ദനഹക്കാലം
നമ്മുടെ ഇടയില്‍ വലിയ പ്രവാചകന് ഉദയംചെയ്തിരിക്കുന്നു
- 1 കൊറി 2: 6-10 ദൈവത്തിന്റെ ജ്ഞാനം
- ലൂക്കാ 7: 11-17 നമ്മുടെ ഇടയില്‍ വലിയ പ്രവാചകന് ഉദയംചെയ്തിരിക്കുന്നു


Reading 3, 1 കൊറി 2: 6-10 : ദൈവത്തിന്റെ ജ്ഞാനം
6 : എന്നാല്‍, പക്വമതികളോടു ഞങ്ങള്‍ വിജ്ഞാനം പ്രസംഗിക്കുന്നു. പക്ഷേ, ലൗകികവിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്മുഖരായ അധികാരികളുടെ വിജ്ഞാനവുമല്ല. 7 : രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. അതു നമ്മുടെ മഹത്വത്തിനായിയുഗങ്ങള്‍ക്കുമുമ്പ്തന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്. 8 : ഈ ലോകത്തിന്റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല. 9 : എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. 10 : എന്നാല്‍, നമുക്കു ദൈവം അതെല്ലാം ആത്മാവുമുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍, ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു.
Gospel, ലൂക്കാ 7: 11-17 : നമ്മുടെ ഇടയില്‍ വലിയ പ്രവാചകന് ഉദയംചെയ്തിരിക്കുന്നു
11 : അതിനുശേഷം അവന് നായിന് എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. 12 : അവന് നഗരകവാടത്തിന ടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന് . പട്ടണത്തില്‍നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. 13 : അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ. 14 : അവന് മുന്നോട്ടു വന്ന് ശവമഞ്ചത്തിന്മേല് തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന് പറഞ്ഞു:യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്ക്കുക. 15 : മരിച്ചവന് ഉടനെ എഴുന്നേറ്റിരുന്നു. അവന് സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചു കൊടുത്തു 16 : എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന് നമ്മുടെ ഇടയില്‍ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. 17 : അവനെപ്പറ്റിയുള്ള ഈ വാര്‍ത്തയൂദയാമുഴുവനിലും പരിസരങ്ങളിലും പരന്നു.