Daily Readings for Wednesday January 03,2018

January 2018
S M T W T F S
 123456
78910111213
14151617181920
21222324252627
28293031   
<< Dec   Feb > >>

Reading 1, ഉല്‍‍പ 12:1-4 : അബ്രാമിനെ വിളിക്കുന്നു

1 : കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.  

2 : ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.  

3 : നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.  

4 : കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു.


Reading 2, ഏശ 44:1-4 : നിന്റെ മക്കളുടെ മേൽ ഞാൻ അനുഗ്രഹം വർഷിക്കും

1 : എന്റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, കേള്‍ക്കുക.  

2 : നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ജഷ്‌റൂനേ, നീ ഭയപ്പെടേണ്ടാ.  

3 : വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും.  

4 : ജലത്തില്‍ സസ്യങ്ങളും നദീതീരത്ത് അലരികളും പോലെ അവര്‍ തഴച്ചു വളരും. 


Reading 3, 1 പത്രോ 4:12-19 : ദൈവഹിതമനുസരിച്ചു ജീവിക്കുക

12 : പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.  

13 : ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.  

14 : ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.  

15 : നിങ്ങളിലാരും തന്നെകൊലപാതകിയോ മോഷ്ടാവോ ദുഷ്‌കര്‍മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാന്‍ ഇടയാകരുത്. 

16 : ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.  

17 : എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും!  

18 : നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!  

19 : ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്‍മചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേല്‍പിക്കട്ടെ.


Gospel, മത്താ 5:1-12 : സുവിശേഷ ഭാഗ്യങ്ങള്‍

1 : ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.  

2 : അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:  

3 : ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.  

4 : വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.  

5 : ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.  

6 : നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും.  

7 : കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.  

8 : ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.  

9 : സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.  

10 : നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.  

11 : എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;  

12 : നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്. 


Back to Top

Never miss an update from Syro-Malabar Church