല്‍ വെറുക്കപ്പെട്ടവരും പരസ്പരം വെറുക്കുന്നവരും ആയിരുന്നു. 

4 : എന്നാല്‍, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്‍മയും സ്‌നേഹം നിറഞ്ഞകാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്ഷ നല്‍കി; 

5 : അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രേ. 

6 : ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിച്ചത്.  

7 : അവിടുത്തെ കൃപാവരത്താല്‍ നാം നീതികരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനുംവേണ്ടിയാണ് ഇങ്ങനെ ചെയ്തത്. 


Gospel, മത്താ 3:13-17 : യേശുവിന്റെ ജ്ഞാനസ്‌നാനം

13 : യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്റെ അടുത്തേക്കുവന്നു. 

14 : ഞാന്‍ നിന്നില്‍നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. 

15 : എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു. 

16 : സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. 

17 : ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു. 


Back to Top

Never miss an update from Syro-Malabar Church