Daily Readings for Friday January 19,2018

January 2018
S M T W T F S
 123456
78910111213
14151617181920
21222324252627
28293031   
<< Dec   Feb > >>

Reading 1, 2രാജാ 4:32-37 : മരിച്ച കുട്ടിയെ ഏലീഷ ജീവിപ്പിക്കുന്നു

32 : എലീഷാ ആ ഭവനത്തില്‍ ചെന്നപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.  

33 : അവന്‍ ഉള്ളില്‍കടന്ന് വാതിലടച്ചു. മുറിക്കുള്ളില്‍ അവനും കുട്ടിയും മാത്രമായി. എലീഷാ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.  

34 : അനന്തരം, കിടക്കയില്‍ കയറി തന്റെ വായ് കുട്ടിയുടെ വായോടും തന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളോടും തന്റെ കൈകള്‍ അവന്റെ കൈകളോടും ചേര്‍ത്തുവച്ച് അവന്റെ മേല്‍ കിടന്നു. അപ്പോള്‍ കുട്ടിയുടെ ശരീരം ചൂടുപിടിച്ചു തുടങ്ങി. 

35 : എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു.  

36 : എലീഷാ ഗഹസിയോടു ഷൂനേംകാരിയെ വിളിക്കുക എന്നുപറഞ്ഞു. അവന്‍ വിളിച്ചു; അവള്‍ വന്നു. എലീഷാ അവളോടു പറഞ്ഞു: നിന്റെ പുത്രനെ എടുത്തുകൊള്ളുക.  

37 : അവള്‍ അവന്റെ പാദത്തിങ്കല്‍ വീണു നമസ്‌കരിച്ചു; എന്നിട്ട് കുട്ടിയെ എടുത്തുകൊണ്ടു പോയി. 


Reading 2, അപ്പ 9:36-42 : പത്രോസ് തബീത്തായെ ജീവിപ്പിക്കുന്നു

36 : യോപ്പായില്‍ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാന്‍പേട എന്നാണ് അര്‍ഥം. സത്കൃത്യങ്ങളിലും ദാനധര്‍മങ്ങളിലും അവള്‍ സമ്പന്നയായിരുന്നു.  

37 : ആയിടെ അവള്‍ രോഗം പിടിപെട്ടു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു മുകളിലത്തെനിലയില്‍ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്.  

38 : പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യന്‍മാര്‍ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു.  

39 : സ്ഥലത്തെത്തിയപ്പോള്‍ അവനെ മുകളിലത്തെനിലയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ നിര്‍മിച്ചവസ്ത്രങ്ങളും മേലങ്കികളും അവര്‍ അവനെ കാണിച്ചു.  

40 : പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാര്‍ഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേല്‍ക്കൂ. അവള്‍ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു.  

41 : അവന്‍ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏല്‍പിച്ചു.  

42 : ഇതു യോപ്പാ മുഴുവന്‍ പരസ്യമായി. വളരെപ്പേര്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും ചെയ്തു.


Reading 3, 2കോറി 11:21-31 : പൗലോസിന്‍റെ സഹനം

21 : അതിനൊന്നും ഞങ്ങള്‍ക്കു ശക്തിയില്ലായിരുന്നെന്നു ലജ്ജയോടെ പറഞ്ഞുകൊള്ളട്ടെ. ആരെങ്കിലും പ്രശംസിക്കാന്‍ ധൈര്യപ്പെടുന്ന എന്തിനെക്കുറിച്ചും പ്രശംസിക്കാന്‍ ഞാനും ധൈര്യപ്പെടും എന്ന് ഒരുഭോഷനെപ്പോലെ ഞാന്‍ പറയുന്നു.  

22 : അവര്‍ ഹെബ്രായരാണോ? ഞാനും അതേ. അവര്‍ ഇസ്രായേല്‍ക്കാരാണോ? ഞാനും അതേ. അവര്‍ അബ്രാഹത്തിന്റെ സന്തതികളാണോ? ഞാനും അതേ.  

23 : അവര്‍ ക്രിസ്തുവിന്റെ ദാസന്‍മാരാണോ? ഉന്മത്തനെപ്പോലെ ഞാനും പറയുന്നു, ഞാന്‍ കുറെക്കൂടെ മെച്ചപ്പെട്ട ദാസനാണ്. അവരെക്കാള്‍ വളരെയേറെ ഞാന്‍ അധ്വാനിച്ചു; വളരെക്കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു; എണ്ണമറ്റവിധം പ്രഹരമേറ്റു; പല തവണമരണവക്ത്രത്തിലകപ്പെട്ടു.  

24 : അഞ്ചുപ്രാവശ്യം യഹൂദരുടെ കൈകളില്‍നിന്ന് ഒന്നുകുറയെ നാല്‍പത് അടിവീതം ഞാന്‍ കൊണ്ടു.  

25 : മൂന്നു പ്രാവശ്യം വടികൊണ്ട് അടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലെറിയപ്പെട്ടു. മൂന്നു പ്രാവശ്യം കപ്പലപകടത്തില്‍പെട്ടു. ഒരു രാത്രിയും ഒരു പകലും കടലില്‍ ഒഴുകിനടന്നു.  

26 : തുടരെത്തുടരെയുള്ളയാത്രകള്‍ക്കിടയില്‍, നദികളില്‍വച്ചും കൊള്ളക്കാരില്‍നിന്നും സ്വന്തക്കാരില്‍നിന്നും വിജാതീയരില്‍നിന്നും എനിക്ക് അപകടങ്ങളുണ്ടായി. നഗരത്തില്‍വച്ചും വിജനപ്രദേശത്തുവച്ചും കടലില്‍വച്ചും അപകടങ്ങളില്‍ അകപ്പെട്ടു. വ്യാജസഹോദരരില്‍നിന്നുള്ള അപ കടങ്ങള്‍ക്കും ഞാന്‍ അധീനനായി.  

27 : കഠിനാധ്വാനത്തിലും വിഷമസന്ധികളിലും നിരവധി രാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്‌നതയിലും ഞാന്‍ ജീവിച്ചു.  

28 : ഇവയ്‌ക്കെല്ലാം പുറമേ, സകല സഭകളെയുംകുറിച്ചുള്ള എന്റെ ഉത്കണ്ഠ അനുദിനം എന്നെ അലട്ടിക്കൊണ്ടുമിരിക്കുന്നു.  

29 : ആരു ബലഹീനനാകുമ്പോഴാണ് ഞാന്‍ ബലഹീനനാകാതിരിക്കുന്നത്? ആരുതെറ്റുചെയ്യുമ്പോഴാണ് എന്റെ ഹൃദയം കത്തിയെരിയാത്തത്?  

30 : എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ എന്റെ ബലഹീനതകളെക്കുറിച്ചായിരിക്കും ഞാന്‍ പ്രശംസിക്കുക.  

31 : ഞാന്‍ വ്യാജം പറയുകയല്ലെന്നു കര്‍ത്താവായ യേശുവിന്റെ ദൈവവും പിതാവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമായ ദൈവം അറിയുന്നു.


Gospel, മത്താ 16:13-19 : പത്രോസിന്‍റെ വിശ്വാസ പ്രഖ്യാപനം

13 : യേശു കേസറിയാഫിലിപ്പിപ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?  

14 : അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു.  

15 : അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?  

16 : ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.  

17 : യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.  

18 : ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.  

19 : സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. 


Back to Top

Never miss an update from Syro-Malabar Church