Daily Readings for Friday May 26,2017

Reading 3, ഫിലിപ്പി 3: 12-15 : മുന്നിലുള്ളവയെ ലക്ഷ്യമാക്കി ഓടുക

12 : ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ഥമില്ല. ഇതു സ്വന്തമാക്കാന്‍വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.  

13 : സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.  

14 : യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു.  

15 : അതിനാല്‍, നമ്മില്‍ പൂര്‍ണതപ്രാപിച്ചവര്‍ ഇങ്ങനെതന്നെ ആഗ്രഹിക്കട്ടെ. ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ഭിന്നമായി ചിന്തിക്കുന്നെങ്കില്‍ ദൈവം നിങ്ങള്‍ക്ക് അതു വ്യക്തമാക്കിത്തരും. 


Gospel, യോഹ 3: 31-36 : ഉന്നതത്തിൽ നിന്നുള്ളവൻ എല്ലാവർക്കുമുപരിയാണ്

31 : ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്.  

32 : അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.  

33 : അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്ക്കുന്നു.  

34 : ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.  

35 : പിതാവ് പുത്രനെ സ്‌നേഹിക്കുന്നു. എല്ലാം അവന്റെ കൈകളില്‍ ഏല്‍പിക്കുകയും ചെയ്തിരിക്കുന്നു.  

36 : പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്. 


Back to Top

Never miss an update from Syro-Malabar Church