Daily Readings for Friday January 12,2018

January 2018
S M T W T F S
 123456
78910111213
14151617181920
21222324252627
28293031   
<< Dec   Feb > >>

Reading 1, ഏശ 40:1-8 : കർത്താവിനു വഴി ഒരുക്കുവിൻ

1 : നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍!  

2 : ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍! അവളുടെ അടിമത്തം അവസാനിച്ചു; തിന്‍മകള്‍ ക്ഷമിച്ചിരിക്കുന്നു. എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍നിന്ന് ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു.  

3 : ഒരു സ്വരം ഉയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍.  

4 : താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.  

5 : ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാവരും ഒരുമിച്ച് അതു ദര്‍ശിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.  

6 : വീണ്ടും സ്വരമുയര്‍ന്നു: ഉദ്‌ഘോഷിക്കുക! ഞാന്‍ ആരാഞ്ഞു: ഞാന്‍ എന്ത് ഉദ്‌ഘോഷിക്കണം? ജഡം തൃണം മാത്രം; അതിന്റെ സൗന്ദര്യം വയലിലെ പുഷ്പംപോലെ ക്ഷണികവും!  

7 : കര്‍ത്താവിന്റെ ശ്വാസമേല്‍ക്കുമ്പോള്‍ പുല്ലു കരിയുകയും പുഷ്പം വാടിപ്പോവുകയും ചെയ്യും; മനുഷ്യന്‍ പുല്ലുമാത്രം! 

8 : പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും.  


Reading 2, അപ്പ. പ്ര 13:16-26 : മിശിഹായ്ക്കു സാക്ഷ്യം വഹിച്ച യോഹന്നാൻ

16 : അപ്പോള്‍ പൗലോസ് എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:ഇസ്രായേല്‍ ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിന്‍.  

17 : ഈ ഇസ്രായേല്‍ ജനതയുടെ ദൈവം നമ്മുടെ പിതാക്കന്‍മാരെ തെരഞ്ഞെടുത്തു. ഈജിപ്തില്‍ വസിച്ചിരുന്ന കാലത്ത് അവരെ അവിടുന്ന് ഒരു വലിയ ജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു.  

18 : അവിടുന്നു നാല്‍പതു വര്‍ഷത്തോളം മരുഭൂമിയില്‍ അവരോടു ക്ഷമാപൂര്‍വം പെരുമാറി.  

19 : കാനാന്‍ദേശത്തുവച്ച് ഏഴു ജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി  

20 : നാനൂറ്റിയമ്പതു വര്‍ഷത്തോളം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്റെ കാലംവരെ അവര്‍ക്കുന്യായാധിപന്‍മാരെ നല്‍കി.  

21 : പിന്നീട് അവര്‍ ഒരു രാജാവിനുവേണ്ടി അപേക്ഷിച്ചു. ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ട കിഷിന്റെ പുത്രന്‍ സാവൂളിനെ നാല്‍പതു വര്‍ഷത്തേക്ക് ദൈവം അവര്‍ക്കു നല്‍കി.  

22 : അനന്തരം അവനെ നീക്കംചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്‌സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.  

23 : അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ് ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍ നിന്ന് ഇസ്രായേലിനു രക്ഷ കനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു.  

24 : അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു.  

25 : തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്‍പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.  

26 : സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.  


Reading 3, എഫേ 2:19-3:7 : മിശിഹായ്ക്കു സാക്ഷ്യം വഹിച്ച പൗലോസ്

19 : ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്.  

20 : അപ്പസ്‌തോലന്‍മാരും പ്രവാചക ന്‍മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്.  

21 : ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.  

22 : പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.  

1 : ഇക്കാരണത്താല്‍, വിജാതീയരായ നിങ്ങള്‍ക്കുവേണ്ടി യേശുക്രിസ്തുവിനെപ്രതി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന  

2 : പൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.  

3 : ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്.  

4 : അതു വായിക്കുമ്പോള്‍ ക്രിസ്തുവിന്റെ രഹസ്യത്തെക്കുറിച്ച് എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്ച എന്തെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം.  

5 : ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പസ്‌തോലന്‍മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ട തുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല.  

6 : ഈവെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.  

7 : ദൈവത്തിന്റെ കൃപാവരത്താല്‍ ഞാന്‍ ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി. അവിടുത്തെ ശക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്രേ എനിക്ക് ഈ കൃപാവരം നല്‍കപ്പെട്ടത്.  


Gospel, മര്‍ക്കോ 6:14-29 : വി .യോഹന്നാൻ മാംദാനയുടെ രക്തസാക്ഷിത്വം

14 : ഹേറോദേസ് രാജാവും ഇക്കാര്യങ്ങള്‍ കേട്ടു. യേശുവിന്റെ പേര് പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലര്‍ പറഞ്ഞു: സ്‌നാപകയോഹന്നാന്‍മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അദ്ഭുത കരമായ ഈ ശക്തികള്‍ ഇവനില്‍ പ്രവര്‍ത്തിക്കുന്നത്.  

15 : മറ്റുചിലര്‍ പറഞ്ഞു: ഇവന്‍ ഏലിയാ ആണ്, വേറെ ചിലര്‍ പറഞ്ഞു: പ്രവാചകരില്‍ ഒരുവനെപ്പോലെ ഇവനും ഒരു പ്രവാചകനാണ്.  

16 : എന്നാല്‍, ഇതെല്ലാം കേട്ടപ്പോള്‍ ഹേറോദേസ് പ്രസ്താവിച്ചു: ഞാന്‍ ശിരശ്‌ഛേദംചെയ്ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.  

17 : ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇങ്ങനെചെയ്തത്. അവന്‍ അവളെ വിവാഹം ചെയ്തിരുന്നു. 

18 : യോഹന്നാന്‍ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്.  

19 : തന്‍മൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല.  

20 : എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്ധ നുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്‍കിപ്പോന്നു. അവന്റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.  

21 : ഹേറോദേസ് തന്റെ ജന്‍മദിനത്തില്‍ രാജസേവകന്‍മാര്‍ക്കും സഹസ്രാധിപന്‍മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും വിരുന്നു നല്‍കിയപ്പോള്‍ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു.  

22 : അവളുടെ മകള്‍ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും.  

23 : അവന്‍ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാന്‍ നിനക്കു തരും.  

24 : അവള്‍ പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്‌സ്.  

25 : അവള്‍ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്റെ ശിരസ്‌സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.  

26 : രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല.  

27 : അവന്റെ തല കൊണ്ടുവരാന്‍ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു.  

28 : അത് ഒരു തളികയില്‍ വച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അത് അമ്മയെ ഏല്‍പിച്ചു.  

29 : ഈ വിവരം അറിഞ്ഞയോഹന്നാന്റെ ശിഷ്യന്‍മാര്‍ വന്ന് മൃതദേഹം കല്ലറയില്‍ സംസ്‌കരിച്ചു.  


Back to Top

Never miss an update from Syro-Malabar Church