Daily Readings for Sunday July 16,2017

July 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
3031     
<< Jun   Aug > >>

Reading 1, നിയ 4:10-14 : കർത്താവിന്റെ ഉടമ്പടി മറക്കരുത്

10 : ഹോറെബില്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നിങ്ങള്‍ നിന്ന ദിവസം കര്‍ത്താവ് എന്നോട് ആജ്ഞാപിച്ചു. ജനത്തെ എന്റെ മുന്‍പില്‍ വിളിച്ചുകൂട്ടുക. ഈ ഭൂമുഖത്തു വസിക്കുന്നിടത്തോളം കാലം എന്നെ ഭയപ്പെടാന്‍ പഠിക്കുന്നതിനും, അവര്‍ അതു തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിനും എന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കട്ടെ.  

11 : നിങ്ങള്‍ അടുത്തുവന്ന് പര്‍വതത്തിന്റെ അടിവാരത്തു നിന്നു. ആകാശത്തോളം ഉയര്‍ന്ന അഗ്‌നിയാല്‍ പര്‍വതം ജ്വലിച്ചുകൊണ്ടിരുന്നു. അന്ധകാരവും കനത്തമേഘവും അതിനെ ആവരണം ചെയ്തിരുന്നു.  

12 : അപ്പോള്‍ അഗ്‌നിയുടെ മദ്ധ്യത്തില്‍ നിന്ന് കര്‍ത്താവു നിങ്ങളോടു സംസാരിച്ചു. നിങ്ങള്‍ ശബ്ദംകേട്ടു - ശബ്ദം മാത്രം; രൂപംകണ്ടില്ല.  

13 : തന്റെ ഉടമ്പടി അവിടുന്നു നിങ്ങളോട് പ്രഖ്യാപിച്ചു. നിങ്ങളോട് അനുഷ്ഠിക്കാന്‍ അവിടുന്ന് ആജ്ഞാപിച്ച പത്തു കല്‍പനകളാണവ. രണ്ടു കല്‍പലകകളില്‍ അവിടുന്നു അവ എഴുതി.  

14 : നിങ്ങള്‍ ചെന്നു കൈവശമാക്കുന്ന ദേശത്തു നിങ്ങള്‍ അനുഷ്ഠിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും നിങ്ങളെ പഠിപ്പിക്കാന്‍ കര്‍ത്താവ് അന്ന് എന്നോടു കല്‍പിച്ചു.


Reading 2, ഏശ 5:8-20 : ദുഷ്ടത ദൈവകോപം വിളിച്ചുവരുത്തുന്നു

8 : മറ്റാര്‍ക്കും വസിക്കാന്‍ ഇടം കിട്ടാത്തവിധം വീടോടു വീടുചേര്‍ത്ത്, വയലോടു വയല്‍ചേര്‍ത്ത്, അതിന്റെ മധ്യത്തില്‍ തനിച്ചുവസിക്കുന്നവര്‍ക്കു ദുരിതം!  

9 : സൈന്യങ്ങളുടെ കര്‍ത്താവ് ശപഥം ചെയ്യുന്നത് ഞാന്‍ കേട്ടു: അനേകം മന്ദിരങ്ങള്‍ നിര്‍ജനമാകും. മനോഹരമായ മാളികകള്‍ വസിക്കാന്‍ ആളില്ലാതെ ശൂന്യമായി കിടക്കും.  

10 : പത്തേക്കര്‍ മുന്തിരിത്തോട്ടത്തില്‍നിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമര്‍ വിത്തില്‍നിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും.  

11 : ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!  

12 : അവരുടെ ഉത്‌സവങ്ങളില്‍ വീണയും കിന്നരവും തപ്പും കുഴലും വീര്യമേറിയ വീഞ്ഞും ഉണ്ട്. എന്നാല്‍, അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുകയോ അവിടുത്തെ കരവേലകളെ നോക്കുകയോ ചെയ്യുന്നില്ല.  

13 : എന്റെ ജനം അജ്ഞതനിമിത്തം അടിമത്തത്തിലേക്കു നീങ്ങുന്നു; അവരുടെ പ്രഭുക്കന്‍മാര്‍ വിശപ്പുകൊണ്ടു മരിക്കുകയും അനേകര്‍ ദാഹാര്‍ത്തരായിക്കഴിയുകയും ചെയ്യുന്നു.  

14 : അതിനാല്‍, പാതാളത്തിന്റെ ആര്‍ത്തി വര്‍ധിച്ചിരിക്കുന്നു. സീമാതീതമായി അതു വായ് പിളര്‍ന്നിരിക്കുന്നു. ജറുസലെമിലെ കുലീനരും സാധാരണരും അവിടുത്തെ വലിയ ആള്‍ക്കൂട്ടവും അവളില്‍ അഭിമാനം കൊള്ളുന്നവരും അതില്‍ പതിക്കുന്നു.  

15 : മനുഷ്യനു തലകുനിക്കാന്‍ ഇടവന്നു. മര്‍ത്ത്യര്‍ അവമാനിതരായി. അഹങ്കാരികള്‍ ലജ്ജിതരായി.  

16 : സൈന്യങ്ങളുടെ കര്‍ത്താവ് നീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു; പരിശുദ്ധനായ ദൈവം നീതിനിഷ്ഠയിലൂടെ തന്റെ പരിശുദ്ധി വെളിപ്പെടുത്തുന്നു.  

17 : അപ്പോള്‍ കുഞ്ഞാടുകള്‍ മേച്ചില്‍പുറങ്ങളിലെന്നപോലെ അവിടെമേഞ്ഞുനടക്കും. കൊഴുത്ത മൃഗങ്ങളുംആട്ടിന്‍കുട്ടികളും അവിടത്തെനഷ്ടാവശിഷ്ടങ്ങള്‍ക്കിടയില്‍ മേയും.  

18 : നുണയുടെ കയറുകൊണ്ട് അകൃത്യത്തെ വലിച്ചിഴയ്ക്കുന്നവനു ദുരിതം! പാപത്തെ കയറുകെട്ടി വലിക്കുന്നവനു ദുരിതം! 

19 : കര്‍ത്താവ് വേഗം തന്റെ പ്രവൃത്തി നിറവേറ്റട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ ലക്ഷ്യം ആ സന്നമാകട്ടെ, അതു നമുക്ക് അറിയാമല്ലോ എന്ന് അവര്‍ പറയുന്നു.  

20 : തിന്‍മയെ നന്‍മയെന്നും നന്‍മയെ തിന്‍മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം! 


Reading 3, 1കൊറി 16:1-14 : സകലതും സ്നേഹത്തോടെ നിർവഹിക്കുവിൻ

1 : ഇനി വിശുദ്ധര്‍ക്കുവേണ്ടിയുള്ള സംഭാവനയെപ്പറ്റി പ്രതിപാദിക്കാം. ഗലാത്തിയായിലെ സഭകളോടു ഞാന്‍ നിര്‍ദേശിച്ചതുപോലെ നിങ്ങളും ചെയ്യുവിന്‍.  

2 : ഞാന്‍ വരുമ്പോള്‍ പിരിവൊന്നും നടത്താതിരിക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം നീക്കിവയ്ക്കണം.  

3 : ഞാന്‍ വരുമ്പോള്‍, നിങ്ങളുടെ സംഭാവന കൊണ്ടുപോകുന്നതിനുവേണ്ടി നിങ്ങള്‍ അംഗീകരിക്കുന്ന വ്യക്തികളെ എഴുത്തുമായി ജറുസലെമിലേക്കയച്ചുകൊള്ളാം.  

4 : ഞാന്‍ കൂടെ പോകേണ്ട ആവശ്യമുണ്ടെങ്കില്‍ അവര്‍ എന്നോടൊപ്പം പോരട്ടെ.  

യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍

5 : ഞാന്‍ മക്കെദോനിയായില്‍ പോയിട്ട് നിങ്ങളെ സന്ദര്‍ശിക്കുന്നതാണ്. എനിക്ക് അവിടെ പോകേണ്ടതുണ്ട്.  

6 : ഞാന്‍ നിങ്ങളുടെ കൂടെ കുറെനാള്‍, ഒരുപക്‌ഷേ ശീതകാലം മുഴുവന്‍, ചെലവഴിച്ചെന്നുവരാം. തദവസരത്തില്‍, എന്റെ തുടര്‍ന്നുള്ള എല്ലായാത്ര കള്‍ക്കും വേണ്ട സഹായം ചെയ്തുതരാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും.  

7 : നിങ്ങളെ തിടുക്കത്തില്‍ സന്ദര്‍ശിച്ചുപോരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കര്‍ത്താവ് അനുവദിക്കുമെങ്കില്‍ കുറെനാള്‍ നിങ്ങളോടൊത്തു കഴിയാമെന്ന് ഞാന്‍ ആശിക്കുന്നു.  

8 : പന്തക്കുസ്താവരെ ഞാന്‍ എഫേസോസില്‍ താമസിക്കും.  

9 : ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള ഒരു വലിയ വാതില്‍ എനിക്കു തുറന്നുകിട്ടിയിട്ടുണ്ട്. പ്രതിയോഗികളും വളരെയാണ്.  

10 : തിമോത്തേയോസ് നിങ്ങളുടെ അടുത്തുവരുമ്പോള്‍ നിങ്ങളുടെയിടയില്‍ നിര്‍ഭയനായി കഴിയാന്‍ അവനു സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. അവനും എന്നെപ്പോലെ കര്‍ത്താവിന്റെ ജോലിയില്‍ വ്യാപൃതനാണല്ലോ.  

11 : ആകയാല്‍, ആരും അവനെ നിന്ദിക്കാന്‍ ഇടയാകരുത്. എന്റെ അടുത്തു വേഗം മടങ്ങിവരേണ്ടതിന് സമാധാനത്തില്‍ അവനെയാത്രയാക്കണം. സഹോദരരോടൊപ്പം അവനെ ഞാന്‍ പ്രതീ ക്ഷിക്കുന്നു.  

12 : മറ്റു സഹോദരരോടൊത്ത് നിങ്ങളെ സന്ദര്‍ശിക്കണമെന്ന് ഞാന്‍ നമ്മുടെ സഹോദരന്‍ അപ്പോളോസിനെ വളരെ നിര്‍ബന്ധിച്ചതാണ്. എന്നാല്‍, ഈ അവസരത്തില്‍ നിങ്ങളുടെ അടുത്തുവരാന്‍ അവന് ഒട്ടും മനസ്‌സില്ലായിരുന്നു; സൗകര്യപ്പെടുമ്പോള്‍ വന്നുകൊള്ളും.  

അഭ്യര്‍ഥന, അഭിവാദനം

13 : നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവിന്‍; പൗരുഷ വും കരുത്തും ഉള്ളവരായിരിക്കുവിന്‍. 

14 : നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍. 


Gospel, ലുക്കാ 13:22-30 : ഇടുങ്ങിയ വാതിലിലുടെ പ്രവേശിക്കുവിന്‍

22 : പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവന്‍ ജറുസലെമിലേക്കുയാത്രചെയ്യുകയായിരുന്നു.  

23 : ഒരുവന്‍ അവനോടുചോദിച്ചു: കര്‍ത്താവേ, രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോടു പറഞ്ഞു:  

24 : ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല.  

25 : വീട്ടുടമസ്ഥന്‍ എഴുന്നേറ്റ്, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല.  

26 : അപ്പോള്‍ നിങ്ങള്‍ പറയും: നിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  

27 : എന്നാല്‍ അവന്‍ പറയും: നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അ റിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന് അകന്നു പോകുവിന്‍.  

28 : അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്‍മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറംതള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും.  

29 : കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവ രാജ്യത്തില്‍ വിരുന്നിനിരിക്കും. 

30 : അപ്പോള്‍ മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.


Back to Top

Never miss an update from Syro-Malabar Church