ഉയിര്‍പ്പുകാലം
യേശുവിന്റെ സ്വര്‍ഗാരോഹണം
- 2 രാജാ 2:1-12 ഏലിയാ സ്വര്‍ഗത്തിലേക്ക്
- അപ്പ 1: 6-11 ഈശോ ഉന്നതങ്ങളിലേക്ക് സംവഹിക്കപെട്ടു
- 1 തിമോ 2:1-7 മിശിഹാ ഏക രക്ഷകൻ
- ലൂക്കാ 24:44-53 യേശുവിന്റെ സ്വര്‍ഗാരോഹണം


Reading 1, 2 രാജാ 2:1-12 : ഏലിയാ സ്വര്‍ഗത്തിലേക്ക്
1 : കര്‍ത്താവ് ഏലിയായെ സ്വര്‍ഗത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്ഗാലില്നിന്നു വരുകയായിരുന്നു. 2 : ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കര്‍ത്താവ് എന്നെ ബഥേല്‍വരെ അയച്ചിരിക്കുന്നു. എന്നാല്‍, എലീഷാ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ബഥേലിലേക്കു പോയി. 3 : ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ് നിന്റെ യജമാനനെ ഇന്നു നിന്നില്‍നിന്ന് എടുക്കുമെന്നു നിനക്കറിയാമോ? അവന് പറഞ്ഞു: ഉവ്വ്, എനിക്കറിയാം. നിശ്ശബ്ദരായിരിക്കുവിന്‍. 4 : ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കര്‍ത്താവ് എന്നെ ജറീക്കോയിലേക്ക് അയച്ചിരിക്കുന്നു. അവന് പ്രതിവചിച്ചു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ജറീക്കോയിലെത്തി. 5 : ജറീക്കോയിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ് നിന്റെ യജമാനനെ ഇന്നു നിന്നില്‍നിന്ന് എടുക്കുമെന്ന് നിനക്കറിയാമോ? അവന് പറഞ്ഞു: ഉവ്വ്. എനിക്കറിയാം; നിശ്ശബ്ദരായിരിക്കുവിന്‍. 6 : അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കര്‍ത്താവ് എന്നെ ജോര്‍ദാനിലേക്ക് അയച്ചിരിക്കുന്നു. അവന് പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരും യാത്ര തുടര്‍ന്നു. 7 : അവര്‍ ഇരുവരും ജോര്‍ദാനു സമീപം എത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ അല്പം അകലെ വന്നുനിന്നു. 8 : ഏലിയാ മേലങ്കിയെടുത്ത് ചുരുട്ടി വെള്ളത്തില്‍ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു. 9 : മറുകരെ എത്തിയപ്പോള്‍ ഏലിയാ എലീഷായോടുപറഞ്ഞു: നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനു മുമ്പ് ഞാന്‍ എന്താണു ചെയ്തുതരേണ്ടത്? എലീഷാ പറഞ്ഞു: അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപങ്ക് എനിക്കു ലഭിക്കട്ടെ. 10 : അവന് പറഞ്ഞു: ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്. എങ്കിലും ഞാന്‍ എടുക്കപ്പെടുന്നതു നീ കാണുകയാണെങ്കില്‍, നിനക്ക് അതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല. 11 : അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു. 12 : എലീഷാ അതു കണ്ട് നിലവിളിച്ചു. എന്റെ പിതാവേ, എന്റെ പിതാവേ! ഇസ്രായേലിന്റെ രഥങ്ങളും സാരഥികളും! പിന്നെ അവന് ഏലിയായെ കണ്ടില്ല. അവന് വസ്ത്രം കീറി.
Reading 2, അപ്പ 1: 6-11 : ഈശോ ഉന്നതങ്ങളിലേക്ക് സംവഹിക്കപെട്ടു
6 : ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ? 7 : അവന് പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല. 8 : എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും. 9 : ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, അവന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയില്നിന്നു മറച്ചു. 10 : അവന് ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്ക്കുമ്പോള്, വെള്ളവ സ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു 11 : പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്പോകുന്നതായി നിങ്ങള്‍ കണ്ട തുപോലെതന്നെതിരിച്ചുവരും.
Reading 3, 1 തിമോ 2:1-7 : മിശിഹാ ഏക രക്ഷകൻ
1 : എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. 2 : എല്ലാഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്. 3 : ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ. 4 : എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. 5 : എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളുവമനുഷ്യനായ യേശുക്രിസ്തു. 6 : അവന് എല്ലാവര്ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. അവന് യഥാകാലം നല്കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. 7 : അതിന്റെ പ്രഘോഷകനായും അപ്പസ്തോലനായും വിശ്വസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്.
Gospel, ലൂക്കാ 24:44-53 : യേശുവിന്റെ സ്വര്‍ഗാരോഹണം
44 : അവന് അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നുഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ. 45 : വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന് തുറന്നു. 46 : അവന് പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയുംചെയ്യണം; 47 : പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. 48 : നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്. 49 : ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍. 50 : അവന് അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. 51 : അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവന് അവരില്‍നിന്നു മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു. 52 : അവര്‍ അവനെ ആരാധിച്ചു; അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി. 53 : അവര്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് സദാസമയവും ദേവാലയത്തില്‍ കഴിഞ്ഞുകൂടി.