Daily Readings for Monday May 08,2017

Reading 3, 1 തിമോ 6: 13-16 : കല്പനകൾ അന്യൂനം പാലിക്കുവിൻ

13 : എല്ലാറ്റിനും ജീവന്‍ നല്കുന്ന ദൈവത്തിന്റെയും, പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം നല്കിയ യേശുക്രിസ്തുവിന്റെയും സന്നിധിയില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു,

14 : കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം.

15 : വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും.

16 : അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അaവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമേന്‍.


Gospel, ലൂക്കാ 20: 9-16 : കടമ വിസ്മരിച്ച കൃഷിക്കാർ

9 : അവന്‍ ജനങ്ങളോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ ഏല്‍പിച്ചതിനുശേഷം ദീര്‍ഘനാളത്തേക്ക് അവിടെനിന്നുപോയി.  

10 : സമയമായപ്പോള്‍ മുന്തിരിപ്പഴങ്ങളില്‍നിന്ന് ഓഹരി ലഭിക്കേണ്ട തിന് അവന്‍ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാല്‍, കൃഷിക്കാര്‍ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു.  

11 : അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവര്‍ അടിക്കുകയും അപമാനിക്കുകയും വെറുംകൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു.  

12 : അവന്‍ മൂന്നാമതൊരുവനെ അയച്ചു. അവര്‍ അവനെ പരിക്കേല്‍പിക്കുകയും പുറത്തേക്കെറിയുകയും ചെയ്തു.  

13 : അപ്പോള്‍ തോട്ടത്തിന്റെ ഉടമസ്ഥന്‍പറഞ്ഞു: ഞാന്‍ എന്താണുചെയ്യുക? എന്റെ പ്രിയപുത്രനെ ഞാന്‍ അയയ്ക്കും. അവനെ അവര്‍ മാനിച്ചേക്കും.  

14 : പക്‌ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം. അപ്പോള്‍ അവകാശം നമ്മുടേതാകും.  

15 : അവര്‍ അവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാല്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ അവരോട് എന്തുചെയ്യും?  

16 : അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്‍പിക്കുകയും ചെയ്യും. അവര്‍ ഇതു കേട്ടപ്പോള്‍, ഇതു സംഭവിക്കാതിരിക്കട്ടെ എന്നു പറഞ്ഞു. 


Back to Top

Syro Malabar Live