Daily Readings for Wednesday April 12,2017

April 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
30      
<< Mar   May > >>

Reading 1, ഉല്‍‍പത്തി 40: 1-23 : ജോസഫ് സ്വപ്നം വ്യാഖ്യാനിക്കുന്നു

1 : കുറച്ചുനാള്‍കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും പാചകനും തങ്ങളുടെ യജമാനനായ രാജാവിനെതിരേ തെറ്റു ചെയ്തു.  

2 : ഈ രണ്ട് ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരേ ഫറവോ കുപിതനായി.  

3 : അവന്‍ അവരെ കാവല്‍പ്പടനായകന്റെ വീട്ടിലുള്ള തടവറയിലടച്ചു. ജോസഫും അവിടെയാണ് കഴിഞ്ഞിരുന്നത്.  

4 : കാവല്‍പ്പടനായകന്‍ അവരെ ജോസഫിനു ഭരമേല്‍പിച്ചു. അവന്‍ അവരെ പരിചരിച്ചു. കുറേക്കാലം അവര്‍ തടവില്‍ക്കിടന്നു.  

5 : തടവറയില്‍ക്കിടന്നിരുന്ന അവരിരുവര്‍ക്കും- ഈജിപ്തിലെ രാജാവിന്റെ പാനപാത്ര വാഹകനും, പാചകനും, - ഒരു രാത്രിയില്‍ വേറെവേറെഅര്‍ഥമുള്ള സ്വപ്നമുണ്ടായി.  

6 : ജോസഫ് രാവിലെ അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.  

7 : തന്റെ യജമാനന്റെ വീട്ടിലെ തടവറയില്‍ തന്നോടൊത്തു കഴിയുന്ന ആ ഉദ്യോഗസ്ഥന്‍മാരോട് അവന്‍ ചോദിച്ചു: നിങ്ങളുടെ മുഖത്ത് എന്താണ് ഇന്നൊരു വിഷാദം?  

8 : അവര്‍ പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും സ്വപ്നം കണ്ടു. അവയെ വ്യാഖ്യാനിക്കാന്‍ ആരുമില്ല. ജോസഫ് പറഞ്ഞു: വ്യാഖ്യാനം ദൈവത്തിന്റേതല്ലേ? സ്വപ്നം എന്തെന്നു പറയൂ.  

9 : പാനപാത്രവാഹകന്‍ തന്റെ സ്വപ്നം ജോസഫിനോടു പറഞ്ഞു: ഞാന്‍ ഒരു മുന്തിരിവള്ളി സ്വപ്നം കണ്ടു.  

10 : അതില്‍ മൂന്നു ശാഖകള്‍ ഉണ്ടായിരുന്നു. അതു മൊട്ടിട്ട ഉടനെ പുഷ്പിച്ച് കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമായി.  

11 : ഫറവോയുടെ പാനപാത്രം എന്റെ കൈയില്‍ ഉണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങള്‍ എടുത്തു പിഴിഞ്ഞു പാനപാത്രത്തില്‍ ഒഴിച്ച് അവനു കൊടുത്തു.  

12 : ജോസഫ് അവനോടു പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്:  

13 : മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ ഉദ്യോഗത്തില്‍ വീണ്ടും നിയമിക്കും. മുന്‍പെന്നപോലെ നീ പാനപാത്രം ഫറവോയുടെ കൈയില്‍വച്ചു കൊടുക്കും.  

14 : നല്ലകാലം വരുമ്പോള്‍ എന്നെയും ഓര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെ മുന്‍പില്‍ ഉണര്‍ത്തിച്ച് ഈ തടവറയില്‍ നിന്ന് എന്നെ മോചിപ്പിക്കണം.  

15 : ഹെബ്രായരുടെ നാട്ടില്‍നിന്ന് അവര്‍ എന്നെ മോഷ്ടിച്ചുകൊണ്ടുവന്നതാണ്. ഇവിടെയും അവരെന്നെ ഈ ഇരുട്ടറയില്‍ അടയ്ക്കത്തക്കതൊന്നും ഞാന്‍ ചെയ്തിട്ടില്ല.  

16 : വ്യാഖ്യാനം ശുഭസൂചകമാണെന്നു കണ്ടപ്പോള്‍ പാചകപ്രമാണി ജോസഫിനോടു പറഞ്ഞു: ഞാനും ഒരു സ്വപ്നം കണ്ടു. എന്റെ തലയില്‍ മൂന്നു കുട്ട നിറയെ അപ്പമുണ്ടായിരുന്നു.  

17 : ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളായിരുന്നു. പക്ഷികള്‍ വന്ന് എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നു കൊണ്ടിരുന്നു.  

18 : ജോസഫ് പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്: മൂന്നു കുട്ടകള്‍ മൂന്നു ദിവസംതന്നെ. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ പുറത്തിറക്കി മരത്തില്‍ കെട്ടിത്തൂക്കും.  

19 : പക്ഷികള്‍ നിന്റെ മാംസം തിന്നുകയും ചെയ്യും.  

20 : മൂന്നാം ദിവസം ഫറവോയുടെ പിറന്നാളായിരുന്നു. തന്റെ വേലക്കാര്‍ക്ക് അവന്‍ ഒരു വിരുന്നു നല്‍കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയും പുറത്തുകൊണ്ടുവന്നു വിധി കല്‍പിച്ചു.  

21 : പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരിയേ നിയമിച്ചു; അവന്‍ പാനപാത്രം ഫറവോയുടെകൈയില്‍ കൊടുത്തു.  

22 : എന്നാല്‍, പാചകപ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. ജോസഫ് വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു.  

23 : എന്നാല്‍, പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മിച്ചില്ല; അവനെ മറന്നുകളഞ്ഞു.


Reading 2, ജോഷ്വ 23: 1-11 : ദൈവത്തോട് വിശ്വസ്തരായിരിക്കുക

1 : ചുറ്റുമുള്ള ശത്രുക്കളെയെല്ലാം കീഴടക്കി കര്‍ത്താവ് ഇസ്രായേലിന് സ്വസ്ഥത നല്‍കി. അങ്ങനെ ഏറെക്കാലം കഴിഞ്ഞു. ജോഷ്വ വൃദ്ധനായി.  

2 : അവന്‍ ഇസ്രായേല്‍ ജനത്തെയും അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയും ന്യായാധിപന്‍മാരെയും സ്ഥാനികളെയും വിളിച്ചുവരുത്തി പറഞ്ഞു: ഞാന്‍ ഇതാ വൃദ്ധനായി.  

3 : ജനതകളോട് നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്താണ് ചെയ്തതെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു; അവിടുന്നു തന്നെയാണല്ലോ നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്തത്.  

4 : ജോര്‍ദാന്‍ മുതല്‍ പടിഞ്ഞാറ് മഹാസമുദ്രം വരെ ഞാന്‍ പിടിച്ചടക്കിയതും കീഴടങ്ങാതെ അവശേഷിക്കുന്നതുമായ എല്ലാ ദേശങ്ങളും നിങ്ങളുടെ ഗോത്രങ്ങള്‍ക്ക് അവകാശമായി ഞാന്‍ വിഭജിച്ചു തന്നിരിക്കുന്നു.  

5 : നിങ്ങളുടെ ദൈവമായ കര്‍ത്താവ് ശത്രുക്കളെ നിങ്ങളുടെ മുന്‍പില്‍നിന്നു നിര്‍മാര്‍ജനം ചെയ്യും. അവിടുന്ന് വാഗ്ദാനം ചെയ്തനുസരിച്ച് അവരുടെ ദേശം നിങ്ങള്‍ കൈവശപ്പെടുത്തും.  

6 : ആകയാല്‍, മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതെല്ലാം വിശ്വസ്തതയോടെ അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍; അതില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്.  

7 : ഇവിടെ നിങ്ങളുടെ ഇടയില്‍ അവശേഷിച്ചിരിക്കുന്നവരുമായി  

8 : കൂടിക്കലരുകയോ അവരുടെ ദേവന്‍മാരുടെ നാമം ഉച്ചരിക്കുകയോ അവരെക്കൊണ്ട് ആണയിടുകയോ അവരെ സേവിക്കുകയോ നമസ്‌കരിക്കുകയോ ചെയ്യാതിരിക്കുന്നതിനും നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു വിശ്വസ്തത പാലിക്കുന്നതിനും വേണ്ടിയാണ് ഇത്.  

9 : പ്രബലരും ശക്തരുമായ ജനങ്ങളെ കര്‍ത്താവ് നിങ്ങളുടെ മുന്‍പില്‍ നിന്നു നിര്‍മാര്‍ജനം ചെയ്തു. ഇതുവരെ ഒരുവനും നിങ്ങളോട് എതിര്‍ത്തു നില്‍ക്കാന്‍ സാധിച്ചിട്ടില്ല.  

10 : നിങ്ങളില്‍ ഒരാള്‍ ആയിരം പേരെ തുരത്തുന്നു. കാരണം, നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്നതുപോലെ ദൈവമായ കര്‍ത്താവു തന്നെയാണ് നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നത്.  

11 : അതുകൊണ്ട് നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുന്നതില്‍ നിങ്ങള്‍ ഉത്‌സുകരായിരിക്കണം. 


Reading 3, ഹെബ്രായര്‍ 9: 15-28 : രക്തത്താൽ മുദ്രിതമായ പുതിയ ഉടമ്പടി

15 : വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉട മ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു. 

16 : മരണപത്രത്തിന്റെ കാര്യത്തില്‍, അത് എഴുതിയവന്റെ മരണം സ്ഥിരീകരിക്കപ്പെടണം. 

17 : മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷം മാത്രമാണ്; അതുണ്ടാക്കിയവന്‍ ജീവിച്ചിരിക്കെ അ തിന് ഒരു സാധുതയുമില്ലല്ലോ. 

18 : അതിനാല്‍, രക്തം കൂടാതെയല്ല ആദ്യത്തെ ഉടമ്പടിയും ഉറപ്പിക്കപ്പെട്ടത്. 

19 : മോശ നിയമത്തിലെ ഓരോ കല്‍പനയും ജനങ്ങളോടു പ്രഖ്യാപിച്ചപ്പോള്‍ അവന്‍ പശുക്കിടാക്കളുടെയും ആടുകളുടെയും രക്തം ജലത്തില്‍ കലര്‍ത്തി ചെ മന്ന ആട്ടിന്‍രോമവും ഹിസോപ്പുചെടിയും ഉപയോഗിച്ചു പുസ്തകത്തിന്‍മേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടു 

20 : പറഞ്ഞു: ഇതുദൈവം നിങ്ങളോടു കല്‍പിച്ചിരിക്കുന്ന ഉട മ്പടിയുടെ രക്തമാണ്. 

21 : അപ്രകാരം തന്നെ കൂടാരത്തിന്‍മേലും ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങളിന്‍മേലും ആ രക്തം അവന്‍ തളിച്ചു. 

22 : നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല. 

23 : സ്വര്‍ഗീയ കാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; സ്വര്‍ഗീയ കാര്യങ്ങളാകട്ടെ കൂടുതല്‍ ശ്രേഷ്ഠമായ ബലികളാലും. 

24 : മനുഷ്യനിര്‍മിതവും സാക്ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കുതന്നെയാണ് യേശു പ്രവേശിച്ചത്. 

25 : അത്, പ്രധാനപുരോഹിതന്‍ തന്‍േറതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധ സ്ഥലത്തേക്ക് ആണ്ടുതോ റും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല. 

26 : ആയിരുന്നെങ്കില്‍ ലോകാരംഭംമുതല്‍ പലപ്രാവശ്യം അവന്‍ പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് പാപത്തെനശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 

27 : മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; 

28 : അ തിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി. 


Gospel, യോഹ 12: 27-33 : മനുഷ്യപുത്രൻ ഉയർത്തപ്പെടണം

27 : ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്.

28 : പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹ ത്വപ്പെടുത്തും.

29 : അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാല്‍ ചിലര്‍ ഒരു ദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.

30 : യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്.

31 : ഇപ്പോഴാണ് ഈ ലോകത്തിന്റെന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.

32 : ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.

33 : അവന്‍ ഇതു പറഞ്ഞത്, താന്‍ ഏതു വിധത്തിലുള്ള മരണമാണു വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്.


Back to Top

Syro Malabar Live