Daily Readings for Tuesday April 11,2017

April 2017
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
30      
<< Mar   May > >>

Reading 1, ഉല്‍‍പത്തി 37: 23-36 : സഹോദരന്‍മാര്‍ ജോസഫിനെ വില്‍ക്കുന്നു

23 : അതിനാല്‍, ജോസഫ് അടുത്തെത്തിയപ്പോള്‍, സഹോദരന്‍മാര്‍ അവന്‍ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു.  

24 : അവനെ ഒരു കുഴിയില്‍ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു.  

25 : അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലയാദില്‍നിന്നു വരുന്ന ഇസ്മായേല്യരുടെ ഒരുയാത്രാസംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു.  

26 : അപ്പോള്‍ യൂദാ തന്റെ സഹോദരന്‍മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന് അവന്റെ രക്തം മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക?  

27 : വരുവിന്‍, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ. അവന്‍ നമ്മുടെ സഹോദരനാണ്. നമ്മുടെ തന്നെ മാംസം. അവന്റെ സഹോദരന്‍മാര്‍ അതിനു സമ്മതിച്ചു.  

28 : അപ്പോള്‍ കുറെമിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്‍മാര്‍ അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അവര്‍ അവനെ ഈജിപ്തിലേക്കു കൊണ്ടുപോയി.  

29 : റൂബന്‍ കുഴിയുടെ അടുത്തേക്കു തിരിച്ചു ചെന്നു. എന്നാല്‍ ജോസഫ് കുഴിയില്‍ ഇല്ലായിരുന്നു.  

30 : അവന്‍ തന്റെ ഉടുപ്പു വലിച്ചുകീറി, സഹോദരന്‍മാരുടെ അടുത്തുചെന്നു വിലപിച്ചു. കുട്ടിയെ കാണാനില്ല. ഞാനിനി എവിടെപ്പോകും.  

31 : അവര്‍ ഒരാടിനെക്കൊന്ന് ജോസഫിന്റെ കുപ്പായമെടുത്ത് അതിന്റെ രക്തത്തില്‍ മുക്കി.  

32 : കൈനീളമുള്ള ആ നീണ്ട കുപ്പായം തങ്ങളുടെ പിതാവിന്റെയടുക്കല്‍ കൊണ്ടുചെന്നിട്ട് അവര്‍ പറഞ്ഞു: ഈ കുപ്പായം ഞങ്ങള്‍ക്കു കണ്ടുകിട്ടി. ഇത് അങ്ങയുടെ മകന്റേതാണോ അല്ലയോ എന്നു നോക്കുക.  

33 : അവന്‍ അതു തിരിച്ചറിഞ്ഞു. അവന്‍ പറഞ്ഞു: ഇത് എന്റെ മകന്റെ കുപ്പായമാണ്. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നു. ജോസഫിനെ അതു കടിച്ചുകീറിക്കാണും.  

34 : യാക്കോബു തന്റെ വസ്ത്രം വലിച്ചുകീറി; ചാക്കുടുത്തു വളരെനാള്‍ തന്റെ മകനെക്കുറിച്ചു വിലപിച്ചു.  

35 : അവന്റെ പുത്രന്‍മാരും പുത്രിമാരും അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ക്കു കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടുതന്നെ പാതാളത്തില്‍ എന്റെ മകന്റെയടുത്തേക്കു ഞാന്‍ പോകും എന്നു പറഞ്ഞ് അവന്‍ തന്റെ മകനെയോര്‍ത്തു വിലപിച്ചു;  

36 : ഇതിനിടെ മിദിയാന്‍കാര്‍ ജോസഫിനെ ഈജിപ്തില്‍ ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്‍പടയുടെ നായകനുമായ പൊത്തിഫറിനു വിറ്റു. 


Reading 2, ജോഷ്വാ 22: 30-23: 1 : സമാധാനം പുനസ്ഥാപിക്കുന്ന കർത്താവ്

30 : റൂബന് ‍- ഗാദ് - മനാസ്‌സെ ഗോത്രങ്ങള്‍ പറഞ്ഞ ഈ വാക്കുകേട്ട് പുരോഹിതനായ ഫിനെഹാസും അവന്റെ കൂടെയുണ്ടായിരുന്ന ശ്രേഷ്ഠന്‍മാരും ഇസ്രായേലിലെ ഗോത്രത്തലവന്‍മാരും തൃപ്തരായി.  

31 : പുരോഹിതനായ എലെയാസറിന്റെ മകന്‍ ഫിനെഹാസ് അവരോടു പറഞ്ഞു: കര്‍ത്താവ് നമ്മുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങള്‍ അറിയുന്നു. എന്തെന്നാല്‍, നിങ്ങള്‍ കര്‍ത്താവിനെതിരേ അകൃത്യം ചെയ്തില്ല. നിങ്ങള്‍ ഇസ്രായേല്‍ ജനത്തെ കര്‍ത്താവിന്റെ കോപത്തില്‍നിന്നു രക്ഷിച്ചിരിക്കുന്നു.  

32 : പുരോഹിതനായ എലെയാസറിന്റെ മകന്‍ ഫിനെഹാസും സമൂഹനേതാക്കളും ഗിലയാദില്‍ റൂബന്‍ - ഗാദു ഗോത്രങ്ങളുടെ അടുക്കല്‍ നിന്നു കാനാന്‍ദേശത്തു തിരിച്ചുവന്ന്, ഇസ്രായേല്‍ജനത്തെ വിവരമറിയിച്ചു.  

33 : ഈ വാര്‍ത്ത ഇസ്രായേലിനെ സന്തോഷിപ്പിച്ചു. റൂബന്‍ - ഗാദു ഗോത്രങ്ങള്‍ വസിക്കുന്ന നാടു നശിപ്പിക്കാന്‍ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് അവര്‍ പിന്നീടു സംസാരിച്ചില്ല. അവര്‍ ദൈവത്തെ സ്തുതിച്ചു. 

34 : കര്‍ത്താവാണ് ദൈവം എന്നതിന് ഇതു നമ്മുടെ ഇടയില്‍ ഒരു സാക്ഷ്യമായിരിക്കും എന്നു പറഞ്ഞ് റൂബന്‍ - ഗാദു ഗോത്രങ്ങള്‍ ആ ബലിപീഠത്തിനു സാക്ഷ്യം എന്നു പേരിട്ടു. 

1 : ചുറ്റുമുള്ള ശത്രുക്കളെയെല്ലാം കീഴടക്കി കര്‍ത്താവ് ഇസ്രായേലിന് സ്വസ്ഥത നല്‍കി. അങ്ങനെ ഏറെക്കാലം കഴിഞ്ഞു. ജോഷ്വ വൃദ്ധനായി. 


Reading 3, ഹെബ്രായര്‍ 5: 1-10 : കാരുണ്യവാനായ പ്രധാന പുരോഹിതൻ

1 : ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്.  

2 : അവന്‍ തന്നെ ബലഹീനനായതുകൊണ്ട്, അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും.  

3 : ഇക്കാരണത്താല്‍, അവന്‍ ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടിയെന്നപോലെ, സ്വന്തംപാപങ്ങള്‍ക്കുവേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു.  

4 : അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല.  

5 : അതുപോലെതന്നെ, ക്രിസ്തുവും പ്രധാനപുരോഹിതനാകുന്നതിനു തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. നീ എന്റെ പ്രിയപുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്ന് അവനോടു പറഞ്ഞവന്‍ തന്നെയാണ് അവനെ മഹത്വപ്പെടുത്തിയത്.  

6 : അവിടുന്ന് വീണ്ടും പറയുന്നു: മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്.  

7 : തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളുംയാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു.  

8 : പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു.  

9 : പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി. 

10 : എന്തെന്നാല്‍, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം അവന്‍ പ്രധാനപുരോഹിതനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടു.


Gospel, യോഹന്നാ‌ന്‍ 12: 20-26 : ഗോതമ്പുമണി നിലത്തു വീണഴിയണം

20 : തിരുനാളില്‍ ആരാധിക്കാന്‍ വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.

21 : ഇവര്‍ ഗലീലിയിലെ ബേത്‌സയ്ദായില്‍നിന്നുള്ള പീലിപ്പോസിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നു.

22 : പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു.

23 : യേശു പറഞ്ഞു: മനുഷ്യപുത്രന്‍മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.

24 : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.

25 : തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും.

26 : എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.


Back to Top

Never miss an update from Syro-Malabar Church