Daily Readings for Monday January 01,2018

January 2018
S M T W T F S
 123456
78910111213
14151617181920
21222324252627
28293031   
<< Dec   Feb > >>

Reading 1, ഉല്‍‍പ 17:1-14 : അബ്രാഹത്തിന്റെ നാമകരണവും പരിച്ഛേദനത്തിനുള്ള ആഹ്വാനവും

1 : അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.  

2 : നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും.  

3 : അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:  

4 : ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.  

5 : ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.  

6 : നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള്‍ പുറപ്പെടും.  

7 : രാജാക്കന്‍മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും.  

8 : നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും.  

9 : ദൈവം അബ്രാഹത്തോടു കല്‍പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം.  

10 : നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്‍മാരെല്ലാവരും പരിച്‌ഛേദനം ചെയ്യണം.  

11 : നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്.  

12 : നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്‌ഛേദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനോ, നിന്റെ സന്താനങ്ങളില്‍ പെടാത്ത വിലയ്ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്‍മാര്‍ക്കും പരിച്‌ഛേദനം ചെയ്യണം.  

13 : നിന്റെ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും പരിച്‌ഛേദനം ചെയ്യപ്പെടണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും.  

14 : പരിച്‌ഛേദനം ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. അവന്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.


Reading 2, ഏശ 43:1-7 : കര്‍ത്താവ് നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു

1 : യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ്.  

2 : സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.  

3 : ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.  

4 : നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.  

5 : ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.  

6 : വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍ ആജ്ഞാപിക്കും. ദൂരത്തു നിന്ന് എന്റെ പുത്രന്‍മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍.  

7 : എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.


Reading 3, ഫിലി 2:5-11 : ഈശോയെന്ന നാമം എല്ലാ നാമങ്ങള്‍ക്കും ഉപരി

5 : യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.  

6 : ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; 

7 : തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,  

8 : ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.  

9 : ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.  

10 : ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,  

11 : യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. 


Gospel, മത്തായി 1:18-25 + ലൂക്കാ 2: 21 : അവനു ഈശോ എന്ന പേര് നൽകി

മത്തായി, ഒന്നാം അദ്ധ്യായം


18 : യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.  

19 : അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.  

20 : അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.  

21 : അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.  

22 : കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.  

23 : ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.  

24 : ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.  

25 : പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു. 


ലൂക്കാ, രണ്ടാം അദ്ധ്യായം


21 : ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നല്‍കി. 


Back to Top

Never miss an update from Syro-Malabar Church