Daily Readings for Sunday August 20,2017

August 2017
S M T W T F S
  12345
6789101112
13141516171819
20212223242526
2728293031  
<< Jul   Sep > >>

Reading 1, ലേവ്യ23:33-44 : കൂടാരത്തിരുനാള്‍

33 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:  

34 : ഇസ്രായേല്‍ ജനത്തോടു പറയുക, ഏഴാംമാസം പതിനഞ്ചാം ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് കര്‍ത്താവിന്റെ കൂടാരത്തിരുനാളാണ്.  

35 : ആദ്യദിവസം ഒരു വിശുദ്ധസമ്മേളനം കൂടണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.  

36 : ഏഴുദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം. എട്ടാംദിവസം വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം; കര്‍ത്താവിനു ദഹനബലിയും അര്‍പ്പിക്കണം. ഇത് ആഘോഷത്തോടുകൂടിയ സമ്മേളനമാണ്. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.  

37 : കര്‍ത്താവിനു ദഹനബലിയും ധാന്യബലിയും പാനീയബലിയും മറ്റു ബലികളും അര്‍പ്പിക്കേണ്ടതും വിശുദ്ധസമ്മേളനമായി നിങ്ങള്‍ പ്രഖ്യാപിക്കേണ്ടതും ആയ കര്‍ത്താവിന്റെ നിര്‍ദിഷ്ട തിരുനാളുകളാണ് ഇവ.  

38 : കര്‍ത്താവിന്റെ സാബത്തിനും കര്‍ത്താവിനു നല്‍കുന്ന വഴിപാടുകള്‍ക്കും കാഴ്ചകള്‍ക്കും സ്വാഭീഷ്ടബലികള്‍ക്കും പുറമേയാണ് ഇവ.  

39 : ഏഴാംമാസം പതിനഞ്ചാം ദിവസം വയലിലെ വിളവുശേഖരിച്ചതിനുശേഷം ഏഴുദിവസം നിങ്ങള്‍ കര്‍ത്താവിന് ഒരു തിരുനാള്‍ ആചരിക്കണം. ആദ്യദിവസവും എട്ടാം ദിവസവും സാബത്തായിരിക്കണം.  

40 : ഒന്നാം ദിവസം ഭംഗിയുള്ള പഴങ്ങളും ഈന്തപ്പനയോലയും ഇലതൂര്‍ന്ന ചില്ലകളും ആറ്റരളിക്കൊമ്പുകളും എടുക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ ഏഴുദിവസം സന്തോഷിച്ചാഹ്‌ളാദിക്കണം.  

41 : വര്‍ഷംതോറും ഏഴുദിവസം കര്‍ത്താവിന്റെ തിരുനാളായി ആഘോഷിക്കണം. നിങ്ങളുടെ സന്തതികള്‍ക്കുള്ള ശാശ്വത നിയമമാണിത്. ഏഴാംമാസത്തില്‍ ഈ തിരുനാള്‍ നിങ്ങള്‍ ആഘോഷിക്കണം.  

42 : ഏഴു ദിവസത്തേക്ക് നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം.  

43 : ഈജിപ്തുദേശത്തു നിന്നു ഞാന്‍ ഇസ്രായേല്‍ ജനത്തെ കൊണ്ടുവന്നപ്പോള്‍ അവര്‍ കൂടാരങ്ങളിലാണു വസിച്ചത് എന്നു നിങ്ങളുടെ സന്തതിപരമ്പര അറിയാന്‍ ഇസ്രായേല്‍ക്കാരെല്ലാവരും കൂടാരങ്ങളില്‍ വസിക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.  

44 : ഇപ്രകാരം മോശ ഇസ്രായേല്‍ ജനത്തോട് കര്‍ത്താവിന്റെ നിര്‍ദിഷ്ടതിരുനാളുകള്‍ പ്രഖ്യാപിച്ചു.


Reading 2, ഏശയ്യാ 28:14-22 : തിന്മ ചെയ്യുന്ന ജനത്തിന് താക്കീത്

14 : ജറുസലെമില്‍ ഈ ജനത്തെ ഭരിക്കുന്ന നിന്ദകരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.  

15 : മരണവുമായി ഞങ്ങള്‍ ഒരു ഉടമ്പടിയുണ്ടാക്കി; പാതാളവുമായി ഞങ്ങള്‍ക്കൊരു കരാറുണ്ട്. മഹാമാരി പാഞ്ഞുവരുമ്പോള്‍ അതു ഞങ്ങളെ സ്പര്‍ശിക്കുകയില്ല. എന്തെന്നാല്‍, വ്യാജമാണു ഞങ്ങളുടെ അഭയം, നുണയാണു ഞങ്ങളുടെ സങ്കേതം എന്നു നിങ്ങള്‍ പറഞ്ഞു.  

16 : അതിനാല്‍, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ ഞാന്‍ സീയോനില്‍ ഒരു കല്ല്, ശോധനചെയ്ത കല്ല്, അടിസ്ഥാനമായി ഇടുന്നു; വിലയുറ്റ മൂലക്കല്ല് ഉറപ്പുള്ള അടിസ്ഥാനമായി ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ചഞ്ചല ചിത്തനാവുകയില്ല.  

17 : ഞാന്‍ നീതിയെ അളവുചരടും, ധര്‍മ്മനിഷ്ഠയെ തൂക്കുകട്ടയും ആക്കും; കന്‍മഴ വ്യാജത്തിന്റെ അഭയസങ്കേതത്തെ തൂത്തെറിയും; പ്രവാഹങ്ങള്‍ അഭയകേന്ദ്രത്തെ മുക്കിക്കളയും.  

18 : മരണവുമായുള്ള നിങ്ങളുടെ ഉടമ്പടി അസാധുവാക്കും, പാതാളവുമായുള്ള കരാര്‍ നിലനില്‍ക്കുകയില്ല; അപ്രതിരോധ്യമായ മഹാമാരിയുടെ കാലത്ത് നീ അതിനാല്‍ തകര്‍ക്കപ്പെടും.  

19 : അതു കടന്നു പോകുമ്പോള്‍ നിന്നെ ഗ്രസിക്കും, പ്രഭാതംതോറും അത് ആഞ്ഞടിക്കും, പകലും രാത്രിയും അതുണ്ടാകും, അതിന്റെ വാര്‍ത്ത കേള്‍ക്കുന്നതുതന്നെ കൊടുംഭീതിയുളവാക്കും.  

20 : നിവര്‍ന്നു കിടക്കാന്‍ വയ്യാത്തവിധം കിടക്ക നീളം കുറഞ്ഞതും, പുതയ്ക്കാനാവാത്തവിധം പുതപ്പ് വീതിയില്ലാത്തതുമാണ്.  

21 : പെരാസിംപര്‍വതത്തില്‍ ചെയ്തതുപോലെ കര്‍ത്താവ് തന്റെ കൃത്യം നിര്‍വഹിക്കാന്‍ എഴുന്നേല്‍ക്കും. അവിടുത്തെ പ്രവൃത്തി ദുര്‍ഗ്രഹമാണ്. ഗിബയോന്‍താഴ്‌വരയില്‍ വച്ച് എന്നപോലെ അവിടുന്ന് ക്രുദ്ധനാകും. അവിടുത്തെ പ്രവൃത്തി ദുരൂഹമാണ്.  

22 : അതിനാല്‍, നിങ്ങള്‍ നിന്ദിക്കരുത്; നിന്ദിച്ചാല്‍, നിങ്ങളുടെ ബന്ധനങ്ങള്‍ കഠിനമാകും; ദേശം മുഴുവന്റെയുംമേല്‍ വരാനിരിക്കുന്ന നാശത്തെക്കുറിച്ചുള്ള, സൈന്യങ്ങളുടെ കര്‍ത്താവിന്റെ വിധി ഞാന്‍ കേട്ടു.


Reading 3, 2കൊറി 2:14-21 : പൗലോസിന്റെ വ്യഗ്രതയും ആകുലതയും

14 : ഇ താ, ഞാന്‍ മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറായിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് ഒരു ഭാരമായിരിക്കുകയില്ല. എന്തെന്നാല്‍, ഞാന്‍ കാംക്ഷിക്കുന്നത് നിങ്ങളെയാണ്, നിങ്ങള്‍ക്കുള്ളതല്ല. മക്കള്‍ മാതാപിതാക്കന്‍മാര്‍ക്കുവേണ്ടിയല്ല സമ്പാദിക്കേണ്ടത്; മറിച്ച് മാതാപിതാക്കന്‍മാര്‍ മക്കള്‍ക്കുവേണ്ടിയാണ്.  

15 : ഞാന്‍ അതീവസന്തോഷത്തോടെ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി എനിക്കുള്ളതെല്ലാം ചെല വഴിക്കുകയും എന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുംതോറും നിങ്ങള്‍ എന്നെ കുറച്ചുമാത്രമാണോ സ്‌നേഹിക്കേണ്ടത്?  

16 : ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ല എന്നു നിങ്ങള്‍ സമ്മതിക്കുമെങ്കിലും, നിങ്ങളെ കബളിപ്പിച്ച് സൂത്രത്തില്‍ വശപ്പെടുത്തുകയായിരുന്നുവെന്നു നിങ്ങള്‍ പറയുന്നു.  

17 : ഞാന്‍ നിങ്ങളുടെ അടുത്തേക്കയച്ച ആരെങ്കിലും വഴി ഞാന്‍ നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടോ?  

18 : തീത്തോസ് പോകണമെന്നു ഞാന്‍ നിര്‍ബന്ധിച്ചു. അവന്റെ കൂടെ ആ സഹോദരനെയും അയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചില്ലല്ലോ. ഒരേ ആത്മാവിലല്ലേ ഞങ്ങള്‍ പ്രവര്‍ത്തിച്ചത്? ഒരേ പാതയിലല്ലേ ഞങ്ങള്‍ നടന്നത്.  

19 : ഞങ്ങള്‍ നിങ്ങളുടെ മുമ്പില്‍ ഞങ്ങളെത്തന്നെന്യായീകരിക്കുകയായിരുന്നുവെന്നാണോ ഇത്രയും കാലം നിങ്ങള്‍ വിചാരിച്ചിരുന്നത്? പ്രിയപ്പെട്ടവരേ, ഞങ്ങള്‍യഥാര്‍ഥത്തില്‍ നിങ്ങളുടെ അഭ്യുന്നതിക്കുവേണ്ടി ദൈവസമക്ഷം സമസ്തവും ക്രിസ്തുവിലാണ് പ്രസംഗിച്ചിരുന്നത്.  

20 : ഒരു പക്‌ഷേ ഞാന്‍ വരുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന നിലയില്‍ നിങ്ങളെയും നിങ്ങള്‍ ആഗ്രഹിക്കുന്ന നിലയില്‍ എന്നെയും കാണാതിരിക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. കലഹവും അസൂയയും കോപവും മാത്‌സര്യവും അപവാദവും പരദൂഷണവും അഹന്തയും അസ്വസ്ഥതയും ആയിരിക്കുമോ കണ്ടെത്തുന്നത്?  

21 : ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ എന്റെ ദൈവം എന്നെ നിങ്ങളുടെ മുമ്പില്‍ എളിമപ്പെടുത്തുമോ എന്ന് എനിക്കു ഭയമുണ്ട്. നേരത്തേ പാപം ചെയ്തവരും, എന്നാല്‍ തങ്ങളുടെ അശുദ്ധിയെക്കുറിച്ചും വ്യഭിചാരത്തെക്കുറിച്ചും വിഷയാസക്തിയെക്കുറിച്ചും പശ്ചാത്തപിക്കാത്ത വരുമായ അനേകരെ ഓര്‍ത്തു വിലപിക്കേണ്ടിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു. 


Gospel, ലുക്കാ 16:19-31 : ധനവാനും ലാസറും

19 : ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു.  

20 : അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു.  

21 : ധനവാന്റെ മേശയില്‍നിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാന്‍ അവന്‍ ആഗ്രഹിച്ചു. നായ്ക്കള്‍വന്ന് അവന്റെ വ്രണങ്ങള്‍ നക്കിയിരുന്നു.  

22 : ആദരിദ്രന്‍മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു.  

23 : അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു.  

24 : അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്കണമേ! ഞാന്‍ ഈ അഗ്‌നിജ്വാലയില്‍ക്കിടന്ന്‌യാതനയനുഭവിക്കുന്നു.  

25 : അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.  

26 : കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല.  

27 : അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു.  

28 : എനിക്ക് അഞ്ചു സഹോദരന്‍മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്കു സാക്ഷ്യം നല്‍കട്ടെ.  

29 : അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ.  

30 : ധനവാന്‍ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും.  

31 : അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.


Back to Top

Syro Malabar Live