Daily Readings for Monday April 17,2017

April 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
30      
<< Mar   May > >>

Reading 1, ഏശയ്യാ 60: 15-22 : ജെറുസലെമിന്റെ ഭാവിമഹത്വം

15 : ആരും കടന്നുപോകാത്തവിധം പരിത്യക്തയും വെറുക്കപ്പെട്ടവളുമായിരുന്നു നീ. ഞാന്‍ നിന്നെ എന്നേക്കും പ്രൗഢിയുറ്റവളും തലമുറകള്‍ക്ക് ആനന്ദവും ആക്കും.  

16 : നീ ജനതകളുടെ പാലു കുടിക്കും; രാജാക്കന്‍മാരുടെ ഐശ്വര്യം നുകരും. കര്‍ത്താവായ ഞാനാണ് നിന്റെ രക്ഷകനെന്നും യാക്കോബിന്റെ ശക്തനായവനാണ് നിന്റെ വിമോചകനെന്നും നീ അറിയും.  

17 : ഓടിനു പകരം സ്വര്‍ണവും ഇരുമ്പിനു പകരം വെള്ളിയും തടിക്കു പകരം ഓടും കല്ലിനു പകരം ഇരുമ്പും ഞാന്‍ കൊണ്ടുവരും. സമാധാനത്തെനിന്റെ മേല്‍നോട്ടക്കാരും നീതിയെ നിന്റെ അധിപതികളും ആക്കും.  

18 : നിന്റെ ദേശത്ത് ഇനി അക്രമത്തെപ്പറ്റി കേള്‍ക്കുകയില്ല. ശൂന്യതയും നാശവും നിന്റെ അതിര്‍ത്തിക്കുള്ളില്‍ ഉണ്ടാവുകയില്ല; നിന്റെ മതിലുകളെ രക്ഷയെന്നും കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.  

19 : പകല്‍ സൂര്യനായിരിക്കുകയില്ല ഇനി നിനക്കു പ്രകാശം തരുക; നിനക്കു പ്രകാശംനല്‍കാന്‍ രാത്രിയില്‍ ചന്ദ്രനായിരിക്കുകയില്ല പ്രശോഭിക്കുന്നത്. കര്‍ത്താവായിരിക്കും നിന്റെ നിത്യമായ പ്രകാശം; നിന്റെ ദൈവമായിരിക്കും നിന്റെ മഹത്വം.  

20 : നിന്റെ സൂര്യന്‍ അസ്തമിക്കുകയില്ല; നിന്റെ ചന്ദ്രന്‍മറയുകയുമില്ല; കര്‍ത്താവ് നിന്റെ നിത്യപ്രകാശമായിരിക്കും. നിന്റെ വിലാപദിനങ്ങള്‍ അവസാനിക്കും.  

21 : നിന്റെ ജനം നീതിമാന്‍മാരാകും. ഞാന്‍ മഹത്വപ്പെടേണ്ടതിനു ഞാന്‍ നട്ട മുളയും എന്റെ കരവേലയുമായ ദേശത്തെ എന്നേക്കുമായി അവര്‍ കൈവശപ്പെടുത്തും.  

22 : ഏറ്റവും നിസ്‌സാരനായവന്‍ ഒരു വംശവും ഏറ്റവും ചെറിയവന്‍ ശക്തിയുള്ള ജനതയുമാകും. ഞാനാണു കര്‍ത്താവ്, യഥാകാലം ഞാന്‍ ഇത് ത്വരിതമാക്കും. 


Reading 2, അപ്പ. പ്രവ 2: 29-36 : ഈശോ ഉയിർത്തെഴുന്നേറ്റു

29 : സഹോദരരേ, ഗോത്രപിതാവായ ദാവീ ദിനെക്കുറിച്ചു നിങ്ങളോടു ഞാന്‍ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവന്‍ മരിക്കുകയും സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയില്‍ ഉണ്ടല്ലോ.  

30 : അവന്‍ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളില്‍ ഒരാളെ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കും എന്നു ദൈവം അവനോടു ചെയ്ത ശപഥം അവന്‍ അറിയുകയും ചെയ്തിരുന്നു.  

31 : അതുകൊണ്ടാണ്, അവന്‍ പാതാളത്തില്‍ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീര്‍ണിക്കാന്‍ ഇടയായതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന്‍ പറഞ്ഞത്.  

32 : ആ യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.  

33 : ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍നിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവന്‍ ഈ ആത്മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.  

34 : ദാവീദ് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തില്ല. എങ്കിലും അവന്‍ പറയുന്നു:  

35 : കര്‍ത്താവ് എന്റെ കര്‍ത്താവിനോടു പറഞ്ഞു, ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.  

36 : അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ. 


Reading 3, റോമാ 4: 1-8 : നീതിയായി പരിഗണിക്കപ്പെടുന്ന വിശ്വാസം

1 : ആകയാല്‍, ജഡപ്രകാരം നമ്മുടെ പൂര്‍വ പിതാവായ അബ്രാഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്?  

2 : അബ്രാഹം പ്രവൃത്തികളാലാണു നീതീകരിക്കപ്പെട്ടതെങ്കില്‍ അവന് അഭിമാനത്തിനു വകയുണ്ട് - ദൈവസന്നിധിയിലല്ലെന്നുമാത്രം.  

3 : വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അത് അവനു നീതിയായി പ രിഗണിക്കപ്പെട്ടു.  

4 : ജോലി ചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായിട്ടല്ല, അവകാശമായിട്ടാണ്.  

5 : പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു.  

6 : പ്രവൃത്തികള്‍നോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്റെ ഭാഗ്യം ദാവീദ് വര്‍ണിക്കുന്നു:  

7 : അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.  

8 : കര്‍ത്താവ് കുറ്റം ചുമത്താത്തവന്‍ ഭാഗ്യവാന്‍.


Gospel, യോഹ 14: 18-28 : പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ഈശോ

18 : ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും.  

19 : അല്‍പ സമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍, നിങ്ങള്‍ എന്നെ കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും.  

20 : ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങള്‍ അറിയും. 

21 : എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.  

22 : യൂദാസ് - യൂദാസ്‌കറിയോത്തായല്ല - അവനോടു പറഞ്ഞു: കര്‍ത്താവേ, നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍ പോകുന്നു, എന്നാല്‍, ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്?  

23 : യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.  

24 : എന്നെ സ്‌നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്‍േറതല്ല; എന്നെ അയച്ച പിതാവിന്‍േറതാണ്.  

25 : നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.  

26 : എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും. 

27 : ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.  

28 : ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നുവെങ്കില്‍, പിതാവിന്റെ യടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍, പിതാവ് എന്നെക്കാള്‍ വലിയവനാണ്. 


Back to Top

Syro Malabar Live