Daily Readings for Sunday April 09,2017

April 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
30      
<< Mar   May > >>

Reading 1, ഉല്‍‍പത്തി 49:8-12,22-26 : യൂദായിൽ നിന്ന് ചെങ്കോല്‍ ഒഴിഞ്ഞു പോവില്ല

8 : യൂദാ, നിന്റെ സഹോദരന്‍മാര്‍ നിന്നെ പുകഴ്ത്തും, നിന്റെ കൈ ശത്രുക്കളുടെ കഴുത്തില്‍ പതിക്കും. നിന്റെ പിതാവിന്റെ പുത്രന്‍മാര്‍ നിന്റെ മുന്‍പില്‍ കുമ്പിടും. 

9 : യൂദാ ഒരു സിംഹക്കുട്ടിയാണ്. എന്റെ മകനേ, നീ ഇരയില്‍നിന്നു മടങ്ങിയിരിക്കുന്നു. അവന്‍ ഒരു സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? 

10 : ചെങ്കോല്‍ യൂദായെ വിട്ടു പോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്‍ഡ് അവന്റെ സന്തതികളില്‍നിന്നു നീങ്ങിപ്പോകയില്ല. ജനതകള്‍ അവനെ അനുസരിക്കും. 

11 : അവന്‍ തന്റെ കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടും; തന്റെ ഉടുപ്പു വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും. 

12 : അവന്റെ കണ്ണുകള്‍ വീഞ്ഞിനെക്കാള്‍ചെമന്നും പല്ലുകള്‍ പാലിനെക്കാള്‍ വെളുത്തുമിരിക്കും. 

22 : നീരുറവയ്ക്കരികേ നില്‍ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണു ജോസഫ്. അതിന്റെ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്‍ക്കുന്നു. 

23 : വില്ലാളികള്‍ അവനെ കഠിനമായി വേദനിപ്പിച്ചു. അവര്‍ അവനു നേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്തു. 

24 : എന്നാല്‍, അവന്റെ വില്ല് ഉറച്ചുനിന്നു. യാക്കോബിന്റെ ശക്തനായ ദൈവം - ഇസ്രായേലിന്റെ പാറയായ ഇടയന്‍ - തന്റെ കൈകള്‍കൊണ്ട് അവന്റെ കൈകളെ ശക്തിപ്പെടുത്തി. 

25 : നിന്റെ പിതാവിന്റെ ദൈവം നിനക്കു തുണയായിരിക്കും. സര്‍വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ആഴത്തിന്റെയും ഉദരത്തിന്റെയും മാറിടത്തിന്റെയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ! 

26 : നിന്റെ പിതാവിന്റെ അനുഗ്രഹങ്ങള്‍ നിത്യപര്‍വതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്. അവ ജോസഫിന്റെ ശിരസ്‌സില്‍, തന്റെ സഹോദരരില്‍നിന്നു വേര്‍പെട്ടിരുന്നവന്റെ മൂര്‍ധാവില്‍ വര്‍ഷിക്കപ്പെടട്ടെ.


Reading 2, സഖ 9:9-12 : സമാധാന രാജാവ് സീയോനിലേക്ക്

9 : സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു. 

10 : ഞാന്‍ എഫ്രായിമില്‍നിന്നു രഥത്തെയും ജറുസലെമില്‍ നിന്നു പടക്കുതിരയെയും വിച്‌ഛേദിക്കും. പടവില്ല് ഞാന്‍ ഒടിക്കും. അവന്‍ ജന തകള്‍ക്കു സമാധാനമരുളും. അവന്റെ ആധിപത്യം സമുദ്രം മുതല്‍ സമുദ്രം വരെയും നദി മുതല്‍ ഭൂമിയുടെ അറ്റം വരെയും ആയിരിക്കും. 

11 : നീയുമായുള്ള എന്റെ ഉടമ്പടിയുടെ രക്തം നിമിത്തം പ്രവാസികളെ ഞാന്‍ ജലരഹിതമായ കുഴിയില്‍നിന്നു സ്വതന്ത്രരാക്കും. 

12 : പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.


Reading 3, റോമാ 11:13-24 : നാം മിശിഹായാകുന്ന ഒലിവിൽ ഒട്ടിച്ചേർക്കപ്പെട്ടവർ

13 : വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതീയരുടെ അപ്പസ്‌തോലന്‍ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു. 

14 : അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ. 

15 : എന്തുകൊണ്ടെന്നാല്‍, അവരുടെ തിര സ്‌കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും? 

16 : ധാന്യമാവില്‍നിന്ന് ആദ്യഫലമായി സമര്‍പ്പിക്കപ്പെട്ടതു പരിശുദ്ധമെങ്കില്‍ അതുമുഴുവന്‍ പരിശുദ്ധമാണ്. വേരു പരിശുദ്ധമെങ്കില്‍ ശാഖകളും അങ്ങനെതന്നെ. 

17 : ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേ രില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ 

18 : നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക. 

19 : എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം. 

20 : അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്‌ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക. 

21 : എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. 

22 : അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും. 

23 : തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. 

24 : വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെനല്ല ഒലിവിന്‍മേല്‍ പ്രകൃതിസഹജ മല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖ കള്‍ അവയുടെ തായ്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോയുക്തം.


Gospel, മത്താ 21:1-17 : മിശിഹായുടെ രാജകീയ ജറുസലേം പ്രവേശനവും ദൈവാലയ ശുദ്ധീകരണവും

1 : അവര്‍ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബഥ്ഫഗെയിലെത്തി. അപ്പോള്‍ യേശു തന്റെ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു: 

2 : എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ടുവരുക.

3 : ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തന്നെ അവയെ വിട്ടുതരും. 

4 : പ്രവാചകന്‍ വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്. 

5 : സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു. 

6 : ശിഷ്യന്‍മാര്‍പോയി യേശു കല്‍പിച്ചതുപോലെ ചെയ്തു. 

7 : അവര്‍ കഴുതയെയും കഴുതക്കുട്ടിയെയുംകൊണ്ടുവന്ന് അവയുടെമേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു. 

8 : ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്ഷങ്ങളില്‍ നിന്നു ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. 

9 : യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! 

10 : അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു.

11 : ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. 

12 : യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.

13 : അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു. 

14 : അന്ധന്മാരും മുടന്തന്‍മാരും ദേവാലയത്തില്‍ അവന്റെ അടുത്തെത്തി. അവന്‍ അവരെ സുഖപ്പെടുത്തി.

15 : അവന്‍ ചെയ്ത വിസ്മയകരമായ പ്രവൃത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന് ഉദ്‌ഘോഷിച്ച് ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്ഞരും രോഷാകുലരായി. 

16 : അവര്‍ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന് നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്തുതി ഒരുക്കി എന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ? 

17 : അനന്തരം അവന്‍ അവരെ വിട്ട് നഗരത്തില്‍നിന്ന് ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.


Back to Top

Never miss an update from Syro-Malabar Church