Daily Readings for Thursday April 20,2017

April 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
30      
<< Mar   May > >>

Reading 1, ഏശയ്യാ 54:1-10 : പുതിയ ജറുസലേം

1 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്‌ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം.  

2 : നിന്റെ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്യുക.  

3 : നീ ഇരുവശത്തേക്കും അതിരു ഭേദിച്ചു വ്യാപിക്കും. നിന്റെ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജന നഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും.  

4 : ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല.  

5 : നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.  

6 : പരിത്യക്തയായ,യൗവ നത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു.  

7 : നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.  

8 : കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്റെ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന് നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.  

9 : നോഹയുടെ കാലംപോലെയാണ് ഇത് എനിക്ക്. അവന്റെ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു.  

10 : നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.  Reading 2, അപ്പ 6:1-7 : ഡീക്കന്മാരെ തിരഞ്ഞെടുക്കുന്നു

1 : ശിഷ്യരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന്ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. 

2 : അതുകൊണ്ട്, പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല. 

3 : അതിനാല്‍ സഹോദരരേ, സുസമ്മത രും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്‍പിക്കാം. 

4 : ഞങ്ങള്‍ പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം. 

5 : അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞസ്‌തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരന്‍ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു. 

6 : അവരെ അപ്പസ്‌തോലന്‍മാരുടെ മുമ്പില്‍ നിറുത്തി. അവര്‍ പ്രാര്‍ഥിച്ചിട്ട് അവരുടെമേല്‍കൈകള്‍ വച്ചു. 

7 : ദൈവവചനം പ്രചരിക്കുകയും ജറുസലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ധിക്കുകയും ചെയ്തു. പുരോഹിതന്‍മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു. 


Reading 3, കൊളോ 2:12-15 : നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു

12 : ജ്ഞാന സ്‌നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസംനിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 

13 : നിങ്ങള്‍ പാപങ്ങള്‍നിമിത്തം മൃത രും ദുര്‍വാസനകളുടെ പരിച്‌ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു. 

14 : നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്തു. 

15 : ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. 


Gospel, മത്താ 10:1-15 : സുവിശേഷ പ്രഘോഷണത്തിനായി അപ്പസ്ത്തോലനമാരെ അയയ്ക്കുന്ന മിശിഹാ

1 അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്‍മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി.

2 ആ പന്ത്രണ്ട് അപ്പസ്തോലന്‍മാരുടെ പേരുകള്‍: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, അവന്റെ സഹോദരന്‍ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍,

3 പീലിപ്പോസ്, ബര്‍ത്തലോമിയോ, തോമസ്, ചുങ്കക്കാരന്‍ മത്തായി, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദേവൂസ്,

4 കാനാന്‍കാരന്‍ ശിമയോന്‍, യേശുവിനെഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.

5 ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്.

6 പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍.

7 പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍.

8 രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.

9 നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്ക്കരുത്.

10 യാത്രയ്ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടു പോകരുത്. വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്.

11 നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍.

12 നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം.

13 ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.

14 ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍.

15 വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗൊമോറാദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുïാകുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.


Back to Top

Never miss an update from Syro-Malabar Church