Daily Readings for Wednesday May 10,2017

Reading 3, ഹെബ്രാ 7:1-10 : മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതൻ

1 : രാജാക്കന്‍മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേ മിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു.  

2 : സകലത്തിന്റെയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്‍ഥം.  

3 : അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്.  

4 : അവന്‍ എത്ര വലിയവന്‍ എന്നു കാണുവിന്‍! പൂര്‍വപിതാവായ അബ്രാഹംയുദ്ധത്തില്‍ പിടിച്ചെടുത്തവയുടെ ദശാംശം അവനു കൊടുത്തുവല്ലോ.  

5 : ലേവിയുടെ പുത്രന്‍മാരില്‍ പൗരോഹിത്യം സ്വീകരിച്ചിരുന്നവര്‍ക്കു തങ്ങളുടെ സഹോദരരും അബ്രാഹത്തിന്റെ മക്കളുമായിരുന്ന ജനങ്ങളില്‍ നിന്നുപോലും ദശാംശം വാങ്ങാന്‍ നിയമത്തിന്റെ അനുശാസനം ഉണ്ടായിരുന്നു.  

6 : എന്നാല്‍, അവരുടെ വംശാവലിയില്‍പ്പെടാതിരുന്നിട്ടും മെല്‍ക്കിസെദേക്ക് അബ്രാഹത്തില്‍ നിന്നു ദശാംശം വാങ്ങുകയും വാഗ്ദാനം സ്വീകരിച്ചിരുന്ന അബ്രാഹത്തെ അനുഗ്രഹിക്കുകയും ചെയ്തു.  

7 : ചെറിയവന്‍ വലിയവനാല്‍ അനുഗ്രഹിക്കപ്പെടുന്നു, തര്‍ക്കമില്ല.  

8 : ലേവ്യപുരോഹിതന്‍മാരുടെ കാര്യത്തില്‍ മരണമുള്ള മനുഷ്യരാണ് ദശാംശം വാങ്ങുന്നത്. മെല്‍ക്കിസെദേക്കിന്റെ കാര്യത്തിലാകട്ടെ, ജീവിച്ചിരിക്കുന്നുവെന്നു സാക്ഷ്യമുള്ളവന്‍ വാങ്ങുന്നു.  

9 : ദശാംശം വാങ്ങിയിരുന്ന ലേവി പോലും അബ്രാഹത്തിലൂടെ ദശാംശംകൊടുത്തു എന്നു പറയാവുന്നതാണ്. 

10 : എന്തെന്നാല്‍, മെല്‍ക്കിസെദേക്ക് അബാഹത്തെ കണ്ടുമുട്ടുമ്പോള്‍ ലേവി അബ്രാഹത്തിന്റെ അജാതസന്താനം ആയിരുന്നു. 


Gospel, യോഹ 5:30-38 : അയച്ചവന്റെ ഇഷ്ടം നിറവേറ്റുന്നവർ

30 : സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്.  

31 : ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍ എന്റെ സാക്ഷ്യം സത്യമല്ല.  

32 : എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം.  

33 : നിങ്ങള്‍ യോഹന്നാന്റെ അടുത്തേക്ക് ആളയച്ചു. അവന്‍ സത്യത്തിനു സാക്ഷ്യം നല്‍കുകയും ചെയ്തു.  

34 : ഞാന്‍ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നു എന്നു വിചാരിക്കേണ്ടാ; നിങ്ങള്‍ രക്ഷിക്കപ്പെടേണ്ടതിനാണ് ഞാന്‍ ഇതെല്ലാം പറയുന്നത്.  

35 : കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍ . അല്‍പസമയത്തേക്ക് അവന്റെ പ്രകാശത്തില്‍ ആഹ്‌ളാദിക്കാന്‍ നിങ്ങള്‍ ഒരുക്കവുമായിരുന്നു.  

36 : എന്നാല്‍, യോഹന്നാന്‍േറതിനെക്കാള്‍ വലിയ സാക്ഷ്യം എനിക്കുണ്ട്. എന്തെന്നാല്‍, ഞാന്‍ പൂര്‍ത്തിയാക്കാനായി പിതാവ് എന്നെ ഏല്‍പിച്ച ജോലികള്‍ - ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍തന്നെ - പിതാവാണ് എന്നെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു.  

37 : എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങള്‍ ഒരിക്കലുംകേട്ടിട്ടില്ല, രൂപം കണ്ടിട്ടുമില്ല.  

38 : അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല. 


Back to Top

Syro Malabar Live