Daily Readings for Tuesday May 23,2017

Reading 3, 2 പത്രോസ് 3: 10-13 : കര്‍ത്താവിന്റെ പ്രത്യാഗമനം

 10 : കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും.  

11 : ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം!  

12 : ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍.  

13 : നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു.


Gospel, മര്‍ 13: 32-37 : സദാ ജാഗരൂകരായിരിക്കുവിന്‍

32 : എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.  

33 : ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ.  

34 : വീടുവിട്ടു ദൂരേക്കു പോകുന്ന ഒരുവന്‍ സേവകര്‍ക്ക് അവരവരുടെ ചുമതലയും കാവല്‍ക്കാരന് ഉണര്‍ന്നിരിക്കാനുള്ള കല്‍പനയും നല്‍കുന്നതുപോലെയാണ് ഇത്.  

35 : ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്, സന്ധ്യയ്‌ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.  

36 : അവന്‍ പെട്ടെന്നു കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ.  

37 : ഞാന്‍ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായിട്ടാണ് പറയുന്നത്; ജാഗരൂകരായിരിക്കുവിന്‍. 


Back to Top

Syro Malabar Live