Daily Readings for Monday May 01,2017

Reading 1, ഉല്പത്തി 3:17-19,23-24 : നെറ്റിയിലെ വിയപ്പുകൊണ്ട് അപ്പം നേടുക

17 ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞപഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ടു നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ടു നീ അതില്‍നിന്നു കാലയാപനം ചെയ്യും.

18 അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും.

19 മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും.

23 കര്‍ത്താവ് അവരെ ഏദന്‍ തോട്ടത്തില്‍നിന്നു പുറത്താക്കി; മണ്ണില്‍നിന്നെ ടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാന്‍ വിട്ടു.

24 മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു.


Reading 2, ജ്ഞാനം 9:10-18 : അധ്വാനം കുടാതെ ഒന്നും സാധ്യമല്ല

10 വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്സിലാക്കട്ടെ!

11 സകലതും അറിയുന്ന അവള്‍ എന്റെ പ്രവൃത്തികളില്‍ എന്നെ ബുദ്ധിപൂര്‍വം നയിക്കും. തന്റെ മഹത്വത്താല്‍ അവള്‍ എന്നെ പരിപാലിക്കും.

12 അപ്പോള്‍ എന്റെ പ്രവൃത്തികള്‍ സ്വീകാര്യമാകും. അങ്ങയുടെ ജനത്തെ ഞാന്‍ നീതിപൂര്‍വം വിധിക്കും; പിതാവിന്റെ സിംഹാസനത്തിനു ഞാന്‍ യോഗ്യനാകും.

13 കാരണം, ദൈവശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും? കര്‍ത്താവിന്റെ ഹിതം തിരിച്ചറിയാന്‍ ആര്‍ക്കു കഴിയും?

14 മര്‍ത്യരുടെ ആലോചന നിസ്സാരമാണ്. ഞങ്ങളുടെ പദ്ധതികള്‍ പരാജയപ്പെടാം.

15 നശ്വരശരീരം ആത്മാവിനു ദുര്‍വഹമാണ്. ഈ കളിമണ്‍കൂടാരം ചിന്താശീലമുള്ള മനസ്സിനെ ഞെരുക്കുന്നു.

16 ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും?

17 അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!

18 ജ്ജ്ഞാനം ഭൂവാസികളുടെ പാത നേരേയാക്കി, അങ്ങേക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു: അവര്‍ രക്ഷിക്കപ്പെടുകയും ചെയ്തു.


Reading 3, കൊളോ 3:14-17 : എല്ലാം കര്‍ത്താവിന്റെ നാമത്തില്‍ ചെയ്യുക

14 സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിന്‍.

15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാനിര്‍ഭരരായിരിക്കുവിന്‍.

16 പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ!

17 നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍.


Gospel, മത്താ 13:53-58 : തച്ചന്റെ മകനായ ഈശോ


53 യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്,

54 സ്വദേശത്തുവന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്?

55 ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?

56 ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്?

57 അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല.

58 അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല.


Back to Top

Never miss an update from Syro-Malabar Church