Daily Readings for Wednesday May 31,2017

ഉയിര്‍പ്പുകാലം

ശിഷ്യന്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു

Reading 3, യോഹ 1 4: 12-21 : ദൈവം സ്‌നേഹമാണ്

 12 : ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.  

13 : ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു.  

14 : പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു; ഞങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.  

15 : യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.  

16 : ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.  

17 : വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിനു സ്‌നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു.  

18 : സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.  

19 : ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.  

20 : ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.  

21 : ക്രിസ്തുവില്‍നിന്ന് ഈ കല്‍പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവന്‍ സഹോദരനെയും സ്‌നേഹിക്കണം. 


Gospel, യോഹ 17: 1-5 : ശിഷ്യന്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു

1 : ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!  

2 : എന്തെന്നാല്‍, അവിടുന്ന് അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന്, എല്ലാവരുടെയുംമേല്‍ അവന് അവിടുന്ന് അധികാരം നല്‍കിയിരിക്കുന്നുവല്ലോ.  

3 : ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.  

4 : അവിടുന്ന് എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി.  

5 : ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ. 


Back to Top

Never miss an update from Syro-Malabar Church