Daily Readings for Sunday December 03,2017

December 2017
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Nov   Jan > >>

Reading 1, Gen17:15 - 22 : ഇസഹാക്കിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പ്

15 : ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും.  

16 : ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉദ്ഭവിക്കും.  

17 : അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?  

18 : അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി.  

19 : ദൈവം അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെപ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും.  

20 : ഇസ്മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്റെ സന്തതികളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്‍മാര്‍ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും.  

21 : എന്നാല്‍, സാറായില്‍നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക.  

22 : അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവം അവനെ വിട്ടുപോയി. 


Reading 2, Is 43:1-7,10-11 : ഇസ്രായേലിനു രക്ഷ

1 : യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ്.  

2 : സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.  

3 : ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.  

4 : നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.  

5 : ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.  

6 : വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍ ആജ്ഞാപിക്കും. ദൂരത്തു നിന്ന് എന്റെ പുത്രന്‍മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍.  

7 : എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.   

10 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല.  

11 : ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല. 


Reading 3, എഫേ 5:21-6:4 : കുടുംബം രക്ഷയുടെ വേദി

21 : ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍.  

ഭാര്യാഭര്‍ത്താക്കന്‍മാര്‍

22 : ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.  

23 : എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്‌സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും.  

24 : സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കണം.  

25 : ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.  

26 : അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി.  

27 : ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കുതന്നെപ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്.  

28 : അതുപോലെ തന്നെ, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്.  

29 : ആരും ഒരിക്ക ലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ക്രിസ്തു സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.  

30 : എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്.  

31 : ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും.  

32 : ഇത് ഒരു വലിയരഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇതു പറയുന്നത്.  

33 : ചുരുക്കത്തില്‍, നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം. 

മക്കളും മാതാപിതാക്കന്‍മാരും

1 : കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. അതുന്യായയുക്തമാണ്.  

2 : നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.  

3 : വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്‍പന ഇതത്രേ.  

4 : പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.


Gospel, ലൂക്കാ1:5-25 : യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പ്

5 : ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖ റിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.  

6 : അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.  

7 : അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.  

8 : തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ,  

9 : പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേ ശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്ക്ക് കുറിവീണു.  

10 : ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.  

11 : അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തു നില്‍ക്കുന്നതായി അവനു പ്രത്യക്ഷപ്പെട്ടു.  

12 : അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു.  

13 : ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം.  

14 : നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്‌ളാദിക്കുകയുംചെയ്യും.  

15 : കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും.  

16 : ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും.  

17 : പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേ പോകും.  

18 : സഖറിയാ ദൂതനോടു ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. 

19 : ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.  

20 : യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.  

21 : ജനം സഖറിയായെ കാത്തുനില്‍ക്കു കയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അദ്ഭുതപ്പെട്ടു. 

22 : പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന് സഖറിയായ്ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അവന് ഏതോ ദര്‍ശ നമുണ്ടായി എന്ന് അവര്‍ മനസ്‌സിലാക്കി. അവന്‍ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്തു.  

23 : തന്റെ ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കു പോയി.  

24 : താമസിയാതെ അവന്റെ ഭാര്യ എലിസബത്ത് ഗര്‍ഭം ധരിച്ചു. അഞ്ചു മാസത്തേക്ക് അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു:  

25 : മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപ മാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു.


Back to Top

Syro Malabar Live