Daily Readings for Sunday July 23,2017

July 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
3031     
<< Jun   Aug > >>

Reading 1, 1രാജാ 18:30-39 : എലിയയുടെ ബലി സ്വീകരിക്കപ്പെടുന്നു

30 : അപ്പോള്‍, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിന്‍: എല്ലാവരും ചെന്നു. കര്‍ത്താവിന്റെ തകര്‍ന്നുകിടന്നിരുന്ന ബലിപീഠം അവന്‍ കേടുപോക്കി.  

31 : നിന്റെ നാമം ഇസ്രായേല്‍ എന്നായിരിക്കും എന്നു കര്‍ത്താവ് ആരോട് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്‍മാരുടെ ഗോത്രസംഖ്യയനുസരിച്ച് അവന്‍ പന്ത്രണ്ട് കല്ലെടുത്തു.  

32 : ആ കല്ലുകള്‍കൊണ്ട് അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. അതിനുചുറ്റും രണ്ട് അളവു വിത്തുകൊള്ളുന്ന ഒരു ചാലുണ്ടാക്കി.  

33 : അവന്‍ വിറക് അടുക്കി കാളയെ കഷണങ്ങളാക്കി അതിന്‍മേല്‍ വച്ചു. അവന്‍ പറഞ്ഞു: നാലുകുടം വെള്ളം ദഹനബലിവസ്തുവിലും വിറകിലും ഒഴിക്കുവിന്‍.  

34 : അവന്‍ തുടര്‍ന്നു: വീണ്ടും അങ്ങനെ ചെയ്യുവിന്‍; അവര്‍ ചെയ്തു. അവന്‍ വീണ്ടും പറഞ്ഞു: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുവിന്‍. അവര്‍ അങ്ങനെ ചെയ്തു.  

35 : ബലിപീഠത്തിനു ചുറ്റും വെള്ളമൊഴുകി ചാലില്‍ വെള്ളം നിറഞ്ഞു.  

36 : ദഹനബലിയുടെ സമയമായപ്പോള്‍ ഏലിയാ പ്രവാചകന്‍ അടുത്തുവന്നു പ്രാര്‍ഥിച്ചു: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണെന്നും, ഞാന്‍ അങ്ങയുടെ ദാസനാണെന്നും, അങ്ങയുടെ കല്‍പനയനുസരിച്ചാണു ഞാന്‍ ഇതു ചെയ്തതെന്നും അങ്ങ് ഇന്നു വെളിപ്പെടുത്തണമേ! 

37 : കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവര്‍ അറിയുന്നതിന് എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!  

38 : ഉടനെ കര്‍ത്താവില്‍ നിന്ന് അഗ്‌നി ഇറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു.  

39 : ഇതു കണ്ടു ജനം സാഷ്ടാംഗം വീണ് വിളിച്ചുപറഞ്ഞു: കര്‍ത്താവു തന്നെ ദൈവം! കര്‍ത്താവു തന്നെ ദൈവം! 


Reading 2, അപ്പ. പ്രവ 5:12-20 : അടയാളങ്ങളും അത്ഭുതങ്ങളും ശ്ലീഹന്മാർവഴി

12 : അപ്പസ്‌തോലന്‍മാരുടെ കരങ്ങള്‍വഴി ജനമധ്യത്തില്‍ വളരെ അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവര്‍ ഏകമനസ്‌സോടെ സോളമന്റെ മണ്‍ഡ പത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു.  

13 : മറ്റുള്ളവരില്‍ ആരുംതന്നെ അവരോടുചേരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, ജനം അവരെ ബഹുമാനിച്ചുപോന്നു.  

14 : കര്‍ത്താവില്‍ വിശ്വസിച്ച പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സംഖ്യ വര്‍ധിച്ചുകൊണ്ടേയിരുന്നു.  

15 : അവര്‍ രോഗികളെ തെരുവീഥികളില്‍കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകു മ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്.  

16 : അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചു റ്റുമുള്ള പട്ടണങ്ങളില്‍ നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു.  

കാരാഗൃഹത്തില്‍നിന്നു മോചനം

17 : എന്നാല്‍, പ്രധാനപുരോഹിതനും അവനോടു ചേര്‍ന്നുനിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ്  

18 : അപ്പസ്‌തോലന്‍മാരെ പിടിച്ച് ബന്ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു.  

19 : രാത്രി കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു:  

20 : നിങ്ങള്‍ ദേവാലയത്തില്‍ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിന്‍. 


Reading 3, 1 കൊറി1:9-16 : ഏക മനസോടെ വർത്തിക്കുക

9 : തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്.  

വിശ്വാസികള്‍ക്കിടയില്‍ ഭിന്നത

10 : സഹോദരരേ, നിങ്ങള്‍ എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്‌സോടും ഏകാഭിപ്രായത്തോടുംകൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.  

11 : എന്റെ സഹോദരരേ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്‌ളോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. 

12 : ഞാന്‍ പൗലോസിന്‍േറതാണ്, ഞാന്‍ അപ്പോളോസിന്‍േറതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രി സ്തുവിന്‍േറതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്.  

13 : ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിത നായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്?  

14 : ക്രിസ്‌പോസിനെയും ഗായൂസിനെയുമല്ലാതെ നിങ്ങളില്‍ മറ്റാരെയും ഞാന്‍ ജ്ഞാനസ്‌നാനപ്പെടുത്തിയിട്ടില്ല എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു.  

15 : അതുകൊണ്ട്, എന്റെ നാമത്തില്‍ സ്‌നാനം സ്വീകരിച്ചു എന്നു പറയാന്‍ നിങ്ങളിലാര്‍ക്കും സാധിക്കുകയില്ല.  

16 : സ്‌തേഫാനോസിന്റെ കുടുംബത്തെക്കൂടി ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ.


Gospel, ലൂക്കാ 14:7-14 : മിശിഹായുടെ ശിഷ്യൻ എളിമയുള്ളവനായിരിക്കണം

7 : ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു:  

8 : ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്‌ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും.  

9 : നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും.  

10 : അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും.  

11 : തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.  

12 : തന്നെ ക്ഷണിച്ചവനോടും അവന്‍ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്റെ സ്‌നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരു പക്‌ഷേ, അവര്‍ നിന്നെ പകരം ക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും.  

13 : എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക.  

14 : അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്‍മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.


Back to Top

Never miss an update from Syro-Malabar Church