Daily Readings for Monday April 24,2017

April 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
30      
<< Mar   May > >>

Reading 1, ദാനി 6:12-24 : ദാനിയേൽ സിംഹകുഴിയിൽ

12 : അവര്‍ രാജ സന്നിധിയിലെത്തി നിരോധനാജ്ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അവനെ സിംഹങ്ങളുടെ കുഴിയില്‍ തള്ളും എന്നൊരു നിരോധനാജ്ഞയില്‍ നീ ഒപ്പുവച്ചിരുന്നില്ലേ? രാജാവ് പറഞ്ഞു: മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ച്, അത് തീര്‍ച്ചയായും അങ്ങനെതന്നെ. 

13 : അവര്‍ പറഞ്ഞു: രാജാവേ, യൂദായില്‍നിന്നുള്ള പ്രവാസികളിലൊരുവനായ ആദാനിയേല്‍ നിന്നെയാകട്ടെ, നീ ഒപ്പുവച്ച നിരോധനാജ്ഞയെ ആകട്ടെ മാനിക്കാതെ ദിവസവും മൂന്നു പ്രാവശ്യം തന്റെ പ്രാര്‍ഥന നടത്തുന്നു. 

14 : ഇതുകേട്ടപ്പോള്‍ രാജാവ് അത്യധികം വ്യസനിച്ചു; ദാനിയേലിനെ രക്ഷിക്കാന്‍മനസ്‌സിലുറച്ച് അവനെ രക്ഷിക്കുന്നതിനുവേണ്ടി സൂര്യന്‍ അസ്തമിക്കുന്നതുവരെ അവന്‍ പരിശ്രമിച്ചു. 

15 : അപ്പോള്‍, ആലോചിച്ചുറച്ചു വന്നിരുന്ന ആളുകള്‍ രാജാവിനോടു പറഞ്ഞു: രാജാവേ, നീ അറിഞ്ഞാലും. മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച്, രാജാവ് പുറപ്പെടുവിക്കുന്ന കല്‍പനയും ശാസനയും മാറ്റിക്കൂടാ. 

16 : രാജാവ് കല്‍പിച്ചതനുസരിച്ച് ദാനിയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ കുഴിയിലേക്കെറിഞ്ഞു. രാജാവ് ദാനിയേലിനോടു പറഞ്ഞു: നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ! 

17 : ദാനിയേലിനെക്കുറിച്ചുള്ള വിധിക്കു മാറ്റം വരാതിരിക്കാന്‍ കുഴി ഒരു കല്ലുകൊണ്ട് അടയ്ക്കുകയും രാജാവിന്റെയും പ്രഭുക്കന്‍മാരുടെയും മോതിരങ്ങള്‍കൊണ്ട് അതിനു മുദ്രവയ്ക്കുകയും ചെയ്തു. 

18 : രാജാവു കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവന്‍ ഉപവാസത്തില്‍ കഴിച്ചുകൂട്ടി. വിനോദങ്ങളെല്ലാം അവന്‍ പരിത്യജിച്ചു; നിദ്രഅവനെ സമീപിച്ചില്ല. 

19 : രാജാവ് അതിരാവിലെ എഴുന്നേറ്റ് സിംഹങ്ങളുടെ കുഴിയിലേക്കു തിടുക്കത്തില്‍ ചെന്നു; 

20 : ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോള്‍, ദുഃഖം നിറഞ്ഞസ്വരത്തില്‍ രാജാവ് വിളിച്ചു ചോദിച്ചു: ദാനിയേല്‍, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ സിംഹങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ശക്തനായിരുന്നോ? 

21 : ദാനിയേല്‍ രാജാവിനോടു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ! 

22 : തന്റെ മുന്‍പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്റെ മുന്‍പിലും ഞാന്‍ നിരപരാധനാണല്ലോ. 

23 : അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ച്, ദാനിയേലിനെ കുഴിയില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കല്‍പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്റെ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറല്‍ പോലും ഏറ്റതായി കണ്ടില്ല. 

24 : ദാനിയേലിനെ കുറ്റംവിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്‍പനപ്രകാരംകൊണ്ടുവന്ന് സിംഹത്തിന്റെ കുഴിയില്‍ എറിഞ്ഞു. കുഴിയുടെ അടിയിലെത്തും മുന്‍പേ, സിംഹങ്ങള്‍ അവരെ അടിച്ചു വീഴ്ത്തി, അസ്ഥികള്‍ ഒടിച്ചു നുറുക്കി. 


Reading 2, Acts 12:1-5 : യാക്കോബ് ശ്ലീഹായുടെ രക്തസാക്ഷിത്വം '

1 : അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി. 

2 : അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. 

3 : യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട് അവന്‍ പത്രോസിനെയും ബന്ധന സ്ഥനാക്കാന്‍ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു. 

4 : അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടന്‍മാര്‍ വീതമുള്ള നാലു സംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. പെ സഹാ കഴിയുമ്പോള്‍ അവനെ ജനത്തിന്റെ മുമ്പില്‍കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്‌ദേശ്യം. 

5 : അങ്ങനെ പത്രോസ് കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷണമായിപ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 


Reading 3, 2 കോറി 12:1-10 : സഹനങ്ങളിൽ സന്തോഷിക്കുക

1 : എനിക്ക് ആത്മപ്രശംസ ചെയ്യാന്‍ പല തുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ. 

2 : പതിന്നാലു വര്‍ഷം മുമ്പു മൂന്നാം സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടു കൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ. 

3 : ഈ മനുഷ്യന്‍ പറുദീസായിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന് എനിക്കറിയാം - ശരീരത്തോടുകൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ. 

4 : അവാച്യവും മനുഷ്യനു വിവരിച്ചുകൂടാത്തതുമായ കാര്യങ്ങള്‍ അവന്‍ കേട്ടു. 

5 : ഈ മനുഷ്യനെക്കുറിച്ചു ഞാന്‍ അഭിമാനംകൊള്ളും. എന്നെക്കുറിച്ചു സ്വന്തം ബലഹീനതകളിലല്ലാതെ ഞാന്‍ അഭിമാനംകൊള്ളുകയില്ല. 

6 : ആത്മപ്രശംസയ്ക്ക് ഇച്ഛിക്കുന്നെങ്കില്‍ത്തന്നെ ഞാന്‍ ഒരു ഭോഷനാവുകയില്ല. എന്തെന്നാല്‍, സത്യമായിരിക്കും ഞാന്‍ സംസാരിക്കുക. എന്നില്‍ കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയും ചെയ്യുന്നതില്‍ അധികമായി ആരും എന്നെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന് ഞാന്‍ ആത്മപ്രശംസ ഒഴിവാക്കുന്നു. 

7 : വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്റെ ദൂതന്‍. 

8 : അത് എന്നെ വിട്ടകലാന്‍വേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു. 

9 : എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും. 

10 : അതുകൊണ്ട്, ബലഹീനതകളിലും ആക്‌ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ട നാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്തനായിരിക്കുന്നത്. 


Gospel, മത്തായി 10:37-42 : മിശിഹായെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുക

37 : എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. 

38 : സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല. 

39 : സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും. 

40 : നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.  Share on Facebook  Share on Twitter   Get this statement Link

41 : പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു. 

42 : ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. 


Back to Top

Never miss an update from Syro-Malabar Church