Daily Readings for Sunday May 21,2017

Reading 1, ഏശയ്യാ 52:7-12 : ലോകം മുഴുവൻ ദൈവത്തിന്റെ രക്ഷ കാണും

7 : സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!  

8 : ശ്രദ്ധിക്കുക, നിന്റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ് സീയോനിലേക്കു തിരികെ വരുന്നത് അവര്‍ നേരിട്ടുകാണുന്നു.  

9 : ജറുസലെമിലെ വിജനതകളേ, ആര്‍ത്തു പാടുവിന്‍! കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു; ജറുസലെമിനെ മോചിപ്പിച്ചിരിക്കുന്നു.  

10 : തന്റെ പരിശുദ്ധകരം എല്ലാ ജനതകളുടെയും മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്ഷ കാണും.  

11 : പോകുവിന്‍, പോകുവിന്‍, അവിടെനിന്ന് കടന്നുപോകുവിന്‍. അശുദ്ധ വസ്തുക്കളെ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍നിന്ന് ഓടിയകലുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍.  

12 : നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍. 


Reading 2, അപ്പ. പ്രവ 10:9-16 : എല്ലാം ദൈവം വിശുദ്ധീകരിച്ചവ

9 : അവര്‍യാത്ര ചെയ്ത് പിറ്റേ ദിവസം നഗരത്തെ സമീപിച്ചപ്പോള്‍ പത്രോസ് പ്രാര്‍ ഥിക്കാന്‍മട്ടുപ്പാവിലേക്കു പോവുകയായിരുന്നു. ഏകദേശം ആറാം മണിക്കൂറായിരുന്നു.  

10 : അവനു വിശുന്ന. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവര്‍ ഭക്ഷണം തയ്യാറാക്കിക്കൊിരുപ്പോള്‍ അവന് ഒരു ദിവ്യാനുഭൂതി ഉണ്ടായി.  

11 : സ്വര്‍ഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവന്‍ കണ്ടു.  

12 : ഭൂമിയിലെ എല്ലാത്തരം നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു.  

13 : ഒരു സ്വരവും അവന്‍ കേട്ടു: പത്രോസേ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.  

14 : പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല.  

15 : രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്.  

16 : മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ പാത്രം ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു. 


Reading 3, എഫേസോസ് 2:11-22 : എല്ലാവരും മിശിഹായിൽ ഒന്ന്

11 : നിങ്ങള്‍ ശരീരംകൊണ്ട് വിജാതീയരായിരുന്നപ്പോള്‍, ശരീരത്തില്‍ കൈകൊണ്ടു പരിച്‌ഛേദനം ചെയ്യപ്പെട്ടവര്‍, നിങ്ങളെ അപരിച്‌ഛേദിതര്‍ എന്നു വിളിച്ചിരുന്നത് ഓര്‍ക്കുക.  

12 : അന്ന് നിങ്ങള്‍ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേല്‍സമൂഹത്തില്‍നിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തി ന് അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്മരിക്കുക.  

13 : എന്നാല്‍, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേശുക്രിസ്തുവില്‍ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു.  

14 : കാരണം, അവന്‍ നമ്മുടെ സമാധാന മാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു.  

15 : കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി.  

16 : ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും കുരിശുവഴി ഒരേശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന്‍ ഇങ്ങനെ ചെയ്തത്.  

17 : വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവന്‍ സമാധാനം പ്രസംഗിച്ചു.  

18 : അതിനാല്‍, അവനിലൂടെ ഒരേ ആത്മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു.  

19 : ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്.  

20 : അപ്പസ്‌തോലന്‍മാരും പ്രവാചക ന്‍മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്.  

21 : ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.  

22 : പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു. 


Gospel, യോഹ 17: 20-26 : അവരെല്ലാവരും ഒന്നാകണം

20 : അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്.  

21 : അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.  

22 : നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു.  

23 : അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ.  

24 : പിതാവേ, ലോകസ്ഥാപനത്തിനുമുമ്പ്, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ് എനിക്കു മഹത്വം നല്‍കി. അങ്ങ് എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.  

25 : നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു.  

26 : അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും. 


Back to Top

Never miss an update from Syro-Malabar Church