Daily Readings for Tuesday May 09,2017

Reading 3, 1 തിമോ 6: 17-21 : ഭാവി ജീവിതം ഭദ്രമാക്കുവിൻ

17 : ഈ ലോകത്തിലെ ധനവാന്മാരോട്, ഔദ്ധത്യം ഉപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ അനിശ്ചിതമായ സമ്പത്തില്‍ വയ്ക്കാതെ അവയെല്ലാം നമുക്കനുഭിക്കുവാന്‍വേണ്ടി ധാരാളമായി നല്‍കിയിട്ടുള്ള ദൈവത്തില്‍ അര്‍പ്പിക്കാനും നീ ഉദ്‌ബോധിപ്പിക്കുക.  

18 : അവര്‍ നന്മചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്‌കരും ഉദാരമതികളും ആയിരിക്കയും വേണം.  

19 : അങ്ങനെയഥാര്‍ത്ഥ ജീവന്‍ അവകാശമാക്കുന്നതിന് അവര്‍ തങ്ങളുടെ ഭാവിക്കു ഭദ്രമായ അടിത്തറ പണിയട്ടെ.  

20 : അല്ലയോ തിമോത്തേയോസേ, നിന്നെ ഭരമേല്‍പ്പിച്ചിട്ടുള്ളതു നീ കാത്തുസുക്ഷിക്കുക. അധാര്‍മ്മികളായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക.  

21 : ഇവയെ അംഗികരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നു പോയിട്ടുണ്ട്. ദൈവത്തിന്റെ കൃപ നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ.


Gospel, മത്തായി 19: 23-30 : ദൈവത്തിന് എല്ലാം സാധ്യം

23 : യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്.  

24 : വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.  

25 : ശിഷ്യന്‍മാര്‍ ഇതുകേട്ട് വിസ്മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും?  

26 : യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്.  

27 : അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?  

28 : യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും.  

29 : എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.  

30 : എന്നാല്‍, മുമ്പന്‍മാര്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും.


Back to Top

Syro Malabar Live